പ്രാര്‍ഥനയോടെ സ്വപ്നഭൂമിയിലേക്ക്
text_fieldsന്യൂദൽഹി: തൈംസ് നദിക്കുമുകളിൽ ഉയ൪ന്ന ഒളിമ്പിക് വളയങ്ങളേക്കാൾ തിളക്കമേറിയ പ്രതീക്ഷകൾ പേറി ഇന്ത്യയുടെ റെക്കോഡ് സംഘം ലണ്ടൻ ലക്ഷ്യമാക്കി യാത്രതുടങ്ങി. ഒളിമ്പിക്സ് ചരിത്രത്തിൽ മുമ്പെങ്ങുമില്ലാത്ത മെഡൽ പ്രതീക്ഷയുമായി ഇന്ത്യയുടെ ആദ്യ സംഘം രാജ്യത്തിന്റെ പ്രഥമ വ്യക്തിഗത ഒളിമ്പിക് സ്വ൪ണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ഒളിമ്പിക്സിന്റെ ആതിഥേയ നഗരിയായ ലണ്ടനിൽ വിമാനമിറങ്ങിയത്. നൂറ്റാണ്ടുകളുടെ കഥപറയുന്ന ആധുനിക ഒളിമ്പിക്സിൽ ഇന്ത്യ നിരവധി തവണ പങ്കാളിയായിട്ടുണ്ടെങ്കിലും ഇക്കുറി വ൪ധിത ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ് ഇന്ത്യ. ന്യൂദൽഹി ആതിഥ്യമൊരുക്കിയ കോമൺവെൽത് ഗെയിംസിലെ ചരിത്രനേട്ടവുമായി രാജ്യത്തെ കായിക പരിഷ്കരണത്തിന് തുടക്കം കുറിച്ച നടപടികളുടെ ആദ്യ ടെസ്റ്റാവും ലണ്ടനിലേത്.
ബെയ്ജിങ്ങിൽനിന്ന് ഒരു സ്വ൪ണവും രണ്ട് വെങ്കലവുമായി മടങ്ങിയ ഇന്ത്യ ഇക്കുറി 81 പേരുടെ റെക്കോഡ് സംഘവുമായാണ് ലണ്ടനിലേക്ക് പറക്കുന്നത്. വെയ്റ്റ് ലിഫ്റ്റിങ്, അമ്പെയ്ത്ത്, ഷൂട്ടിങ് ടീമുകൾ ഹീത്രു വിമാനത്താവളം വഴി ഒളിമ്പിക്സ് വില്ലേജുകളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഇന്ത്യയിൽനിന്ന് പുറപ്പെട്ടുകഴിഞ്ഞ അത്ലറ്റുകൾ വരും ദിവസങ്ങളിൽതന്നെ ലണ്ടനിലെ ഒളിമ്പിക്സ് വേദിയിൽ സ്ഥാനം പിടിക്കും. വിദേശത്തും സ്വദേശത്തുമായി മാസങ്ങൾ നീണ്ട കഠിന പരിശീലനവും പൂ൪ത്തിയാക്കിയാണ് അത്ലറ്റുകൾ പലരും ലണ്ടനിലെത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെതടക്കം പല ഗ്രാന്റ്പ്രീകളിലും പങ്കെടുത്ത് ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾ മികവിനെ മൂ൪ച്ചപ്പെടുത്തി. ഓരോ വ൪ഷവും പേരിനൊരു ഓട്ടുമെഡലുമായി നാട്ടിലേക്ക് മടങ്ങിയ സ്ഥാനത്തുനിന്നാണ് ഇന്ത്യയുടെ മാറ്റം. ഒളിമ്പിക്സ് ഹോക്കിയിലെ സ്വ൪ണ നേട്ടത്തിന് വിരാമം കുറിച്ചതോടെ രാജ്യം തീ൪ത്തും ശോഷിച്ചിടത്തുനിന്ന് കായികനേട്ടങ്ങളിലേക്കുള്ള പുതിയ നടത്തമാവും ലണ്ടനിൽ തുടക്കംകുറിക്കുന്നതെന്ന് മേലധികാരികളും അത്ലറ്റുകളും ഉറപ്പു നൽകുന്നു. കഴിഞ്ഞ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെന്ന നിലയിൽ മൂന്നുപേരാണ് ലണ്ടനിൽ ഇന്ത്യയുടെ സൂപ്പ൪ സ്റ്റാറുകൾ-ഷൂട്ടിങ് സുവ൪ണ താരം അഭിനവ് ബിന്ദ്ര, വെങ്കല ജേതാക്കളായ ബോക്സ൪ വിജേന്ദ൪ സിങ്, ഗുസ്തി താരം സുശീൽ കുമാ൪. ഇവ൪ക്കു പുറമെ മറ്റ് പല അത്ലറ്റുകളിൽ സാധ്യത കൽപിക്കുന്നതോടെ ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയൂടെ അടുത്തകാലത്തെങ്ങുമില്ലാത്ത കണക്കുകൂട്ടലുകളാണിത്. ഷൂട്ടിങ്, അമ്പെയ്ത്ത്, ബാഡ്മിന്റൺ, ഗുസ്തി എന്നീ മേഖലകൾക്കു പുറമെ അത്ലറ്റിക്സിലും ഇന്ത്യ ഇത്തവണ മെഡൽ സ്വപ്നം കാണുന്നു. വിവാദങ്ങളിൽ മുങ്ങിയെങ്കിലും ഇന്ത്യയുടെ ടെന്നീസ് ടീമും മെഡൽ നേടാൻ മികവുള്ളവരാണ്.
മലയാളിയായ സണ്ണി ജോസഫിനു കീഴിലുള്ള 11 അംഗ ഷൂട്ടിങ് ടീമാണ് മെഡൽ പ്രവചനങ്ങളിൽ മുന്നിൽ. ഏഴ് പുരുഷ-നാല് വനിതാ ഷൂട്ട൪മാരാണ് ഇന്ത്യക്കുവേണ്ടി കാഞ്ചി വലിക്കുന്നത്. ബിന്ദ്ര, ഗഗൻ നാരംഗ്, മാനവ്ജിത് സിങ്, രഞ്ജൻ സോധി, തുടങ്ങിയവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബോക്സിങ് റിങ്ങിൽ വിജേന്ദറടക്കമുള്ള എട്ടുപേരും അദ്ഭുതങ്ങൾ വിരിയിക്കാൻ കെൽപുള്ളവരാണ്. ഒളിമ്പിക് സംഘത്തിലെ ഇളം പ്രായക്കാരൻ ശിവഥാപ്പ മുതൽ വനിതാ താരം എം.സി മേരികോം വരെ രാജ്യത്തിന്റെ പ്രതീക്ഷ നിഴലിക്കുന്നു. അമ്പെയ്ത്തിൽനിന്ന് ദീപികാ കുമാരിയിലൂടെയാണ് രാജ്യം കൂടുതൽ പ്രതീക്ഷിക്കുന്നത്. ബാഡ്മിൻണിൽ ഇന്ത്യയുടെ സൂപ്പ൪ താരം സൈന നെഹ്വാളിന്റെ പേരാണ് കൂടുതൽ ഉയ൪ന്നു കേൾക്കുന്നത്. ചൈനീസ് വെല്ലുവിളിയെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ. മിക്സഡ് ഡബ്ൾസിൽ വി. ദിജു-ജ്വാല ഗുട്ട സഖ്യവും രാജ്യത്തിന്റെ സുവ൪ണ പ്രതീക്ഷക്ക് തിളക്കം നൽകുന്നു. ടെന്നിസ് ഡബിൾസിൽ രോഹൻബൊപ്പണ്ണ-മഹേഷ് ഭൂപതി സഖ്യവും, മിക്സഡ് ഡബ്ൾസിൽ ലിയാണ്ട൪ പേസ്-സാനിയ മി൪സ സഖ്യവും രാജ്യത്തിനു വേണ്ടി എയ്സ് പായിക്കും.
ട്രാക്ക് ആൻഡ് ഫീൽഡിൽ പുരുഷ വിഭാഗം ഡിസ്കസിൽ വികാസ് ഗൗഡ, വനിതാ വിഭാഗത്തിൽ കൃഷ്ണ പൂനിയ എന്നിവരിലാണ് ഇന്ത്യൻ കണക്കുകൂട്ടൽ. ഇരുവരും രാജ്യാന്തര തലത്തിലെ നിലവിലെ പ്രകടനത്തോട് കിടപിടിക്കുന്നവരാണ്. മലയാളി താരങ്ങളായ മയൂഖ ജോണി (ലോങ്ജമ്പ്), രഞ്ജിത് മഹേശ്വരി (ട്രിപ്പ്ൾ ജമ്പ്), കെ.ടി. ഇ൪ഫാൻ (നടത്തം), ടിന്റു ലൂക്ക (800 മീ.) എന്നിവരുടെ പ്രകടനങ്ങളും രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ജൂലൈ 27ന് ആരംഭിക്കുന്ന ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ സുശീൽ കുമാ൪ ഇന്ത്യൻ പതാകയേന്തി ടീമിനെ മുന്നിൽനിന്ന് നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
