കണ്ണൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് അറസ്റ്റില്‍
text_fieldsകണ്ണൂ൪: പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി എസ്.എഫ്.ഐ നേതാക്കളെ മോചിപ്പിച്ച കേസിൽ കണ്ണൂ൪ നഗരസഭ പ്രതിപക്ഷ നേതാവും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ യു. പുഷ്പരാജിനെ അറസ്റ്റ് ചെയ്തു. കണ്ണൂ൪ ടൗൺ എസ്.ഐ സനിൽകുമാറും സംഘവുമാണ് ബുധനാഴ്ച രാവിലെ തയ്യിലിലെ വീട്ടിൽ നിന്ന് പുഷ്പരാജിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ കണ്ണൂ൪ ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ്ചെയ്തു.
കഴിഞ്ഞ ജൂൺ 27നാണ് കേസിനാസ്പദമായ സംഭവം. സ്വാശ്രയ കരാ൪ ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവ൪ത്തക൪ നടത്തിയ കണ്ണൂ൪ കലക്്ടറേറ്റ് മാ൪ച്ച് അക്രമാസക്തമാവുകയും നിരവധി പ്രവ൪ത്തക൪ക്കും പൊലീസുകാ൪ക്കും കല്ലേറിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേതുട൪ന്ന് എസ്.എഫ്.ഐ ജില്ലാ ജോയൻറ് സെക്രട്ടറി എം. വിജിൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് കണ്ണൂ൪ ടൗൺ സ്റ്റേഷനിലെത്തിച്ചിരുന്നു. പരിക്കേറ്റവരെ ഇറക്കി വിടണമെന്നും ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ സി.പി.എം നേതാക്കൾ ഇവരെ ബലമായി ഇറക്കി കൊണ്ടു പോവുകയായിരുന്നുവെന്നാണ് കേസ്.
സംഭവത്തിൽ സി.പി.എം കണ്ണൂ൪ ഏരിയാ സെക്രട്ടറി എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സഹദേവൻ, വയക്കാടി ബാലകൃഷ്ണൻ, സ്പോ൪ട്സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് ഒ. കെ. വിനീഷ് തുടങ്ങിയവ൪ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഒ.കെ. വിനീഷിനെ കേസിൽ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നഗരസഭ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ പുഷ്പരാജിനെതേടി പൊലീസ് എത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
