Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാരായി രാജനെ അഞ്ചു...

കാരായി രാജനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടു

text_fields
bookmark_border
കാരായി രാജനെ അഞ്ചു ദിവസം കസ്റ്റഡിയില്‍ വിട്ടു
cancel

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ചൊവ്വാഴ്ച എറണാകുളം ജില്ലാ ജയിലിൽ അറസ്റ്റ് രേഖപ്പെടുത്തിയ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ വടകര കോടതിയിൽ ഹാജരാക്കി അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്റ൪, പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ.കുഞ്ഞനന്തൻ എന്നിവരിൽനിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ, വ്യാഴാഴ്ച എ.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ യോഗം ചേ൪ന്ന് അന്വേഷണ സംഘം വരും ദിവസങ്ങളിൽ ചില നി൪ണായക അറസ്റ്റ് നടത്താൻ പദ്ധതി തയാറാക്കി. മോഹനൻ മാസ്റ്ററിൽനിന്ന് ലഭിച്ച വിവരങ്ങളുടെ പശ്ചാത്തലത്തിൽ കണ്ണൂ൪-കോഴിക്കോട് ജില്ലകളിലായി ഉടനെ ഏതാനും അറസ്റ്റുകൾ കൂടി ഉണ്ടായേക്കും. വ്യക്തമായ തെളിവുള്ളതിനാൽ അറസ്റ്റടക്കം തുട൪ നടപടികളുമായി മുന്നോട്ടുപോകാൻ ആഭ്യന്തര വകുപ്പ് അന്വേഷണ സംഘത്തിന് അനുമതി നൽകി. അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ ഫോൺ വിവരങ്ങൾ ചോ൪ത്തിയ സംഭവത്തിൽ ബി.എസ്.എൻ.എൽ നോഡൽ ഓഫിസ൪ക്ക് റൂറൽ എസ്.പി ടി.കെ. രാജ്മോഹൻ നോട്ടീസ് നൽകി. ആ൪ക്കുവേണ്ടി, ആര് വിവരം ചോ൪ത്തിയെന്ന് വ്യക്തമാക്കാനാണ് നോട്ടീസ്. ഇന്ന് മറുപടി ലഭിക്കുന്നതോടെ ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യും.
തലശ്ശേരി ഫസൽ വധകേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത് എറണാകുളം ജയിലിൽ റിമാൻഡിലായിരുന്ന കാരായി രാജനുമായി രാവിലെ ഏഴുമണിയോടെയാണ് പൊലീസ് വടകരക്ക് പുറപ്പെട്ടത്. ഉച്ചക്ക് 12.25ഓടെ വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച ഇയാൾക്ക് അഭിവാദ്യമ൪പ്പിക്കാൻ സി.പി.എം പ്രവ൪ത്തക൪ സംഘടിച്ച് നിന്നിരുന്നു. 12.30ന് കേസ് പരിഗണിച്ച കോടതി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയിൽ 14 ദിവസത്തേക്ക് റിമാൻഡ് രേഖപ്പെടുത്തി. അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടു. പ്രതിയെ ഈ മാസം 16ന് തിരികെ കോടതിയിൽ ഹാജരാക്കണം. 12.50ഓടെ കോടതിയുടെ നടപടിക്രമങ്ങൾ പൂ൪ത്തിയാക്കി. പിന്നീട് വടകര ഗവ. ആശുപത്രിയിൽ വൈദ്യപരിശോധന പൂ൪ത്തിയാക്കി വടകര പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി.
എ.ഐ.ജിയുടെ നേതൃത്വത്തിൽ ചേ൪ന്ന അടിയന്തര യോഗം അവസാനിച്ചശേഷം രാത്രിയോടെ രാജനെ വടകര ക്യാമ്പ് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനുമുമ്പ് ചൊക്ളിയിൽവെച്ച് കൊടി സുനിയുമായി ഗൂഢാലോചന നടത്തി, കൊലക്കുശേഷം ചൊക്ളിയിൽ രക്ഷപ്പെട്ടെത്തിയ ടി.കെ. രജീഷിനെ ഒളിപ്പിക്കാൻ സഹായിച്ചു, കൊല നടക്കുമെന്ന് അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ മറച്ചുവെച്ചു, കൊലയാളി സംഘത്തിനെ പലവിധത്തിൽ സഹായിച്ചു തുടങ്ങിയ വിവിധ കുറ്റങ്ങൾ കാരായി രാജനെതിരെ ചുമത്തിയിട്ടുണ്ട്. രോഗിയായ തനിക്ക് വൈദ്യപരിശോധന ലഭിക്കണമെന്നും ചോദ്യം ചെയ്യുന്നത് അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്നും രാജൻ കോടതിയോട് അപേക്ഷിച്ചു. വൈദ്യപരിശോധനക്ക് അനുമതി നൽകിയ കോടതി, മുഴുവൻ സമയവും അഭിഭാഷകന്റെ സാന്നിധ്യമെന്ന ആവശ്യം തള്ളി. ചുരുക്കം സമയങ്ങളിൽ മാത്രം അഭിഭാഷകന്റെ സാന്നിധ്യം കോടതി അനുവദിച്ചു.
കൊലനടന്ന മേയ് നാലിന് രാത്രി 11 മണിയോടെ കൊടിസുനിയുടെ മൊബൈൽ ഫോണിൽനിന്ന് ജില്ലാ നേതാവിലേക്ക് പോയ സന്ദേശം, ഒരു സംസ്ഥാന നേതാവിന് ഫോ൪വേ൪ഡ് ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ ഏറെ കരുതലോടെയാണ് അന്വേഷണസംഘം മുന്നോട്ടുപോകുന്നത്. ഈ ജില്ലാ-സംസ്ഥാന നേതാക്കളുടെ ഫോൺവിളി വിവരങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു. മേയ് നാലിന് രാത്രി 11 നുശേഷം ഇവ൪ പല പ്രധാന നേതാക്കളെയും വിളിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
കസ്റ്റഡിയിലുള്ള കാരായി രാജൻ, രജീകാന്ത്,ചെട്ടി ഷാജി, നന്മന്റവിട ബിജു എന്നിവരെ വ്യാഴാഴ്ച രാത്രി മുതൽ വിശദമായി ചോദ്യം ചെയ്തു തുടങ്ങി. ജൂലൈ 10 ന് വടകര കോടതിയിൽ കീഴടങ്ങിയ ഉടൻ റിമാൻഡ് ചെയ്യപ്പെട്ട കൊലയാളി സംഘാംഗം മാഹി പള്ളൂര് കണ്ണാടിക്കൽ ഷിനോജിനെ കോഴിക്കോട് ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡിന് വിധേയനാക്കി. കൊലക്കു ദൃക്സാക്ഷികളായ രണ്ട് വള്ളിക്കാട് സ്വദേശികൾ ഷിനോജിനെ തിരിച്ചറിഞ്ഞു. ഇയാളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

വധത്തിൽ പങ്കില്ലെന്ന് കാരായി രാജന്റെ സത്യവാങ്മൂലം

വടകര: ടി.പി. ചന്ദ്രശേഖരൻ വധത്തിൽ തനിക്ക് ഒരുബന്ധവുമില്ലെന്ന് വ്യക്തമാക്കി സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ സത്യവാങ്മൂലം നൽകി. താൻ സാമൂഹിക പ്രവ൪ത്തകനും ദീ൪ഘകാലമായി രാഷ്ട്രീയ മേഖലയിൽ പ്രവ൪ത്തിച്ചുവരുന്നതുമാണ്. തനിക്കെതിരെ യു.ഡി.എഫ് നേതാക്കൾ രാഷ്ട്രീയ വൈരാഗ്യത്തിൽ കള്ള തെളിവുകൾ ചമക്കുകയും കള്ളസാക്ഷി പറയിപ്പിച്ച് പ്രതിചേ൪ത്തതാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.

രോഗത്താൽ വലയുന്ന തന്നെ ശാരീരികമായും മാനസികമായും പീഡനത്തിന് വിധേയമാക്കി വ്യാജമൊഴികൾ രേഖപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ട്. തലശ്ശേരി പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ഈ മാസം 16ന് മറ്റൊരു കേസിൽ വിചാരണക്ക് ഹാജരാകാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും അന്ന് താൻ ഹാജരാകുമെന്നും അഡ്വ. കെ. ഹമീദ് മുഖേന നൽകിയ സത്യവാങ്മൂലത്തിൽ കാരായി വ്യക്തമാക്കി.

Show Full Article
TAGS:
Next Story