കാരായി രാജന്‍ റിമാന്‍ഡില്‍; വാഹനം വിട്ടുകിട്ടാന്‍ ഹരജി
text_fieldsവടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായി പൊലീസ് കസ്റ്റഡിയിലായിരുന്ന സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ റിമാൻഡ് ചെയ്തു. ഈ മാസം 26 വരെയാണ് വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് എം. ശുഹൈബ് റിമാൻഡ് ചെയ്തത്. കാരായി രാജനെ എറണാകുളം കാക്കനാട് ജയിലിലേക്ക് കൊണ്ടുപോയി.
ഫസൽ വധക്കേസിൽ പ്രതിയായ കാരായി രാജൻ എറണാകുളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് , ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലാവുന്നത്. അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് തിങ്കളാഴ്ച വടകര കോടതിയിൽ ഹാജരാക്കിയത്. ചോദ്യം ചെയ്യലിനിടയിൽ താൻ കുറ്റസമ്മത മൊഴി നൽകിയെന്ന വാദം ശരിയല്ലെന്ന് കാരായി രാജൻ അഡ്വ. കെ. വിശ്വൻ മുഖേന നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. മാധ്യമങ്ങളിൽ ഇപ്പോൾ വരുന്ന വാ൪ത്തകൾ തെറ്റാണ്. തെറ്റായ പ്രചാരണത്തിലൂടെ തന്നെ അപകീ൪ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇതിനിടെ, പ്രതി സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തനെ ബംഗളൂരുവിലെത്തിച്ച സി.പി.എം കണ്ണൂ൪ ജില്ലാ കമ്മിറ്റിയുടെ വാൻ വിട്ടു കിട്ടാൻ വടകര കോടതിയിൽ ഹരജി സമ൪പ്പിച്ചു. വാഹനം കഴിഞ്ഞ ദിവസം അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ഹരജി ഈ മാസം 19ന് പരിഗണിക്കും. പ്രതികളായ തട്ടോളിക്കര പാറയുള്ളതിൽ എം.സി. അനൂപ്, അഴിയൂ൪ ഇളംവെള്ളി മണപ്പാട്ട് ഇ.എം. ഷാജി, പാട്യം വണ്ണത്താൻ വീട്ടിൽ പി.സി. ഷിബു, പാട്യം മുതിയങ്ങ മീത്തലെ പുരയിൽ ശ്രീജിത്ത് എന്നിവരുടെ റിമാൻഡ് കാലാവധി 26 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
