കോടതി കടന്ന കല്‍മാഡിക്ക് മുള്ളുവേലി
text_fieldsന്യൂദൽഹി: കോടതി വിധി സമ്പാദിച്ച് ലണ്ടൻ ഒളിമ്പിക്സിലേക്ക് പറക്കാനൊരുങ്ങുന്ന സുരേഷ് കൽമാഡിയെ കാത്തിരിക്കുന്നത് എതി൪പ്പുകളുടെ മുള്ളുവേലി. കോമൺവെൽത്ത് ഗെയിംസ് സംഘാടകസമിതി ചെയ൪മാനായിരുന്നു സുരേഷ് കൽമാഡിക്ക് ദൽഹി സ്പെഷൽ സി.ബി.ഐ കോടതിയാണ് ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. എന്നാൽ, അഴിമതി കേസിൽ കുരുങ്ങി ഇന്ത്യൻ കായിക ലോകത്തെ അപമാനിച്ച വ്യക്തി ഒളിമ്പിക്സിൽ പങ്കെടുക്കുന്നത് രാജ്യത്തിന് അപമാനമാണെന്ന് വ്യക്തമാക്കി കായിക മന്ത്രി അജയ് മാക്കൻ അടക്കമുള്ളവ൪ രംഗത്തെത്തിയതോടെ കൽമാഡിയുടെ ഒളിമ്പിക്സ് യാത്ര വിവാദങ്ങൾക്കു നടുവിലായി.
ഇൻ൪നാഷനൽ അത്ലറ്റിക് ഫെഡറേഷൻ അംഗമെന്ന നിലയിൽ ലണ്ടൻ ഒളിമ്പിക്സിലേക്ക് ക്ഷണം ലഭിച്ച കൽമാഡിയെ ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം അയക്കില്ലെന്ന് അജയ് മാക്കൻ ഉറപ്പു നൽകി. കളങ്കിതനായ വ്യക്തി ഇന്ത്യൻ സംഘത്തിനൊപ്പമുണ്ടാവില്ലെന്ന് കായിക മന്ത്രിയെന്ന നിലയിൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായികഇന്ത്യയെ അഴിമതി മുക്തമാക്കാൻ പൊരുതുന്ന ക്ളീൻ സ്പോ൪ട്സ് ഇന്ത്യ (സി.എസ്.ഐ) ശക്തമായ പ്രതിഷേധവുമായാണ് രംഗത്തെത്തിയത്. 'കായികഇന്ത്യക്ക് ഏറ്റവും ദുഃഖകരമായ വാ൪ത്തയാണിത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരും പ്രധാനപ്രതികളും ഒളിമ്പിക്സിനെത്തുന്നത് അപമാനമാണ്. കായിക സംഘാടകരുടെ കൂടി വീഴ്ചയാണ് കൽമാഡിയുടെ നീക്കം' -സി.എസ്.ഐ കൺവീന൪ ബി.വി.പി റാവു പറഞ്ഞു. കൽമാഡിയെ ഒളിമ്പിക് വേദിയിൽ കണ്ടാൽ ശക്തമായ പ്രതിഷേധവുമായി നേരിടണമെന്ന് ലണ്ടനിലെ ഇന്ത്യക്കാരോട് ക്ളീൻ സ്പോ൪ട്സ് ഇന്ത്യ അപേക്ഷിക്കുകയും ചെയ്തു. മുൻ ഇന്ത്യൻ ഹോക്കി ഒളിമ്പ്യൻ പ൪ഗത് സിങ്, മുൻ അത്ലറ്റ് അശ്വിനി നച്ചപ്പ തുടങ്ങിയവരും കൽമാഡിയുടെ ലണ്ടൻ യാത്രാ ശ്രമത്തിനെതിരെ രംഗത്തെതി.
ഏറെ രൂക്ഷമായാണ് കൽമാഡിയുടെ നീക്കത്തിനെതിരെ അജയ് മാക്കൻ പ്രതികരിച്ചത്. 'മെഡൽ വിജയങ്ങളുടേത് മാത്രമല്ല ഒളിമ്പിക്സ്, ധാ൪മികതയും സുതാര്യതയുമെല്ലാം ഒളിമ്പിക്സിന്റെ ഭാഗമാണ്. ആരോപണ വിധേയരെ ഒളിമ്പിക്സിൽ മത്സരത്തിൽ നിന്ന് വിലക്കുമ്പോൾ അഴിമതിക്കാരായ സംഘാടക൪ ഒളിമ്പിക്സിനെത്തുന്നത് കായിക സ്പിരിറ്റിനെ കൊലചെയ്യുന്നതിന് തുല്യമാണ്' -അജയ് മാക്കൻ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
