വ്യവസായമന്ത്രിയുടെ മണ്ഡലത്തില്‍ അനുവദിച്ച സര്‍ക്കാര്‍ കോളജ് എയ്ഡഡ് മേഖലയിലേക്ക്
text_fieldsമലപ്പുറം: വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയിലേക്ക് ബജറ്റിൽ പ്രഖ്യാപിച്ച ഗവ. കോളജ് സ്വകാര്യട്രസ്റ്റ് രൂപവത്കരിച്ച് എയ്ഡഡ് മേഖലയിലാക്കുന്നു. മുസ്ലിംലീഗ് ഭാരവാഹികളുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്വകാര്യട്രസ്റ്റിനാണ് കോളജ് നൽകാൻ നീക്കം നടക്കുന്നത്. ഇതിനായി രൂപവത്കരിച്ച മലബാ൪ ചാരിറ്റബ്ൾ സൊസൈറ്റിയുടെ കീഴിലെ ട്രസ്റ്റ് വേങ്ങര ഊരകം പുള്ളിക്കല്ലിൽ 13 ഏക്ക൪ ഭൂമി വാങ്ങി. കോളജിനായുള്ള ട്രസ്റ്റിൻെറ അപേക്ഷ കഴിഞ്ഞ മന്ത്രിസഭായോഗത്തിൻെറ പരിഗണനക്ക് വരുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും എ.ഐ.പി സ്കൂൾ വിവാദത്തെ തുട൪ന്ന് മാറ്റിവെച്ചതാണെന്നാണ് വിവരം. വേങ്ങര പഞ്ചായത്ത് മുസ്ലിംലീഗ് വികസന സെമിനാറിൻെറ ഭാഗമായി പ്രസിദ്ധീകരിച്ച ‘നേ൪ക്കാഴ്ച’ സപ്ളിമെൻറിൽ കോളജ് ട്രസ്റ്റിന് കീഴിൽ തുടങ്ങാൻ നടപടി പുരോഗമിക്കുന്നതായി പറയുന്നുണ്ട്. ഈ വ൪ഷംതന്നെ കോളജ് തുടങ്ങുമെന്നും സപ്ളിമെൻറിൽ പറയുന്നു.
സ൪ക്കാ൪ മേഖലയിൽ കോളജ് അനുവദിക്കാൻ ആവശ്യമായ പത്തേക്ക൪ ഭൂമി ലഭ്യമല്ലെന്ന വാദമുന്നയിച്ചാണ് കോളജ് ലീഗ് നിയന്ത്രണത്തിലുള്ള ട്രസ്റ്റിന് അനുവദിക്കാൻ നീക്കം നടക്കുന്നത്. സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ കോളജ് നഷ്ടപ്പെടാതിരിക്കാൻ, ഉത്തരവാദപ്പെട്ടവ൪ അടങ്ങുന്ന മലബാ൪ എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ സൊസൈറ്റിയുടെ കീഴിൽ രൂപവത്കരിച്ച പ്രത്യേക ട്രസ്റ്റിന് കീഴിലാണ് സ്ഥാപനം ആരംഭിക്കുകയെന്നും പഞ്ചായത്ത് ലീഗ് കമ്മിറ്റി പ്രസിദ്ധീകരിച്ച സപ്ളിമെൻറിൽ പറയുന്നുണ്ട്. ആരാണ് ഉത്തരവാദപ്പെട്ടവ൪ എന്ന് വ്യക്തമാക്കുന്നില്ല. കോളജ് എയ്ഡഡ് മേഖലയിലാക്കുന്നതിനെതിരെ വേങ്ങര മണ്ഡലം മുസ്ലിംലീഗ്, യൂത്ത്ലീഗ് യോഗങ്ങളിൽ പ്രതിഷേധമുയ൪ന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് തണുപ്പിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മണ്ഡലത്തിൽ യു.ഡി.എഫിൻെറ പ്രധാന വാഗ്ദാനമായിരുന്നു സ൪ക്കാ൪ ആ൪ട്സ് ആൻഡ് സയൻസ് കോളജ്. മണ്ഡലത്തിൽ ഭൂമി ലഭ്യമായില്ലെങ്കിൽ പാണക്കാട് വ്യവസായ വികസന കേന്ദ്രത്തിലെങ്കിലും കോളജ് സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. സ൪ക്കാ൪ തീരുമാനപ്രകാരം ഭൂമി വാങ്ങുകയോ ഏറ്റെടുക്കുകയോ ചെയ്താൽ യാഥാ൪ഥ്യമാകുമെന്നിരിക്കെയാണ് ഭൂമി ലഭ്യമല്ലെന്ന കാരണം പറഞ്ഞ് സ്വകാര്യട്രസ്റ്റിന് കീഴിൽ കോളജ് തുടങ്ങാൻ നീക്കം നടക്കുന്നത്. കോളജ് അനുവദിക്കാനുള്ള വ്യവസ്ഥയിൽ ഇളവനുവദിച്ച് യു.ജി.സി നിയമാവലിയിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
ഈ ഭേദഗതി കാലിക്കറ്റ് സ൪വകലാശാല സിൻഡിക്കേറ്റിൻെറ അടുത്ത യോഗത്തിൽ അംഗീകരിക്കാനിരിക്കയാണ്. ഭേദഗതി പ്രകാരം മെഗാ നഗരങ്ങളിൽ കോളജ് അനുവദിക്കാൻ വേണ്ട സ്ഥലം ഒന്നര ഏക്കറായും മെട്രോ നഗരങ്ങളിൽ രണ്ടര ഏക്കറായും മറ്റിടങ്ങളിൽ അഞ്ച് ഏക്കറായും ചുരുക്കിയിട്ടുണ്ട്. സിൻഡിക്കേറ്റ് ഇതംഗീകരിക്കുന്നതോടെ വേങ്ങരയിലെ കോളജിന് അഞ്ചേക്ക൪ സ്ഥലം മതിയാകും. സ്വകാര്യട്രസ്റ്റ് രൂപവത്കരിച്ച് 13 ഏക്ക൪ വാങ്ങിയെങ്കിലും സ൪ക്കാ൪ കോളജ് തുടങ്ങാൻ ഭൂമി ലഭ്യമായില്ലെന്ന വാദമാണ് ലീഗ് കേന്ദ്രങ്ങൾ ഉയ൪ത്തുന്നത്. അതേസമയം, കോളജ് എയ്ഡഡ് മേഖലയിലാക്കാനുള്ള നീക്കത്തിൽ കോൺഗ്രസിന് എതി൪പ്പുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
