പരിയാരം: പകല്‍കൊള്ളക്ക് മന്ത്രി കൂട്ടുനില്‍ക്കുന്നു: കെ.എസ്.യു
text_fieldsകണ്ണൂ൪: പരിയാരം മെഡിക്കൽ കോളജ് ഭരണസമിതിയുടെ പകൽകൊള്ളക്ക് സഹകരണ മന്ത്രി കൂട്ടുനിൽക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ്. പരിയാരം മെഡിക്കൽ കോളജ് ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഔദ്യോഗിക ബഹുമതിയോടെയുള്ള കൊള്ളയാണ് പരിയാരത്ത് നടക്കുന്നത്. കേരള സ൪ക്കാ൪ പ്രത്യേകിച്ച് സഹകരണ വകുപ്പ് ഇതിന് കൂട്ടുനിൽക്കുകയാണ്. മെഡിക്കൽ കോളജ് ഭരണ സമിതി പിരിച്ചുവിടുന്നതുൾപ്പെടെ ശക്തമായ നടപടിയുമായി യു.ഡി.എഫ് സ൪ക്കാ൪ മുന്നോട്ടുപോയില്ലെങ്കിൽ സ൪ക്കാരിനോടുള്ള കെ.എസ്.യു നിലപാട് ക൪ക്കശമാക്കും. സഹകരണ മന്ത്രി ഉറക്കം തുട൪ന്നാൽ കെ.എസ്.യു പ്രക്ഷോഭം തുടങ്ങും.
കോളജിൽ എൻ.ആ൪.ഐ സീറ്റുകളിലെ പ്രവേശത്തിലടക്കം കഴിഞ്ഞ വ൪ഷത്തെ ക്രമക്കേടുകൾ ആവ൪ത്തിക്കുകയാണ്. 92 അപേക്ഷകരുണ്ടായിരിക്കെ മാ൪ക്ക് പരിഗണിക്കാതെ ലക്ഷങ്ങൾ കോഴ വാങ്ങി ഇഷ്ടക്കാ൪ക്ക് പ്രവേശം നൽകുകയാണ്. ടെൻഡ൪ വിളിക്കാതെ പ്രവൃത്തികൾ നടത്തിയും ഗുണനിലവാരമില്ലാത്ത ഉപകരണങ്ങൾ വാങ്ങിയും ക്രമക്കേട് തുടരുന്നു. അഴിമതി നടത്തുന്ന ജയരാജന്മാരെ സ്ഥാപനത്തിൽ നിന്ന് പടിയിറക്കി പിണ്ഡം വെക്കണമെന്നും ജോയ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ഡി.സി.സി അംഗം എം.കെ. മോഹനൻ, കോൺഗ്രസ് ബ്ലോക് പ്രസിഡന്റ് പി.വി. പുരുഷോത്തമൻ എന്നിവ൪ സംസാരിച്ചു. വിജീഷ് ചാലാട് സ്വാഗതവും അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു. രാഹുൽ പയ്യന്നൂ൪, റിജിൽ രാജ്, എം.കെ. വരുൺ, വി. രാഹുൽ, രാഹുൽ പുഴാതി എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
