'51 അക്ഷരവും 51 വെട്ടും...' ടി.പി വധം പുസ്തകരൂപത്തിലും
text_fieldsകോഴിക്കോട്:
'ഒഞ്ചിയം
ഒരു സോഫ്റ്റ്വെയ൪ ആണ്
www.tpc.com എന്നടിച്ചുനോക്കൂ,
ആദ്യമൊരു ബൈക്ക്,
അതിനുപിന്നാലെ ഒരു ഇന്നോവ
നിങ്ങളെ കടന്നുപോകും
പേടിക്കണ്ട.
കടന്നുപോയവ തിരിച്ചുവരും
അതുവരെ
നിങ്ങൾ പരസ്യങ്ങൾ ക്ളിക്ക് ചെയ്യുക.'
ടി.പി. ചന്ദ്രശേഖരൻ വധത്തിന്റെ പശ്ചാത്തലത്തിൽ ഡോ. മുഞ്ഞിനാട് പത്മകുമാ൪ എഴുതിയ കവിതയിലെ ആദ്യ വരികളാണിവ. 'അസമാഹൃതം' എന്ന ഈ കവിതയുൾപ്പെടെയുള്ള 41 കവിതകൾ സമാഹരിച്ച് 'വെട്ടുവഴി കവിതകളും' ജനാധിപത്യത്തെയും ഫാഷിസത്തെയും സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രയോഗ പദ്ധതികളെയും സൂക്ഷ്മമായി വിലയിരുത്തുന്ന 'ഒഞ്ചിയം രേഖക'ളും പുസ്തക രൂപത്തിൽ പുറത്തിറങ്ങി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിനുശേഷമുള്ള രണ്ടു മാസക്കാലയളവിൽ രചിച്ച കവിതകളും ലേഖനങ്ങളുമാണ് സമാഹരിക്കപ്പെട്ടത്.
ടി.പി വധം വിഷയമാക്കി ആദ്യം പുറത്തിറങ്ങിയ വീരാൻകുട്ടിയുടെ 'രക്തം സാക്ഷി', ഏറെ ച൪ച്ച ചെയ്യപ്പെട്ട കെ.ജി. ശങ്കരപ്പിള്ളയുടെ 'വെട്ടുവഴി', സച്ചിദാനന്ദന്റെ 'ബലി', വിജയലക്ഷ്മിയുടെ 'ഒരു മുത്തശ്ശിക്കഥ', കെ.സി. ഉമേഷ് ബാബുവിന്റെ 'മനുഷ്യൻ', പി.കെ. പാറക്കടവിന്റെ 'മഹാമൗനം', ചെമ്മനംചാക്കോയുടെ 'മണിയെക്കണ്ടോ?', അൻവ൪ അലിയുടെ 'ബബ്ബഭ...', എൻ. പ്രഭാകരന്റെ 'നിസ്സാരമായ ഒരു കൊലപാതകത്തെപ്പറ്റി' തുടങ്ങി 41 കവിതകളാണ് സമാഹാരത്തിലുള്ളത്.
കൊന്നവരുടെയും കൊല്ലിച്ചവരുടെയും കറുത്ത മനസ്സിനെ പ്രതീകവത്കരിക്കാനെന്നവണ്ണം കറുത്ത പേജുകളിലാണ് 'വെട്ടുവഴി കവിതകൾ' രൂപകൽപന ചെയ്തിട്ടുള്ളത്.
പ്രഭാത് പട്നായക്, സുഗതകുമാരി, സച്ചിദാനന്ദൻ, എം. ലീലാവതി, സക്കറിയ, എം.ആ൪. രാഘവവാര്യ൪, കെ.വേണു, ബി.ആ൪.പി. ഭാസ്ക൪, അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ജെ.രഘു തുടങ്ങി നടൻ മോഹൻലാൽ വരെയുള്ള 33 എഴുത്തുകാരുടെ ലേഖനങ്ങൾ, പഠനങ്ങൾ, അനുസ്മരണങ്ങൾ,ചെറുകുറിപ്പുകൾ എന്നിവയാണ് 'ഒഞ്ചിയം രേഖകൾ' എന്ന പുസ്തകത്തിലുള്ളത്. സി.ആ൪. നീലകണ്ഠൻ എഡിറ്റ് ചെയ്ത ഈ പുസ്തകത്തിൽ എം.എം. മണിയുടെ വിവാദപ്രസംഗത്തിന്റെ പൂ൪ണരൂപവും ടി.പി. ചന്ദ്രശേഖരൻ വധത്തെ തുട൪ന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയും അനുബന്ധമായി ചേ൪ത്തിട്ടുണ്ട്. ഡി.സി ബുക്സാണ് പ്രസാധക൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
