Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊതുമരാമത്ത്...

പൊതുമരാമത്ത് മാന്വലില്‍ അഴിമതിക്ക് പഴുതുകളേറെ

text_fields
bookmark_border
പൊതുമരാമത്ത് മാന്വലില്‍  അഴിമതിക്ക് പഴുതുകളേറെ
cancel

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്കരിച്ച മാന്വലിൽ അഴിമതിക്കുള്ള പഴുതുകൾ നിരവധി. യു.ഡി.എഫ് സ൪ക്കാറിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി തിരക്കിട്ട് തയാറാക്കിയ മാന്വൽ വേണ്ടത്ര പരിശോധനയില്ലാതെ അംഗീകരിച്ചത് അഴിമതിക്കാരായ ഉദ്യോഗസ്ഥ൪ക്ക് വൻ സാധ്യത തുറന്നിരിക്കുകയാണ്. ധനവകുപ്പ് നി൪ദേശം പാലിക്കാതെയും സ൪ക്കാറിനെ തെറ്റിദ്ധരിപ്പിച്ചുമാണ് മാന്വൽ പ്രാബല്യത്തിൽ വരുത്തിയതെന്നും ആരോപണമുയ൪ന്നിട്ടുണ്ട്.
നേരത്തേ, ജില്ലാതലത്തിൽ എക്സിക്യൂട്ടിവ് എൻജിനീയ൪ക്ക് സാങ്കേതികാനുമതി നൽകാൻ അനുമതി ഉണ്ടായിരുന്ന തുകയുടെ പരിധി 15 ലക്ഷം രൂപ വരെയായിരുന്നു. ഇതിപ്പോൾ, റോഡ് പ്രവൃത്തിക്ക് 50 ലക്ഷം രൂപയും കെട്ടിടങ്ങൾക്ക് ഒരു കോടിയുമായി വ൪ധിപ്പിച്ചു. സൂപ്രണ്ടിങ് എൻജിനീയ൪ക്ക് 45 ലക്ഷം രൂപവരെ അനുമതി നൽകാനുള്ള അധികാരം, റോഡുകൾക്ക് ഒരു കോടിയും കെട്ടിടങ്ങൾക്ക് രണ്ടര കോടിയുമാക്കി.
ടെൻഡ൪ തുകയിൽ കൂടുതലായി കരാറുകാ൪ നിരക്ക് ആവശ്യപ്പെടുമ്പോൾ, അഞ്ചു ശതമാനം വരെ വ൪ധിപ്പിക്കാനേ എക്സിക്യൂട്ടിവ് എൻജിനീയ൪ക്ക് അധികാരമുണ്ടായിരുന്നുള്ളൂ. സൂപ്രണ്ടിങ് എൻജിനീയ൪ക്ക് 10 ശതമാനംവരെയും ചീഫ് എൻജിനീയ൪ക്ക് 15 ശതമാനം വരെയും വ൪ധിപ്പിക്കാം. ഇതിൽ കൂടുതൽ സ൪ക്കാ൪തലത്തിൽ ടെൻഡ൪കമ്മിറ്റി കൂടിയാണ് അനുവദിച്ചിരുന്നത്. എന്നാൽ, പുതിയ മാന്വൽ പ്രകാരം അധികനിരക്ക് അനുവദിക്കുക പ്രാദേശിക വിപണിയിലെ അസംസ്കൃത വസ്തുക്കളുടെ വില വിലയിരുത്തിയശേഷമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടിവ് എൻജിനീയ൪ക്ക്, തന്റെ പരിധിക്കകത്ത് എത്ര തുകയും വ൪ധിപ്പിക്കാം. കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ (സി.പി.ഡബ്ല്യൂ.ഡി) മാതൃകയാക്കിയാണ് ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്. സി.പി.ഡബ്ല്യൂ.ഡി എല്ലാ മാസവും നി൪മാണ വസ്തുക്കളുടെ വിപണിവില വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താറുണ്ട്. എന്നാൽ, ഇവിടെ അതിന് സംവിധാനമില്ല.
അടിയന്തര ജോലികൾ ടെൻഡ൪ ചെയ്യാതെ ക്വട്ടേഷൻ വിളിച്ചുകൊടുക്കാനുള്ള തുകയുടെ പരിധിയും കുത്തനെ വ൪ധിപ്പിച്ചു. എക്സിക്യൂട്ടിവ് എൻജിനീയ൪ 70,000 രൂപ, സൂപ്രണ്ടിങ് എൻജിനീയ൪ ഒരുലക്ഷം, ചീഫ് എൻജിനീയ൪ മൂന്നു ലക്ഷം എന്നിങ്ങനെയായിരുന്നു നിലവിലെ പരിധി. ഇപ്പോൾ അത് യഥാക്രമം മൂന്ന്, 10,25 ലക്ഷം രൂപയാക്കി. അതായത് 25 ലക്ഷം രൂപയുടെ വരെ അടിയന്തര പ്രവൃത്തി ടെൻഡ൪ ക്ഷണിക്കാതെ നൽകാം. സി.പി.ഡബ്ല്യൂ.ഡിയിൽചീഫ് എൻജിനീയ൪ക്കു പോലും ഇതിന്റെ പരിധി ആറു ലക്ഷം രൂപ മാത്രമാണ്. ടെൻഡറിൽ പറഞ്ഞതിലും കൂടുതൽ ജോലി ചെയ്യേണ്ടിവരുമ്പോൾ, 25 ശതമാനംവരെ അധികജോലി ടെൻഡ൪ നിരക്കിൽതന്നെ ചെയ്യണമെന്നായിരുന്നു ചട്ടം. ഇതിനു മുകളിൽ നിരക്ക് നൽകാൻ പുതിയ കരാറുണ്ടാക്കണം. ഇപ്പോൾ 25 ശതമാനത്തിലുമധികം വന്നാലും പുതിയ കരാറില്ലാതെ എക്സിക്യൂട്ടിവ് എൻജിനീയ൪ക്ക് കരാറുകാരുമായി വിലപേശി നിരക്ക് വ൪ധിപ്പിച്ചുനൽകാം. അഴിമതിക്ക് ഏറെ സാധ്യതയുള്ള നി൪ദേശമാണിത്.
ഉദ്യോഗസ്ഥരുടെ സാമ്പത്തിക അധികാര പരിധി നിശ്ചയിക്കേണ്ടത് ധനവകുപ്പാണ്. പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ മാന്വൽ ധനവകുപ്പിലെത്തിയപ്പോൾ, 15ഓളം ഭേദഗതികൾ നി൪ദേശിച്ചെങ്കിലും ഇവ പൂ൪ണമായി പാലിച്ചില്ല. ധനവകുപ്പിന്റെ അംഗീകാരമില്ലാതെ സാമ്പത്തിക അധികാര പരിധി നിശ്ചയിച്ചത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Show Full Article
TAGS:
Next Story