Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവെടിപ്പായ വേഷവും...

വെടിപ്പായ വേഷവും മാന്യതയുടെ മുഖവുമായി

text_fields
bookmark_border
വെടിപ്പായ വേഷവും മാന്യതയുടെ മുഖവുമായി
cancel

വെടിപ്പായ വേഷവും, മാന്യമായ പെരുമാറ്റവുമാണ് പലിശ കച്ചവടക്കാരുടെ പ്രത്യേകത. ഇവരുടെ ദു൪മുഖം കാണേണ്ടിവരുന്നത് ഇടപാട് തെറ്റുമ്പോൾ മാത്രം. കെണിയിൽ കുടുങ്ങിയവൻ മരണത്തിൽ അഭയം തേടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. റിയാദിൽ ബത്ഹ, ഹറാജ്, ഹാര, ശുമൈസി, നസീം, സുലൈ, എക്സിറ്റ് 10, ശിഫ സനാഇയ്യ തുടങ്ങിയവയാണ് പ്രധാനമായും പലിശക്കാരുടെ കേന്ദ്രങ്ങൾ. പലിശക്കാ൪ പലതരമാണ്. ഏ൪പ്പാടും പല വിധം. മൊത്ത കച്ചവടക്കാരാണ് ബഡാപുള്ളികൾ. അവരിൽ പലരും പുറംലോകത്ത് മാന്യന്മാ൪. ഇവരിൽനിന്ന് മാസപലിശക്ക് പണമെടുക്കുന്നവരാണ് ചില്ലറ വ്യാപാരികൾ. മാസപലിശയുടെ ശതമാനം കുറവായിരിക്കും. 'ഡെയ്ലി വട്ടിക്കാരാ'യ ചില്ലറ വ്യാപാരികൾ ഈ പണവുമായി വിപണിയിലിറങ്ങും. ടെക്സ്റ്റൈൽ ഷോപ്പുകൾ, ബഖാലകൾ മുതൽ ബാ൪ബ൪ ഷോപ്പുകാരൻ വരെ ഇവരുടെ ചൂണ്ടയിൽ കുരുങ്ങും. കച്ചവടക്കാരും സ്ഥാപന നടത്തിപ്പുകാരുമാവുമ്പോൾ ദിവസം പണം വേണം. സ്വന്തം ഇഖാമ പുതുക്കൽ മുതൽ കടയിലേക്ക് സ്റ്റോക്ക് എടുക്കൽ, ജീവനക്കാരുടെ ശമ്പളം, കടയുടെ വാടക വരെ പലതരം ആവശ്യങ്ങൾ. ഇത് കണ്ടറിഞ്ഞാണ് 'ഡെയ്ലി വട്ടി'യുടെ സഹായം. 1000 റിയാൽ വേണ്ടവന് 900 റിയാൽ കൊടുത്ത് ഒരു മാസം കൊണ്ട് 1000 റിയാൽ പിരിച്ചെടുക്കുന്ന രീതിയും 1000 റിയാൽ തന്നെ വേണ്ടവന് അത്ര തന്നെ കൊടുത്തു രണ്ട് മാസം കൊണ്ട് 1200 റിയാൽ പിരിച്ചെടുക്കുന്ന രീതിയുമാണ് പ്രധാനമായും ഡേയിലിക്കാ൪ക്കുള്ളത്. വൈകീട്ടാണ് പുറത്തിറങ്ങുക. ഇടപാടുകാരുടെ കടകളിലും സ്ഥാപനങ്ങളിലുമെത്തി ഡേയിലി കളക്ഷനും വീക്കിലി കളക്ഷനുമുണ്ട്. അന്നന്ന് പിരിഞ്ഞുകിട്ടുന്ന തുക അന്നുതന്നെ മറ്റൊരു ഇരക്ക് കൊടുക്കും. ഇങ്ങനെ പണം പെറ്റുപെരുകും. റോളിങ് ഏ൪പ്പാടെന്നും ഇതിനെ പറയും. ബഡാപുള്ളിക്ക് നിശ്ചിത ശതമാനം മാസ പലിശ കൊടുത്താൽ മതി. ബാക്കിയെല്ലാം ചില്ലറ വ്യാപാരിക്ക്.
പലിശ പണം നിശബ്ദമായി വിപണിയിൽ ഒഴുകി നടക്കുമ്പോൾ അതിന്റെ മുഴുവൻ ഗുണവും കിട്ടുന്നത് ചില്ലറ വ്യാപാരിക്കു തന്നെയാണ്. ചില്ലറ വ്യാപാരികളാണ് റിയാദിൽ കൂടുതലും. എത്ര പണം പെരുകിയാലും ചില്ലറ വ്യാപാരികളാവാനാണ് ഇവ൪ക്ക് ഇഷ്ടം. ഹൗസ് ഡ്രൈവ൪ മുതൽ നല്ല കമ്പനികളിൽ എക്സിക്യുട്ടീവ് ജോലി ചെയ്യുന്നവ൪ വരെ ഇങ്ങനെ ഡേയിലി വട്ടിക്കാരായുണ്ട്. മറ്റു പണികളൊന്നുമില്ലാതെ മുറികളിൽ പകൽ മുഴുവൻ കഴിച്ചുകൂട്ടുകയോ ഉറങ്ങിത്തീ൪ക്കുകയോ ചെയ്യുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. അധ്വാനമില്ലാതെ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴിയെന്ന നിലയിലാണ് പലരും ഇതിലേക്ക് തിരിയുന്നത്. ബിസിനസ് ജനകീയവത്കരിക്കുന്നതിന്റെ ഭാഗമായി ഓഹരി ചേരാൻ തുഛ ശമ്പളക്കാരനേയും ക്ഷണിക്കും. ആയിരം റിയാൽ ഒപ്പിച്ചുകൊടുത്താൽ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കൂടുതൽ പണം തരാമെന്ന ഓഫറിന്റെ ചൂണ്ടയിൽ എണ്ണിച്ചുട്ട അപ്പം പോലെ മാസ ശമ്പളം വാങ്ങുന്നവൻ കുടുങ്ങും. ആ മാസം നാട്ടിലേക്ക് പണമയക്കണ്ടെന്ന് തീരുമാനിച്ച് ശമ്പളം ഡേയിലിക്കാരന് കൊടുക്കും. വിപണിയിൽനിന്ന് നിശ്ചിത ദിവസങ്ങൾക്കുള്ളിൽ തന്നെ കൂടുതൽ പണമായി തിരിച്ചുകിട്ടും. കൊള്ളാമല്ലോ ഏ൪പ്പാടെന്ന് തോന്നുമ്പോൾ സഹപ്രവ൪ത്തകനിൽനിന്നുപോലും കടം വാങ്ങി ഡേയിലിക്കാരന് കൂടുതൽ തുക കൊടുക്കും. ബത്ഹയിലെ ചില സ്ഥാപനങ്ങളിൽ ജോലിക്കാരായി വ്യാപക പരിചിത വലയമുണ്ടാക്കിയ പലരും ഇങ്ങനെ പണമിരട്ടിപ്പിലേക്ക് തിരിഞ്ഞിട്ടുണ്ട്. സ്വകാര്യമായ പല ആവശ്യങ്ങൾ പറഞ്ഞാണ് നേരിയ പരിചയമുള്ളവരിൽനിന്നുപോലും പണം കടംവാങ്ങുക. ഇത് ഡേയിലി വട്ടി വഴി വിപണിയിലിറക്കും. ദിവസങ്ങൾക്കകം കളക്ഷൻ തിരിച്ചെത്തുമ്പോൾ ലാഭമെടുത്ത് പണം ഉടമസ്ഥന് തിരിച്ചുനൽകും. അത്യാഗ്രഹം മൂത്ത് വ്യാപകമായി പണം തിരിമറി നടത്തി കുടുങ്ങിപ്പോയവരുമുണ്ട്. പണം ചാക്രിക രീതിയിൽ ഇടമുറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നാലേ ഇവരുടെ തിരിമറി സുഗമമായി നടക്കൂ. എന്നാൽ ഡേയിലി വട്ടിക്കാരനോ അയാളിൽനിന്ന് പണമെടുത്ത കടക്കാരനോ മുങ്ങിയാൽ പലരിൽനിന്ന് രണ്ടും മൂന്നും ദിവസത്തെ കാലാവധി പറഞ്ഞ് വ്യാപകമായി കടം വാങ്ങിയവൻ കുടുങ്ങും. അവസാനം കടം കിട്ടാനുള്ളവരെല്ലാം കൂടി ഒത്തുകൂടുമ്പോഴാണ് യുവാവ് എല്ലാവരേയും പറ്റിക്കുകയായിരുന്നെന്ന സത്യം വെളിപ്പെടുക. സ്ഥാപനത്തിന് കൂടി ചീത്തപ്പേരുണ്ടാക്കിയെന്ന കാരണത്താൽ ജോലിയിൽ നിന്ന് പിരിച്ചുവിടലിലോ നാട്ടിലേക്ക് തിരിച്ചയക്കലിലോ ഒക്കെയാവും അത് കലാശിക്കുക. വലിയ ഗ്യാങ്ങുകളായി പലിശ കച്ചവടം നടത്തുന്നവരും വ്യക്തിഗത ബിസിനസിൽ ഏ൪പ്പെട്ടവരുമുണ്ട്. പലിശ, ചിട്ടി, കുഴൽപ്പണം എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് ബിസിനസ് കൊഴുപ്പിക്കുന്ന ഏ൪പ്പാടുകളുമുണ്ട്. പലിശയും ചിട്ടിയും അല്ലെങ്കിൽ കുഴൽപ്പണവും ചേ൪ന്നുള്ള ബിസിനസും കൂടുതൽ ലാഭകരമാണ്. അതേക്കുറിച്ച് നാളെ.

ഓ൪മക്കായി പലിശ മരവും
റിയാദ് നഗരത്തിലെ പഴയ ഉരുപ്പടികളുടെ വിപണിയായ ഹറാജിൽ പലിശ മരം എന്ന് മലയാളികൾ പേരിട്ട ഒരു മരമുണ്ടായിരുന്നു, രണ്ട് വ൪ഷം മുമ്പുവരെ. ഹറാജിലെ മലയാളി മാ൪ക്കറ്റിന് സമീപത്തായിരുന്നത്രെ കാറ്റാടിയിനത്തിൽപെട്ട ആ മരം. അതിന്റെ ചുവട്ടിൽ ആളുകൾക്ക് വിശ്രമിക്കാനായി, നി൪മാണ തൊഴിലുകൾ ചെയ്യുന്ന പാകിസ്താനികൾ കല്ലും ബ്ലോക്കുകളും കൊണ്ട് ഒരു തറയും പടുത്തിരുന്നു. പ്രദേശത്തെ പ്രധാന പലിശക്കാരെല്ലാം വൈകീട്ട് ഈ സ്ഥലം കൈയടക്കും. പലിശക്കാ൪ക്കിടയിലെ വാഗ്വാദങ്ങൾക്കും കണക്കുകളുടെ ഉരുക്കഴിക്കലുകൾക്കും പുതിയ ആസൂത്രണങ്ങൾക്കും ഈ മരം സാക്ഷിയും തറ വേദിയുമായി. അപരനു ചെല്ലപ്പേര് ചാ൪ത്തി ശീലിച്ച മലയാളി ആ മരത്തിനും പേരിട്ടു, 'പലിശ മരം' എന്ന്. ആ മരം ഇന്നില്ല. പലിശയിൽ കുടുങ്ങി ജീവിതം നശിച്ചവരുടെ ശാപത്തിന്റെ ചൂടേറ്റ് അത് ഉണങ്ങി നശിച്ചതോ അതോ, മുനിസിപ്പാലിറ്റിക്കാ൪ മുറിച്ചുനീക്കിയതോ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story