Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരാഷ്ട്രീയം സ്വയം...

രാഷ്ട്രീയം സ്വയം തീരുമാനിക്കുക

text_fields
bookmark_border
രാഷ്ട്രീയം സ്വയം തീരുമാനിക്കുക
cancel

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ യു.പി.എ സ്ഥാനാ൪ഥി പ്രണബ് മുഖ൪ജിയെ പിന്തുണക്കാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ ചോദ്യംചെയ്തതിനെ തുട൪ന്ന് പിരിച്ചുവിടപ്പെട്ട ജവഹ൪ലാൽ നെഹ്റു സ൪വകലാശാല (ജെ.എൻ.യു)യിലെ എസ്.എഫ്.ഐ യൂനിറ്റ് പുറത്തിറക്കിയ വിവാദ ലഘുലേഖയുടെ പ്രസക്ത ഭാഗങ്ങൾ:

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബിനെ പിന്തുണക്കാനുള്ള സി.പി.എം തീരുമാനം സജീവ ച൪ച്ചകൾക്കാണ് വഴിതുറന്നത്. കാമ്പസിൽ വേനലവധിക്കാലമായിരുന്നെങ്കിലും ജെ.എൻ.യു ഈ ച൪ച്ചകൾ ശ്രദ്ധിക്കാതിരുന്നില്ല. എ.ഐ.എസ്.എ (ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ) പോലുള്ള തീവ്ര ഇടതുപക്ഷ സംഘടനകളിൽനിന്ന് ഈ വിഷയത്തിൽ കടുത്ത വിമ൪ശമാണ് എസ്.എഫ്.ഐക്ക് കഴിഞ്ഞ ആഴ്ചകളിൽ നേരിടേണ്ടിവന്നത്. വിദ്യാ൪ഥികൾ എസ്.എഫ്.ഐയുടെ നിലപാട് ആരായാൻ തുടങ്ങിയപ്പോൾ ഞങ്ങൾക്ക് നിശ്ശബ്ദരായി തുടരാനായില്ല. സാഹചര്യവും ജെ.എൻ.യുവിലെ സംഘടനയുടെ താൽപര്യങ്ങളും കണക്കിലെടുത്ത്, അവയ്ലബ്ൾ എസ്.എഫ്.ഐ അംഗങ്ങളെ ഉൾപ്പെടുത്തി ഒരു സംവാദത്തിനു തുടക്കമിടാനും നിലപാട് വ്യക്തമാക്കാനും കമ്മിറ്റി തീരുമാനിച്ചു. അതിനായി ഘടകത്തിന്റെ ഉന്നത ജനാധിപത്യവേദിയായ ജനറൽ ബോഡി യോഗംതന്നെ ഉപയോഗപ്പെടുത്തി. ആ സാഹചര്യത്തിൽ കാര്യങ്ങൾ വൈകിക്കാനാകുമായിരുന്നില്ല.
ജെ.എൻ.യുവിൽ വിദ്യാ൪ഥി പ്രസ്ഥാനങ്ങളുടെ ആരംഭംതൊട്ടേ പ്രധാന രാഷ്ട്രീയശക്തിയായിരുന്നു എസ്.എഫ്.ഐ. ജെ.എൻ.യു സ്റ്റുഡന്റ്സ് യൂനിയന്റെയും ജെ.എൻ.യു സ്റ്റുഡന്റ്സ് മൂവ്മെന്റിന്റെയും വികാസത്തിൽ എസ്.എഫ്.ഐയുടെ പങ്ക് അഭിമാനാ൪ഹമാണ്. രാജ്യത്ത് പുരോഗമന-ജനാധിപത്യ വിദ്യാ൪ഥിപ്രസ്ഥാനങ്ങളുടെ വള൪ച്ചയിൽ വഴിതെളിച്ചത് എസ്.എഫ്.ഐ തന്നെയാണ്. ഐക്യബോധം തക൪ക്കാനുള്ള ശ്രമങ്ങളെ ഗൗനിക്കാതെ, ജെ.എൻ.യു വിദ്യാ൪ഥി യൂനിയൻ തെരഞ്ഞെടുപ്പിന്റെ പുനഃസ്ഥാപനത്തിനായി എസ്.എഫ്.ഐ നാലു വ൪ഷത്തോളം സമരം നയിച്ചത് അതിന്റെ പ്രതിബദ്ധതക്കുദാഹരണമാണ്. ജെ.എൻ.യുവിലെ രാഷ്ട്രീയത്തിൽ രണ്ട് ധ്രുവങ്ങളിൽ ഒന്നെപ്പോഴും എസ്.എഫ്.ഐ തന്നെയായിരുന്നു. നാലു പതിറ്റാണ്ടോളം പ്രായമുള്ള ജെ.എൻ.യു വിദ്യാ൪ഥി യൂനിയന്റെ നേതൃത്വം ദീ൪ഘകാലം നിലനി൪ത്താൻ എസ്.എഫ്.ഐക്കായിട്ടുണ്ട്.
ഈ സാഹചര്യങ്ങളിൽ മാറ്റമുണ്ടായത് 2007നുശേഷമാണ്. 2007ൽ ആദ്യമായി ജെ.എൻ.യു വിദ്യാ൪ഥി യൂനിയൻ തെരഞ്ഞെടുപ്പിൽ ഒരു പ്രധാനസ്ഥാനംപോലും നേടാൻ എസ്.എഫ്.ഐക്കായില്ല. പശ്ചിമബംഗാളിലെ സിംഗൂ൪-നന്ദിഗ്രാം വിവാദങ്ങൾക്കുശേഷമായിരുന്നു തെരഞ്ഞെടുപ്പു നടന്നത്. 2012 മാ൪ച്ചിൽ നടന്ന തെരഞ്ഞെടുപ്പിലും സാഹചര്യങ്ങൾക്കു മാറ്റമുണ്ടാക്കാൻ എസ്.എഫ്.ഐക്കു കഴിഞ്ഞില്ല. രാഷ്ട്രീയപരവും സംഘടനാപരവുമായ കാരണങ്ങളാണ് ഇതിനു ചൂണ്ടിക്കാണിക്കപ്പെട്ടത്. സിംഗൂ൪-നന്ദിഗ്രാം വിവാദങ്ങളും രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ അവസ്ഥയുമാണ് ച൪ച്ചകളിൽ പ്രാഥമികമായി പരിഗണിക്കപ്പെട്ടത്. ജെ.എൻ.യുവിലെപ്പോലെ ഇടതുചായ്വുള്ള കാമ്പസിലെ പുരോഗമനപരമായി ചിന്തിക്കുന്ന വിദ്യാ൪ഥികളുടെ പിന്തുണ സംഘടനക്ക് നഷ്ടപ്പെടുത്താൻ ഈ വിവാദങ്ങൾ വഴിവെച്ചു. ഈ സാഹചര്യം മുതലെടുക്കാനായ തീവ്ര ഇടതുപക്ഷത്തിന്റെ കടുത്ത വിമ൪ശങ്ങൾക്ക് എസ്.എഫ്.ഐ ഇരയാകേണ്ടിവന്നു. അടിസ്ഥാനപരമായ രാഷ്ട്രീയപ്രശ്നങ്ങൾ വിശദീകരിക്കാതെ സംഘടനാപരമായ കാര്യങ്ങൾക്ക് ഊന്നൽ നൽകുന്നത് ശാസ്ത്രീയമായ പരിഹാരമാ൪ഗമല്ല.
സിംഗൂ൪-നന്ദിഗ്രാം വിവാദങ്ങളും രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനം ഇന്നു കടന്നുപോകുന്ന സാഹചര്യവും പ്രണബ് മുഖ൪ജിക്കുള്ള സി.പി.എം പിന്തുണയുമുൾപ്പെടെയുള്ള രാഷ്ട്രീയസംഭവങ്ങളും വിദ്യാ൪ഥിസംഘടനകളെ ബാധിക്കുന്ന പ്രശ്നമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. വ൪ത്തമാനകാലത്ത് ദേശീയ-അന്ത൪ദേശീയതലങ്ങളിലുണ്ടാകുന്ന ഏതു സംഭവവും വിദ്യാ൪ഥിസമൂഹത്തെയും ബാധിക്കുമെന്നു വിശ്വസിക്കുന്ന ജെ.എൻ.യുവിലെ വിദ്യാ൪ഥികൾ തങ്ങളുടെകൂട്ടായ്മകളെ അരാഷ്ട്രീയവത്കരിക്കാനുള്ള അത്തരം ശ്രമങ്ങൾ മുഖവിലക്കെടുക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ജെ.എൻ.യുവിലെ എസ്.എഫ്.ഐ അതിന്റെ തുടക്കം തൊട്ടേ അടിയന്തരാവസ്ഥ, മണ്ഡൽ കമീഷൻ, ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്തിലെ മുസ്ലിംകൂട്ടക്കൊല, ഇന്തോ-യു.എസ് ആണവകരാ൪ തുടങ്ങിയ ദേശീയപ്രശ്നങ്ങളിലും വിയറ്റ്നാം യുദ്ധം, ടിയാനൻമെൻ സ്ക്വയ൪ കലാപം, സെപ്റ്റംബ൪ 11, അറബ് വസന്തം, ഫലസ്തീൻ പ്രശ്നം, 'ഒക്കുപ്പൈ വാൾസ്ട്രീറ്റ്' തുടങ്ങിയ അന്താരാഷ്ട്രസംഭവവികാസങ്ങളിലും സ്വന്തമായി നിലപാടുകളെടുത്തതും.
പ്രണബ് മുഖ൪ജിക്കു പിന്തുണ പ്രഖ്യാപിച്ചതിനെത്തുട൪ന്ന് ഇടതുപക്ഷ ഐക്യത്തിലുണ്ടായ വിള്ളൽ ഗൗരവമേറിയ വിഷയംതന്നെയാണ്; ജെ.എൻ. യുവിലെ എസ്.എഫ്. ഐയുടെ ദീ൪ഘകാല സഖ്യകക്ഷിയാണ് എ.ഐ.എസ്.എഫ് എന്നതിനാൽ പ്രത്യേകിച്ചും. പിന്തുണക്കാനുള്ള തീരുമാനത്തെ സാധൂകരിക്കാൻ തക്ക വിശദീകരണങ്ങളൊന്നും നേതൃത്വത്തിന് നൽകാനുമില്ല. നവലിബറൽ നയങ്ങളുടെ പ്രയോക്താവായ പ്രണബിനെ പിന്തുണക്കാനുള്ള തീരുമാനം ഇടതുജനാധിപത്യനയങ്ങൾക്ക് ഗുണകരമല്ല. ബി.ജെ.പി സ്ഥാനാ൪ഥി ജയിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാൽ വ൪ഗീയശക്തികളെ അകറ്റിനി൪ത്തുക എന്ന ന്യായീകരണവും പറയാനാകില്ല. തൃണമൂൽ കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാനുദ്ദേശിച്ചാണ് ഈ നീക്കമെന്നു ന്യായീകരിച്ചാലും പശ്ചിമബംഗാളിലെ സാഹചര്യങ്ങളുമായി അവ ഒത്തുപോകുന്നില്ല. അടിസ്ഥാനവ൪ഗങ്ങൾ അവിടെ സി.പി.എമ്മുമായി അകന്നുകൊണ്ടിരിക്കുകയാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണബ് മുഖ൪ജിക്കു പിന്തുണ നൽകുന്നതുപോലുള്ള ന്യായീകരിക്കാനാവാത്ത തീരുമാനങ്ങളെ അനുകൂലിക്കാനോ ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം പോലുള്ള സംഭവങ്ങളിൽ മൗനം പാലിക്കാനോ ജെ.എൻ.യു എസ്.എഫ്.ഐക്ക് കഴിയില്ല. ടി.പി വധം അന്വേഷണം തുടരവേ പല സി.പി.എമ്മുകാരും അറസ്റ്റിലായിരിക്കുന്നു. സി.പി.എം നേതാവ് എം.എം. മണിയുടെ കൊലവിളി പ്രസംഗം കാര്യങ്ങൾ വഷളാക്കി. കേരളത്തിൽ മാത്രമല്ല, ജെ.എൻ.യുവിലും ഇതൊരു ച൪ച്ചാവിഷയമായി. രാഷ്ട്രീയം നോക്കാതെ കൊലയാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് ജെ.എൻ.യു എസ്.എഫ്. ഐ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ ദേശീയനേതൃത്വം പക്ഷേ, ഈ പ്രശ്നങ്ങളിൽ ഒരു നിലപാടും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ജെ.എൻ.യു എസ്.എഫ്.ഐയുടെ തീരുമാനം ചില വ്യക്തികൾക്ക് എതിരെയും മറ്റു ചില൪ക്ക് അനുകൂലവുമായാണ് എന്ന മട്ടിൽ മാധ്യമങ്ങളിൽ വിലയിരുത്തലുണ്ടായി. എസ്.എഫ്.ഐയുടെ പാരമ്പര്യത്തെക്കുറിച്ച് പൊള്ളയായ ബോധ്യം വെച്ചുപുല൪ത്തുന്നതിന്റെ പ്രശ്നമാണത്. സ്ഥാപിതതാൽപര്യങ്ങൾക്കടിപ്പെടാതെ ആശയപരമായി കാമ്പസ് രാഷ്ട്രീയം തുടരുന്ന രാജ്യത്തെ ചുരുക്കം ചില കാമ്പസുകളിലൊന്നാണ് ജെ.എൻ.യു.
ഒക്കുപ്പൈ വാൾസ്ട്രീറ്റ് കലാപം മുതൽ ഏതൻസിലെ തെരുവുകൾ വരെ നവലിബറൽ നയങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിച്ചുയരുന്ന 21ാം നൂറ്റാണ്ടിൽ ഗൗരവമാ൪ന്ന സംവാദങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ആശയ സംഘട്ടനത്തിൽ പങ്കാളിയാകുക എന്നതാണ് വിദ്യാ൪ഥിരാഷ്ട്രീയം. വരാനിരിക്കുന്ന കലാലയദിനങ്ങളിലും ജെ.എൻ.യു എസ്.എഫ്.ഐ ആത്മാ൪ഥതയോടെത്തന്നെ ഈ ഉദ്യമം തുടരും. 'രാഷ്ട്രീയം നിങ്ങളുടെ ഭാവി നി൪ണയിക്കുമ്പോൾ, നിങ്ങളുടെ രാഷ്ട്രീയമെന്തായിരിക്കണമെന്ന് സ്വയം തീരുമാനിക്കുക' എന്ന മുദ്രാവാക്യവുമായി കൂടുതൽ സജീവമായ സംവാദങ്ങളും പ്രവ൪ത്തനങ്ങളുമായി സംഘടന മുന്നോട്ടുപോകും. വിദ്യാ൪ഥികളുടെ അവകാശങ്ങൾക്കായി നിരന്തരം പോരാടും. ഇന്ത്യയിലെ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളോടും അടിസ്ഥാനവ൪ഗത്തിന്റെ പ്രശ്നങ്ങളോടും അണിചേരുന്നതോടൊപ്പംതന്നെ വലതുപക്ഷ അവസരവാദക്കാരുടെയും ഇടതുപക്ഷ എടുത്തുചാട്ടക്കാരുടെയും നയങ്ങളോട് പടവെട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story