സംസ്ഥാനത്തിനാവശ്യം പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികള്‍ -മുഖ്യമന്ത്രി
text_fieldsബാലുശ്ശേരി: പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാണ് സംസ്ഥാനത്തിന് ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കക്കയം-പെരുവണ്ണാമൂഴി ടൂറിസം പദ്ധതിയുടെ ശിലാസ്ഥാപനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ടത്തെ പൈതൃക മേഖലയായി യുനെസ്കോ പ്രഖ്യാപിച്ചതോടെ ഒട്ടേറെ പരിമിതികൾ വന്നിട്ടുണ്ട്.
തീ൪ത്തും പരിസ്ഥിതി സൗഹൃദമായിരിക്കും സംസ്ഥാനത്തിൻെറ ടൂറിസം നയം. പരിസ്ഥിതി സംരക്ഷണമെന്നത് നാളേക്ക്കൂടി വേണ്ടിയുള്ള കരുതിവെപ്പാണ്. ഇന്നത്തെ കാഴ്ചപ്പാടു മാത്രമല്ല, നാളത്തെ തലമുറയുടെ സംരക്ഷണവും കണ്ടറിഞ്ഞുള്ള പ്രവ൪ത്തനമാണ് ഉണ്ടാകേണ്ടത്.
കേന്ദ്ര സ൪ക്കാറിൻെറ മതിയായ സഹായവും പങ്കാളിത്തവും ഉൾപ്പെടുത്തിക്കൊണ്ടുള്ള ടൂറിസം വികസന പദ്ധതികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കക്കയം പ്രദേശത്തെ ജനങ്ങളെ കാട്ടുമൃഗശല്യത്തിൽനിന്ന് സംരക്ഷിക്കാൻ കൃഷിക്കാരെ മാറ്റിനി൪ത്തി പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കക്കയം ജി.എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ അധ്യക്ഷത വഹിച്ചു. പദ്ധതി രൂപരേഖ പ്രകാശനം എം.കെ. രാഘവൻ എം.പി മുഖ്യമന്ത്രി ക്ക് നൽകി നി൪വഹിച്ചു. കെ. കുഞ്ഞമ്മത് മാസ്റ്റ൪ എം.എൽ.എ, ബാലുശ്ശേരി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മണി, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഗസ്റ്റിൻ കാരക്കാട്, ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സുനിൽ, ജില്ലാ പഞ്ചായത്ത് അംഗം കാവിൽ പി. മാധവൻ, ഗീതാചന്ദ്രൻ, സാലിയമ്മ ജെയിംസ്,ചീഫ്് എൻജിനീയ൪ രാധാമണി, ഡി.എഫ്.ഒ ഡോ. ആ൪. അദലരശൻ, എക്സി. എൻജിനീയ൪ ബോബി വ൪ഗീസ് എന്നിവ൪ സംസാരിച്ചു. പുരുഷൻ കടലുണ്ടി എം.എൽ.എ സ്വാഗതവും ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪ ഐ.എ.എസ് നന്ദിയും പറഞ്ഞു.
കക്കയം-പെരുവണ്ണാമൂഴി ടൂറിസം പദ്ധതിക്ക് കേന്ദ്ര ഫണ്ടിൽനിന്ന് അഞ്ച് കോടി രൂപയും സംസ്ഥാന സ൪ക്കാ൪ ഒന്നരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കേന്ദ്ര വിഹിതത്തിൽ കക്കയത്ത് പ്രവേശ കവാടം, നിരീക്ഷണ ടവറുകൾ, കഫറ്റീരിയ, ബോട്ടുജെട്ടി, ടോയ്ലറ്റ് ബ്ളോക്, ആംഫി തിയറ്റ൪, ക്രാഫ്റ്റ് ഷോപ്പ്, സ്പൈസ് ഗാ൪ഡൻ, ചൈൽഡ് പ്ളേ ഗ്രൗണ്ട് എന്നിവ നി൪മിക്കാനായി 2.19 കോടി രൂപയും പെരുവണ്ണാമൂഴിയിൽ നാലു ബോട്ടുജെട്ടികൾ, പവലിയൻ, ടോയ്ലറ്റ് ബ്ളോക്, നിരീക്ഷണ ടവ൪, തൂക്കുപാലം, കഫറ്റീരിയ, റോഡ് നി൪മാണം, പ്ളേ ഗ്രൗണ്ട്, ഇലക്ട്രിഫിക്കേഷൻ എന്നിവക്കായി 2.66 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
