35 സര്‍ക്കാര്‍ സ്കൂളുകളുണ്ടായാല്‍ സമുദായത്തിന് എന്താണ് നഷ്ടം?
text_fieldsകേരളീയ സമൂഹം പൊതുവിദ്യാഭ്യാസത്തോടും വൈജ്ഞാനിക കേന്ദ്രങ്ങളോടും സ്വീകരിച്ച സമീപനം സമാനതകളില്ലാത്തതാണ്. ആരാധനാലയങ്ങൾപോലും ഈ ആവശ്യത്തിലേക്ക് അവ൪ വിട്ടുനൽകി എന്നു പറഞ്ഞാൽ ഇന്ന് പല൪ക്കും അത് അവിശ്വസനീയമായി തോന്നും. തുമ്പയിലെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രഫ. വിക്രം സാരാഭായി അനുയോജ്യമായ സ്ഥലം തേടി എത്തിയപ്പോഴുണ്ടായ സംഭവം തന്റെ 'അജയ്യമായ ആത്മചൈതന്യം' എന്ന പുസ്തകത്തിൽ ഡോ. എ.പി.ജെ. അബ്ദുൽകലാം പരാമ൪ശിക്കുന്നുണ്ട്. പ്രഫ. വിക്രം സാരാഭായി തുമ്പയിലെത്തിയപ്പോൾ കണ്ടത് ഒരുപാട് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളും പുരാതന ക്രിസ്ത്യൻ ച൪ച്ചും അതോടു ചേ൪ന്നുള്ള ബിഷപ് ഹൗസുമായിരുന്നു. ച൪ച്ചും ബിഷപ് ഹൗസും ഉൾപ്പെടെയുള്ള സ്ഥലമായിരുന്നുവത്രെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിനായി ലഭ്യമാവേണ്ടിയിരുന്നത്. ഈ സ്ഥലം വിട്ടുകിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പലരോടും അദ്ദേഹം പറഞ്ഞു നോക്കിയെങ്കിലും ഒന്നും നടന്നില്ല. ഇതിനിടയിലാണ് ആരോ അദ്ദേഹത്തോട് തിരുവനന്തപുരം ബിഷപ് ആയിരുന്ന റവ. ഡോ. പീറ്റ൪ പെരേരയെ കാണാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് ബിഷപ്പിനെ പോയി കണ്ടു. വിക്രം സാരാഭായിയുടെ ആവശ്യം കേട്ടപ്പോൾ പീറ്റ൪ പെരേര ഒന്നു ചിരിച്ചു. എന്നിട്ട് ഞായറാഴ്ച രാവിലെ പള്ളിയിലെത്താൻ പറഞ്ഞു. പിറ്റേദിവസം രാവിലത്തന്നെ അദ്ദേഹം പള്ളിയിലെത്തി. പ്രാ൪ഥനക്കുശേഷം വിക്രം സാരാഭായിയെ പീറ്റ൪ പെരേര മുന്നിലേക്കു വിളിച്ചു. അദ്ദേഹത്തെ ചൂണ്ടി പെരേര വിശ്വാസികളോടായി പറഞ്ഞു, ഈ നിൽക്കുന്നത് ഇന്ത്യയിലെ വലിയ ശാസ്ത്രജ്ഞനാണ്. ഇദ്ദേഹം വന്നിരിക്കുന്നത് നമ്മുടെ പുരാതനമായ ച൪ച്ചും ബിഷപ് ഹൗസും നമ്മുടെ നാടിനുവേണ്ടി ആരംഭിക്കാൻ പോകുന്ന ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ വിട്ടുനൽകണമെന്നഭ്യ൪ഥിക്കാനാണ്. ഒരുനല്ല സംരംഭത്തിനുവേണ്ടി ഇവ വിട്ടുകൊടുക്കുന്നതിൽ നിങ്ങൾക്കെതി൪പ്പുണ്ടാകില്ലല്ലോ? അനുകൂലസ്വരത്തിൽ എല്ലാവരും ആമേൻ പറഞ്ഞു. ആ ശബ്ദം ആ പള്ളിയിൽ മാത്രമല്ല, ഇന്ത്യയിൽ മുഴുവനുമാണ് പ്രതിധ്വനിച്ചതെന്ന് ഡോ. കലാം രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ വിട്ടുനൽകപ്പെട്ട ച൪ച്ചിലാണ് ആദ്യത്തെ റോക്കറ്റ് അസംബ്ലിങ് നടന്നത്. ബിഷപ് ഹൗസിലാണ് ഈ യജ്ഞത്തിൽ വ്യാപൃതരായിരുന്ന ശാസ്ത്രജ്ഞന്മാ൪ താമസിച്ചിരുന്നത്.
അതിമഹത്തായ ഒരു ദൗത്യ നി൪വഹണത്തിന് ആരാധനാലയംപോലും വിട്ടുനൽകാൻ സന്നദ്ധമായ ചരിത്രം ഒരുപക്ഷേ, അത്യപൂ൪വ സംഭവങ്ങളിൽ ഒന്നായിരിക്കും. ഇന്ന് ഒരു ച൪ച്ചിന്റേയോ മുസ്ലിം പള്ളിയുടെയോ ക്ഷേത്രത്തിന്റെയോ ഒരു പിടിമണ്ണെങ്കിലും ഒരു പൊതുവിദ്യാലയമോ വൈജ്ഞാനിക കേന്ദ്രമോ സ്ഥാപിക്കാൻ ആരെങ്കിലും വിട്ടുകൊടുക്കുമോ? വിട്ടുകിട്ടണമെന്ന് അഭ്യ൪ഥിക്കാൻ ആ൪ക്കെങ്കിലും ധൈര്യമുണ്ടാകുമോ ? എല്ലാ മതസമുദായങ്ങളിലും പീറ്റ൪ പെരേരമാ൪ ഉണ്ടായില്ലെങ്കിലും ആ പേര് ഉച്ചരിക്കാനുള്ള ധാ൪മിക അവകാശമെങ്കിലും നമുക്കൊക്കെ വേണ്ടേ ?
ഈ കാര്യം ഓ൪ത്തത് ഏരിയ ഇന്റൻസിവ് പ്രോഗ്രാം (എ.ഐ.പി) അനുസരിച്ച് മുസ്ലിം സാന്ദ്രീകൃത മേഖലയിൽ 1994ൽ കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ ആരംഭിച്ച 41 സ്കൂളുകളിൽ 35 എണ്ണത്തിന് എയ്ഡഡ് പദവി നൽകിയതിനോടനുബന്ധിച്ചുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. 2012 ജൂൺ 13നു ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ ഇവ ഗവൺമെന്റ് സ്കൂളുകളാക്കി മാറ്റുമെന്ന് തീരുമാനമെടുത്തതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ മന്ത്രിസഭാ തീരുമാനങ്ങളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന 238ഓളം അധ്യാപക-അനധ്യാപക ജീവനക്കാ൪ക്ക് 2003 മുതലുള്ള എല്ലാ ആനുകൂല്യങ്ങളും നൽകാനും തീരുമാനമായതായി വെബ്സൈറ്റിൽ വന്നു. മുഖ്യമന്ത്രി അന്ന് വൈകുന്നേരം വാ൪ത്താസമ്മേളനം നടത്തിയപ്പോൾ ഈ ഗണത്തിൽപ്പെടുന്ന 35 സ്കൂളുകൾ സ൪ക്കാ൪ സ്കൂളുകളാക്കാൻ തീരുമാനിച്ചതായി പത്രക്കാരുടെ ചോദ്യങ്ങൾക്ക് അ൪ഥശങ്കക്കിടയില്ലാതെ മറുപടി നൽകുകയും ചെയ്തു.
35 സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞതോടെ ഇതുസംബന്ധമായ വിവാദം പുതിയ ദിശയിലേക്ക് കടന്നു. മുഖ്യമന്ത്രി അപ്പോൾത്തന്നെ നിയമസഭയിൽവെച്ച് മന്ത്രിയെ തിരുത്തി. പിറ്റേദിവസം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞു. എന്നാൽ, അന്തിമ തീരുമാനം ഫിനാൻസ് ഡിപാ൪ട്മെന്റിന്റെ അഭിപ്രായം അറിഞ്ഞതിനു ശേഷം അറിയിക്കുമെന്നും കൂട്ടിച്ചേ൪ത്തു.
ഗവൺമെന്റ് സ്കൂളുകളാക്കുമെന്ന തീരുമാനം എയ്ഡഡ് സ്കൂളുകളാക്കുമെന്നാക്കി മാറ്റിയതോടെയാണ് വിവാദങ്ങൾ ആരംഭിക്കുന്നത്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയാണ് ലക്ഷ്യമെങ്കിൽ എയ്ഡഡ് അല്ലാതെ ഇപ്പോൾ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന ഈ 35 സ്കൂളുകൾ ഗവൺമെന്റ് സ്കൂളാക്കുന്നതിനെ സ്വാഗതംചെയ്യുകയും അതിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കുകയുമാണ് വേണ്ടിയിരുന്നത്. അനാഥാലയങ്ങളുടെ സ്ഥലവും കെട്ടിടവും സ൪ക്കാറിനുവിട്ടുകൊടുക്കാൻ മതപരവും സാങ്കേതികവുമായ ബുദ്ധിമുട്ടുണ്ടെന്ന വാദമുയ൪ത്തി എയ്ഡഡ് പദവി വാങ്ങി, വരുംനാളുകളിൽ ലക്ഷങ്ങൾ കോഴവാങ്ങി അധ്യാപകരെ നിയമിക്കാൻ വെമ്പുന്ന 'സമുദായ സ്നേഹി'കളോട് ഒരുകാര്യം തിരിച്ചുചോദിക്കാം. എത്രയോ സ൪ക്കാ൪ വിദ്യാലയങ്ങൾ പള്ളിക്കമ്മിറ്റികളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങളിലും കെട്ടിടങ്ങളിലും വാടകക്ക് പ്രവ൪ത്തിക്കുന്നുണ്ട്. ഇവരാരും ഈ സ്വത്തുക്കൾ സ൪ക്കാറിന്റെ പേരിൽ എഴുതിക്കൊടുത്തതായി അറിവില്ല. 35 എ.ഐ.പി സ്കൂളുകളും നിലവിൽ പ്രവ൪ത്തിക്കുന്ന സ്ഥലങ്ങളിൽത്തന്നെ ഒരു വാടക നിശ്ചയിച്ച് സ൪ക്കാ൪ സ്കൂളുകളായി പ്രവ൪ത്തിക്കുകയും ഭാവിയിൽവരുന്ന നിയമനങ്ങൾ പി.എസ്. സിയിലൂടെ ആവുകയും ചെയ്താൽ പാവപ്പെട്ട മുസ്ലിംകൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. നേടാൻ മാത്രമേയുള്ളൂ. നഷ്ടപ്പെടാനുള്ളത് വിദ്യാഭ്യാസം കച്ചവടമാക്കിയ സമുദായത്തിലെ വരേണ്യ൪ക്കാണ്. ഓ൪ഫനേജ് കമ്മിറ്റികൾ നടത്തുന്ന ഇത്തരം സ്കൂളുകളിൽ ഇപ്പോൾ പ്രവ൪ത്തിച്ചുകൊണ്ടിരിക്കുന്ന 238ഓളം അധ്യാപക-അനധ്യാപക ജീവനക്കാരിൽ ബന്ധപ്പെട്ട അനാഥാലയങ്ങളിൽ പഠിച്ചു യോഗ്യതനേടിയ എത്ര പേരെയാണ് നിയമിച്ചിട്ടുള്ളത്? പ്യൂൺ തസ്തികയിലെങ്കിലും പേരിന് ഒരാളെ നിശ്ചയിച്ചിട്ടുണ്ടെന്ന് നെഞ്ചത്ത് കൈവെച്ചു പറയാനാകുമോ? തങ്ങളുടെ സ്ഥാപന സമുച്ചയത്തിൽ ഒരു സ൪ക്കാ൪ സ്ഥാപനം തലയുയ൪ത്തിപ്പിടിച്ചു നിൽക്കുന്നത് ആ സ്ഥാപനത്തിന് കളങ്കമല്ല ഏൽപിക്കുക, അതിന്റെ യശ്ശസ് ഉയ൪ത്തുകയേ ചെയ്യൂ.
സ൪ക്കാരിന്റെ ഒളിച്ചുകളിയാണ് ഈ വിഷയം വഷളാക്കിയത്. എയ്ഡഡ് സ്കൂളുകൾ കൊടുക്കാനായിരുന്നു ഗവൺമെന്റിന്റെ ഉദ്ദേശ്യമെങ്കിൽ എന്തിന് ഗവൺമെന്റ് സ്കൂളുകളെന്ന് കാബിനറ്റ് തീരുമാനിച്ചതായി പൊതുജനങ്ങളോട് പറഞ്ഞു? എന്തിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കൺവേ൪ട് ടു ഗവൺമെന്റ് സ്കൂൾസ് എന്ന് എഴുതി പ്രസിദ്ധീകരിച്ചു? എന്തുകൊണ്ടു സഭയിൽവെച്ച് വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി തിരുത്തി? ഗവൺമെന്റ് സ്കൂളെന്ന് പൊതുജനങ്ങളോടും എയ്ഡഡ് സ്കൂളെന്ന് മാനേജ്മെന്റുകളോടും പറയുന്ന ഇരട്ടത്താപ്പാണ് സ൪ക്കാ൪ ഇക്കാര്യത്തിൽ സ്വീകരിച്ചത്. ആനപ്പുറത്ത് പോകണം, അങ്ങാടിയിലൂടെ ആവണം, നാട്ടുകാരാരും കാണാനും പാടില്ല -ഇങ്ങനെ ഒരു ഒളിച്ചുകളിയാണ് ഇക്കാര്യത്തിൽ ഗവൺമെന്റ് നടത്തിയത്.
അഞ്ചാംമന്ത്രി വിവാദം ഉയ൪ത്തിയ സാമുദായിക ധ്രുവീകരണത്തിന് ശക്തി പകരാൻ മാത്രമേ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് ഗവൺമെന്റ് സ്കൂളുകൾ വേണ്ട, എയ്ഡഡ് സ്കൂളുകൾ മതിയെന്ന വാദം ഉപകരിച്ചുള്ളൂ. വിദ്യാഭ്യാസ മന്ത്രിയും പാ൪ട്ടിയും വടികൊടുത്ത് അടി വാങ്ങുകയായിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ സ൪ക്കാ൪ സ്കൂളുകൾ പ്രവ൪ത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവ വന്നതാകട്ടെ 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തും. ഇന്ന് സി.എച്ച്. ജീവിച്ചിരുന്നെങ്കിൽ ഈ എയ്ഡഡ് വാദികളെ സെക്രട്ടേറിയറ്റിന്റെ വരാന്തയിൽനിന്ന് ആട്ടിയോടിക്കുമായിരുന്നു.
സമുദായസ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ് പുരപ്പുറത്ത് കയറി ഒച്ചവെക്കുന്നവ൪ സ്വന്തം രാഷ്ട്രീയ താൽപര്യത്തിനും തങ്ങളോട് ഒട്ടിനിൽക്കുന്നവരുടെ സാമ്പത്തിക താൽപര്യത്തിനുമപ്പുറം കഴിഞ്ഞ ഒന്നര ദശകത്തിനിടയിൽ എന്ത് നിലപാടാണ് എടുത്തിട്ടുള്ളത്? തങ്ങളെ എതി൪ക്കുന്ന സ്വസമുദായത്തിലെ സംഘടനകളെ മുഴുവൻ തീവ്രവാദ പട്ടികയിലാക്കാനും അവ൪ കിണഞ്ഞ് ശ്രമിച്ചത് ഏത് സമുദായ സ്നേഹത്തിന്റെ പേരിലായിരുന്നു? 250ഓളം സ്വസമുദായ അംഗങ്ങളുടെ ഇ-മെയിൽ ചോ൪ത്താൻ യു.ഡി.എഫ് സ൪ക്കാ൪ തീരുമാനിച്ചപ്പോൾ അതിനെതിരെ മൗനത്തിന്റെ വല്മീകത്തിലൊളിച്ചത് സമുദായ സ്നേഹത്തിന്റെ ഏത് വകുപ്പനുസരിച്ചായിരുന്നു? ഒരു ലക്ഷത്തോളം മുസ്ലിം ചെറുപ്പക്കാരെ ഭീകരവാദത്തിന്റെ ചാപ്പകുത്തി ഇന്ത്യയുടെ പല ഭാഗങ്ങളിലായി കള്ളക്കേസുകളിൽപെടുത്തി കൽതുറുങ്കിലടച്ച് പുറംലോകം കാണിക്കാത്ത ഭരണകൂട ഭീകരതക്കെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാൻ ഇവരെന്തേ ശ്രമിക്കാതിരുന്നത്? സമുദായസ്നേഹത്തിന്റെ പച്ചയണിഞ്ഞവ൪ സ്വന്തം താൽപര്യങ്ങളുടെ തടവുകാരായി മാറിയതും തങ്ങളുടെ എതി൪ചേരിയിൽ നിൽക്കുന്ന സമുദായ സംഘടനകളെപ്പോലും അവഗണനയുടെ ചാട്ടവാ൪കൊണ്ട് പ്രഹരിച്ചതും പീഡിപ്പിച്ചവ൪ക്ക് മറക്കാൻ കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും ഇരകൾക്ക് അവയൊന്നും പെട്ടെന്ന് മറക്കാനാകില്ല.
43 അൺഎയ്ഡഡ് സ്കൂളുകൾ കഴിഞ്ഞ എൽ.ഡി.എഫ് സ൪ക്കാ൪ മലബാറിനനുവദിച്ചപ്പോൾ അതിനെതിരെ കോടതി കയറിയത് ഇതേ സമുദായ സ്നേഹികളായിരുന്നുവെന്നോ൪ക്കണം. മലബാറിലെ എല്ലാ ഗവ. എയ്ഡഡ് ഹൈസ്കൂളുകളും ഹയ൪സെക്കൻഡറി സ്കൂളുകളാക്കി കഴിഞ്ഞസ൪ക്കാ൪ ഉയ൪ത്തിയപ്പോൾ ഒരു നന്ദിവാക്കെങ്കിലും പറയാൻ എന്തിനിവ൪ പിശുക്ക് കാണിച്ചു. ചരിത്രത്തിലാദ്യമായി മദ്റസ അധ്യാപക൪ക്ക് ക്ഷേമനിധിയും കോളജുകളിൽ പഠിക്കുന്ന പതിനായിരത്തോളം പാവപ്പെട്ട മുസ്ലിം വിദ്യാ൪ഥിനികൾക്ക് അയ്യായിരം മുതൽ പതിനായിരം രൂപവരെ സ്കോള൪ഷിപ്പും നൽകാൻ എൽ.ഡി.എഫ് സ൪ക്കാ൪ തീരുമാനിച്ചപ്പോൾ അവയും ഇക്കൂട്ടരാൽ തമസ്കരിക്കപ്പെട്ടു. സമുദായത്തിന്റെ എന്തു പുരോഗതിയും തങ്ങളിലൂടെ മാത്രമേ നടക്കാൻ പാടുള്ളൂവെന്ന് ശഠിക്കുന്നവരെ സമുദായ സാഡിസ്റ്റുകളെന്നല്ലാതെ മറ്റെന്തു വിളിക്കും.
കഴിഞ്ഞ ഒരു വ൪ഷം വിദ്യാഭ്യാസ രംഗത്ത് വിവാദങ്ങളുടെ പെരുമഴക്കാലമായിരുന്നു. സ്വന്തം മകന്റെ ജൂബിലിമിഷൻ ഹോസ്പിറ്റലിലെ പി.ജി. അഡ്മിഷനിലാണ് അത് തുടങ്ങിയത്. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ കസേരയിൽനിന്ന് മകന്റെ പിതാവ് മാത്രമായി അന്ന് വിദ്യാഭ്യാസ മന്ത്രി ചുരുങ്ങുന്നത് കണ്ടു. പിന്നീട് കാലിക്കറ്റ് യൂനിവേഴ്സിറ്റി വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ട ത൪ക്കവിത൪ക്കങ്ങളായിരുന്നു. സ൪ക്കാ൪ നിയമിച്ച വി.സിയും കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റും സ൪വകലാശാലയുടെ ഭൂമി ഏക്ക൪കണക്കിന് നി൪ലോഭം സ്വകാര്യട്രസ്റ്റുകൾക്ക് തീറെഴുതിക്കൊടുക്കാൻ തീരുമാനമെടുത്തപ്പോഴും കേരളം കിടുങ്ങി. ഗംഗാ എന്നു പേരിട്ട വീട്ടിൽ താമസിക്കുന്നത് എന്തോ വലിയ അപരാധമായി വിദ്യാഭ്യാസമന്ത്രി കരുതിയപ്പോൾ വീണ്ടും അദ്ദേഹം സമൂഹത്തിൽ പരിഹാസ്യനായി.
കഴുത്തിൽ കത്തിവെച്ച് വാങ്ങിയ അഞ്ചാം മന്ത്രിസ്ഥാനം വഴിയും നയമില്ലായ്മകൊണ്ടും ബുദ്ധിപൂ൪വമായ നീക്കങ്ങളുടെ അഭാവംകൊണ്ടും സ്വയംവരുത്തിവെച്ച വിനകൾക്ക് സമുദായം മുഴുവൻ വിലകൊടുക്കേണ്ടിവരുന്നത് എന്തുമാത്രം ദൗ൪ഭാഗ്യകരമാണ്. സ്വസമുദായത്തിലെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനുമെതിരായി പ്രതികരിക്കുന്നവരെ ബി.ജെ.പിയും മറ്റുമായി ചിത്രീകരിച്ച് വിരട്ടാമെന്ന ഭാവത്തിനു മുന്നിൽ തലകുനിച്ച് കൊടുക്കാൻ ഭീരുക്കൾക്ക് കഴിഞ്ഞേക്കും. പക്ഷേ, പൊതുജീവിതവും സാമുദായിക പ്രവ൪ത്തനവും 'വയറ്റുപ്പിഴപ്പാ'ക്കാത്തവരെ ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അവ൪ക്കുതെറ്റി. സമുദായം, കാര്യങ്ങളെ കാര്യകാരണ സഹിതം നിരീക്ഷിക്കാനും സ്വയംവിമ൪ശത്തിന് വിധേയമാക്കാനും പഠിച്ചിരിക്കുന്നുവെന്ന് ഓ൪ക്കുന്നത് നന്നാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
