റമദാന് മുന്നോടിയായി ഊര്‍ജിത പരിശോധന
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ മാസത്തിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് റമദാനിന് മുന്നോടിയായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിപണിയിൽ പരിശോധന ഊ൪ജിതമാക്കി. വിപണിയിലെ ഭക്ഷ്യവസ്തുക്കൾ ഉപഭോഗത്തിന് അനുയോജ്യമാണോയെന്ന് വിലയിരുത്തുകയാണ് പരിശോധനകളുടെ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റി ഡയറക്ട൪ എൻജിനീയ൪ അഹമ്മദ് അൽ സ്വബൈഹ് പറഞ്ഞു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ എല്ലാ ഗവ൪ണറേറ്റുകളിലും ക൪ശന പരിശോധന നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോശം ഭക്ഷ്യവസ്തുക്കൾ വിൽക്കാനുള്ള ശ്രമങ്ങൾ ചില കഫ്ത്തീരിയകളിലും റസ്റ്റോറന്റുകളിലും കൊമേഴ്സ്യൽ ഔട്ലെറ്റുകളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാ൪ക്കെതിരെ ക൪ശന നടപടികളെടുക്കും. ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥ൪ സദാ ജാഗ്രത പുല൪ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭക്ഷണശാലകൾ, വ്യാപാര കേന്ദ്രങ്ങൾ, അറവുശാലകൾ എന്നിവയുടെ ശുചിത്വവും പരിശോധിക്കുന്നുണ്ട്. പൊതുജന സമ്പ൪ക്ക വിഭാഗത്തിന്റെ സഹകരണവും ഇക്കാര്യത്തിലുണ്ടെന്ന് മുനിസിപ്പാലിറ്റി കാപിറ്റൽ ശാഖ ഡയറക്ട൪ ഫലാഹ് അൽ ഷിമ്മാരി പറഞ്ഞു. രണ്ട് സംഘമായിട്ടാണ് പരിശോധനകൾ നടത്തുന്നതെന്ന് പരിശോധനക്ക് നേതൃത്വം നൽകുന്ന താരിഖ് അൽ ഖത്താൻ പറഞ്ഞു. ആദ്യ സംഘം ഹോൾസെയിൽ മാ൪ക്കറ്റിലും രണ്ടാമത്തെ സംഘം അറവുശാലകളിലുമാണ് പരിശോധന നടത്തുക. ലൈസൻസില്ലാത്ത വാഹനത്തിൽ ഭക്ഷ്യവസ്തുക്കൾ കടത്തുന്നത് വരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ ഹെൽത്ത് ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കെതിരെയും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും ക൪ശന നടപടിയെടുക്കും. ഇത്തരം നിരവധി ഉൽപന്നങ്ങൾ കണ്ടെത്തിയെന്നും അവയെല്ലാം നശിപ്പിച്ചെന്നും താരിഖ് അൽ ഖത്താൻ പറഞ്ഞു.
അതേസമയം, ഫ്രോസൺ ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകുന്നതിന് അനുയോജ്യമായ വാഹനസൗകര്യം ഉറപ്പാക്കണമെന്ന് അധികൃത൪ നി൪ദേശിച്ചു. ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കാനാണിത്.
ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ, സൂപ൪ മാ൪ക്കറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്കാണ് നി൪ദേശം നൽകിയിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ അതത് ഗവ൪ണറേറ്റുകളിലെ ബന്ധപ്പെട്ട അധികൃതരിൽ നിന്ന് ഇതിനായുള്ള അനുമതിപത്രം വാങ്ങണം.
റമദാന് മുന്നോടിയായി രാജ്യത്ത് പൊതുവിപണിയിൽ സാധനങ്ങളുടെ വിലനിയന്ത്രണം ഉറപ്പുവരുത്താൻ വാണിജ്യ മന്ത്രാലയം പ്രത്യേക പരിശോധക സംഘം രൂപവത്കരിച്ചിട്ടുണ്ട്. റമദാനിൽ ഉപയോഗം കൂടതലുള്ള നിരവധി ഉൽപന്നങ്ങൾക്ക് പ്രത്യേകം വിലക്കുറവ് ഏ൪പ്പെടുത്തിയിട്ടുണ്ടെന്നും ഇത് പാലിക്കാതെ കൂടിയ വിലക്ക് സാധനങ്ങൾ വിൽക്കപ്പെടുന്നുണ്ടോയെന്ന് കണ്ടത്താനാണ് സംഘത്തെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അധികൃത൪ വ്യക്തമാക്കി. വിലനിലവാരം പിടിച്ചുനി൪ത്തുന്നതിനും ഉപയോഗശൂന്യമായ ഉൽപന്നങ്ങൾ വിറ്റഴിച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത് ഇല്ലാതാക്കാനും മുഴുസമയ പരിശോധനക്കാണ് രൂപം നൽകിയിരിക്കുന്നത്.
അതിനിടെ, ആട്ടിറച്ചിയുടെ പുതുക്കിയ വില നവംബ൪ ഒന്ന് മുതൽ നടപ്പാക്കാൻ മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് എല്ലോട് കൂടിയ ഒരുകിലോ ഇറച്ചിക്ക് ഒരു ദീനാറും എല്ലില്ലാത്തതിന് ഒന്നേകാൽ ദീനാറുമാണ് വില. ഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ റേഷൻ കാ൪ഡ് ഉപയോഗിച്ച് വിൽക്കുന്ന സമയത്ത് എല്ലോട് കൂടിയ ഇറച്ചിക്ക് ഒന്നേകാൽ ദീനാറിൽ കൂടാൻ പാടില്ല. എല്ലില്ലാത്ത ഇറച്ചിയുടെ വില നിശ്ചയിച്ചിട്ടുമില്ല. പുതിയ വില നിരക്ക് രണ്ട് ഘട്ടമായിട്ടാണ് നടപ്പാക്കുക. നവംബ൪ ഒന്നിന് അവസാനിക്കുന്ന ആദ്യഘട്ടത്തിൽ സ൪ക്കാറിന്റെ സബ്സീഡി വാങ്ങുന്ന സ്ഥാപനങ്ങൾ സ൪ക്കാ൪ നിശ്ചയിച്ച വിലയിൽ തന്നെ കച്ചവടം നടത്തണം. രണ്ടാം ഘട്ടം നവംബ൪ ഒന്നിന് ആരംഭിക്കും. കുവൈത്തി ലൈവ്സ്റ്റോക്ക്-ട്രാൻസ്പോ൪ട്ട് കമ്പനികൾ നേരിടുന്ന സാങ്കേതികവും നിയമപരവുമായ പ്രശ്നങ്ങൾ പഠിക്കുന്നതിനും ഇത്തരം കമ്പനികളുടെ ഉടമസ്ഥത സ൪ക്കാ൪ ഏറ്റെടുക്കുന്നതിനുള്ള ക്രമീകരണങ്ങൾ നി൪ദേശിക്കുന്നതിനും നിക്ഷേപ അതോറിറ്റിയുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകാനും മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
