ജില്ലാ പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍ 40 ശതമാനം കാര്‍ഷികമേഖലക്ക്
text_fieldsകൊച്ചി: ജില്ലാ പഞ്ചായത്തിൻെറ പദ്ധതിത്തുകയിൽ 40 ശതമാനം കാ൪ഷികോൽപ്പാദനം വ൪ധിപ്പിക്കുന്നതിന് മാറ്റിവെക്കുമെന്ന് നയപ്രഖ്യാപനം. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനും കൃഷി യന്ത്രവത്കരിക്കാനും പ്രാധാന്യം നൽകും. തെങ്ങു കയറ്റത്തിൽ യുവതീ യുവാക്കൾക്ക് പരിശീലനം നൽകാനും ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നു. കാ൪ഷികോത്സവത്തോടനുബന്ധിച്ചാണ് ജില്ലയുടെ കാ൪ഷിക നയം പ്രഖ്യാപിച്ചത്.
കൊപ്ര ശേഖരണത്തിന് ബ്ളോക് തലത്തിൽ നാളികേര വികസന ബോ൪ഡുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. കൊപ്ര ഉണക്കുയന്ത്രങ്ങൾ വ്യാപകമാക്കും. ക്ഷീരമേഖലയുടെ വികസനത്തിന് ഏഴു കോടി സഹായം നൽകും. ബ്ളോക്ക് പഞ്ചായത്തുകളുമായി ചേ൪ന്ന് സമഗ്ര നെൽകൃഷി വികസന പദ്ധതി നടപ്പാക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു.
ഭൂതത്താൻകെട്ടിന്സമീപം കാരുകുളത്ത് മത്സ്യവിത്തുൽപ്പാദന കേന്ദ്രം സ്ഥാപിക്കും. നേര്യമംഗലം കൃഷി ഫാമിൽ നാടൻ കോഴിപ്പാ൪ക്ക്, തീറ്റപ്പുൽക്കൃഷി എന്നിവ നടപ്പാക്കും. പൊക്കാളിക്കൃഷി വികസനത്തിന് ‘ഒരു നെല്ലും ഒരു മീനും’ പദ്ധതി ആവിഷ്കരിക്കും. കര നെൽക്കൃഷി പ്രോത്സാഹിപ്പിക്കും. പോത്തുവള൪ത്തലിന് പ്രാമുഖ്യം നൽകി അഞ്ചു ഗ്രാമങ്ങളെ പോത്തു ഗ്രാമങ്ങളായും ആടു വള൪ത്തലിന് പ്രാമുഖ്യം നൽകി അഞ്ചു ഗ്രാമങ്ങളെ ആടു ഗ്രാമങ്ങളായും പ്രഖ്യാപിക്കും. അങ്കമാലിയിലെ മുയൽഫാമിൽ വെള്ളെലികളെ വള൪ത്തും. ആലുവ തുരുത്തിലെ വിത്തുൽപ്പാദന കേന്ദ്രം ലോകനിലവാരത്തിലേക്കുയ൪ത്തും. മികച്ച യുവ ക൪ഷകനും കൃഷി ഓഫിസ൪മാ൪ക്കും അവാ൪ഡ് നൽകും. 1000 ഹെക്ട൪ സ്ഥലത്ത് കുടുംബശ്രീ മുഖേന പൈനാപ്പിൾ കൃഷി നടപ്പാക്കും. കാ൪ഷിക സ൪വകലാശാലയുടെ സബ് സെൻറ൪ മൂവാറ്റുപുഴ ആവോലിയിൽ ആരംഭിക്കും. കാലടിയിൽ റൈസ് പാ൪ക്കിന് മുൻഗണന നൽകും. ഹരിത പഞ്ചായത്ത് പദ്ധതിക്ക് തുടക്കമിടും.
പഞ്ചായത്ത് തോറും ലേബ൪ ബാങ്ക് രൂപവത്കരിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കും. 12ാം പഞ്ചവത്സരപദ്ധതിയിൽ കാ൪ഷികമേഖലയിലും അനുബന്ധരംഗങ്ങളിലും സ്ഥായിയായ നേട്ടവും സ്വയംപര്യാപ്തതയുമാണ് നയപ്രഖ്യാപനം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
