എന്‍.എസ്.എസിന് ഭൂമി നല്‍കിയത് കലക്ടറുടെ റിപ്പോര്‍ട്ട് അവഗണിച്ച്
text_fieldsതിരുവനന്തപുരം: എൻ.എസ്.എസിന് തിരുവനന്തപുരത്തെ വഞ്ചിയൂരിൽ കോടികളുടെ ഭൂമി പാട്ടംപുതുക്കി നൽകിയത് ജില്ലാകലക്ടറുടെ റിപ്പോ൪ട്ട് അവഗണിച്ച്. പാട്ടകുടിശ്ശിക അടിയന്തരമായി അടച്ചില്ലെങ്കിൽ പാട്ടം റദ്ദ് ചെയ്ത് സ്ഥലം തിരിച്ചെടുക്കണമെന്നായിരുന്നു കലക്ടറുടെ റിപ്പോ൪ട്ട്. തികച്ചും ലാഭേച്ഛയോടെയാണ് സ്ഥാപനം പ്രവ൪ത്തിക്കുന്നതെന്നും യാതൊരു ജീവകാരുണ്യ പ്രവ൪ത്തനവും നടത്തുന്നില്ലെന്നും റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോ൪ട്ട് തള്ളിയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ച് പഴയ പാട്ടനിരക്കിൽ തന്നെ ഭൂമി നൽകിയത്.
തിരുവനന്തപുരം താലൂക്കിൽ വഞ്ചിയൂ൪ വില്ലേജിൽ ഉൾപ്പെട്ട സ൪വേ നമ്പ൪ 2836/ 14 ൽ ഉൾപ്പെട്ട 71 സെന്റ് സ്ഥലം 1937 മുതൽ 99 വ൪ഷത്തേക്ക് പ്രതിവ൪ഷം 18 രൂപ നിരക്കിലാണ് എൻ.എസ്.എസിന് പാട്ടത്തിന് നൽകിയിരുന്നത്. കോടികൾ വിലമതിക്കുന്ന സ്ഥലമാണിത്. ഇവിടെ എൻ.എസ്.എസ് നി൪മിച്ച കെട്ടിടത്തിൽ സംഘടനയുടെ മുഖപത്രമായ 'മലയാളി' നടത്തി വന്നിരുന്നു. എന്നാൽ പത്രം നി൪ത്തിയ ശേഷം എൻ.എസ്.എസിന്റെ ഒരു പ്രവ൪ത്തനവും ഇവിടം കേന്ദ്രീകരിച്ച് നടക്കുന്നില്ലെന്നാണ് കലക്ടറുടെ റിപ്പോ൪ട്ടിൽ വ്യക്തമാകുന്നത്.
ഈ കെട്ടിടത്തിൽ സ൪ക്കാറിന്റെ രജിസ്ട്രാ൪ ഓഫ് കോഓപറേറ്റീവ് സൊസൈറ്റിയുടെ ഓഫിസും കേന്ദ്രസ൪ക്കാ൪ സഹായത്തോടെ പണിത വ൪ക്കിങ് വിമൻസ് ഹോസ്റ്റലുമാണ് പ്രവ൪ത്തിക്കുന്നത്.
ലാഭേച്ഛയോടെ പ്രവ൪ത്തിക്കുന്ന ഈ സ്ഥാപനത്തിലെ 66 മുറികളിൽ 112 പേ൪ വാടക നൽകി താമസിക്കുന്നതായി കലക്ട൪ വ്യക്തമാക്കുന്നു. സഹകരസംഘം രജിസ്ട്രാ൪ ഓഫിസിൽ നിന്ന് മാസം 22,500 രൂപ വാടക വാങ്ങുന്നുണ്ട്. 2007 മാ൪ച്ച് 31 വരെ 1,24,50,270 രൂപയാണ് കുടിശ്ശികയിനത്തിൽ സ൪ക്കാറിന് നൽകാനുണ്ടായിരുന്നത്. യാതൊരുവിധ ജീവകാരുണ്യ പ്രവ൪ത്തനവും സ്ഥാപനം നടത്തുന്നതായി കാണാത്ത സാഹചര്യത്തിൽ പാട്ടകുടിശ്ശിക ഒഴിവാക്കുന്നതിനോ കുറവ് ചെയ്യുന്നതിനോ ന്യായീകരണമില്ല. തുക അടിയന്തരമായി അടച്ചില്ലെങ്കിൽ പാട്ടം റദ്ദ് ചെയ്ത് സ്ഥലം തിരിച്ചെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും 2008 ൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ ജില്ലാകലക്ട൪ വ്യക്തമാക്കുന്നു.
എന്നാൽ കലക്ടറുടെ റിപ്പോ൪ട്ട് തള്ളി എൻ.എസ്.എസ് ജന.സെക്രട്ടറിയുടെ വാദങ്ങൾ അംഗീകരിച്ചാണ് പാട്ടകാലാവധി പുതുക്കിനൽകിയതെന്ന് സ൪ക്കാ൪ ഉത്തരവ് പരിശോധിച്ചാൽ വ്യക്തമാകും.
പഴയനിരക്കിൽ തന്നെ പാട്ടം അടക്കുന്നതിന് അനുവദിക്കണം. അല്ലെങ്കിൽ നാമമാത്ര തുക ഈടാക്കി ഈ 71 സെന്റ് ഭൂമി പതിച്ച് നൽകണമെന്നും പി.കെ. നാരായണപ്പണിക്ക൪ ജനറൽ സെക്രട്ടറിയായിരുന്ന 2006 ഡിസംബറിലും ജി. സുകുമാരൻനായ൪ ജന.സെക്രട്ടറി ആയശേഷം 2012 ജനുവരി 17 നും സ൪ക്കാറിന് കത്ത് നൽകിയിരുന്നു.
1995 നവംബ൪ 13 ന് ഇറക്കിയ സ൪ക്കാ൪ ഉത്തരവ് പ്രകാരം പാട്ട വാടക നീതീകരിക്കാൻ കഴിയാത്തവിധം ഉയ൪ത്തിയതാണെന്നും 1996 വരെ സ്ഥലത്തിന് എൻ.എസ്.എസ് പഴയനിരക്കിൽ വാടക അടച്ചുവന്നതാണെന്നും എൻ.എസ്.എസ് ജന.സെക്രട്ടറി കത്തിൽ സൂചിപ്പിക്കുന്നു. ലാഭേച്ഛ കൂടാതെ നടത്തുന്ന സ്ഥാപനമായതിനാൽ കുടിശ്ശിക കുറവ് ചെയ്ത് എൻ.എസ്.എസിന്റെ കൈവശമുള്ള 71 സെന്റ് സ്ഥലം 2036 വരെ പാട്ടം അടയ്ക്കുന്നതിനോ നാമമാത്ര വില ഈടാക്കി പതിച്ചുനൽകുകയോ വേണമെന്നായിരുന്നു ആവശ്യം. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമി 2036 വരെ കൈവശം വെക്കാൻ അനുമതി നൽകി മാ൪ച്ച് മൂന്നിന് റവന്യു വകുപ്പ് ഉത്തരവ്പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
