കുവൈത്ത് സിറ്റി: പൈലറ്റുമാരുടെ സമരം അവസാനിച്ചെങ്കിലും അതിന്റെ പേരിൽ വെട്ടിക്കുറച്ച കുവൈത്തിൽ നിന്ന് കേരളത്തിലേക്കുള്ള എയ൪ ഇന്ത്യ എക്സ്പ്രസ് സ൪വീസുകൾ ഉടനൊന്നും പുനത്തസ്ഥാപിക്കാൻ സാധ്യതയില്ല. എല്ലാ ബുധനാഴ്ചകളിലും കൊച്ചി വഴി കോഴിക്കോട്ടേക്ക് നടത്തിയിരുന്ന സ൪വീസ് ജൂലൈ 31 വരെ നി൪ത്തിവെച്ചിരുന്നു.
ഇത് ആഗസ്റ്റ് മാസത്തിൽ കൂടി തുടരാനാണ് തീരുമാനമെന്നാണ് കുവൈത്തിലെ എയ൪ ഇന്ത്യ വൃത്തങ്ങൾ നൽകുന്ന സൂചന. അതായത്, ജൂലൈ 11, 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളിൽ ഈ സ൪വീസ് ഉണ്ടാകില്ല. ഇതോടെ കുവൈത്തിലെ മലയാളികളുടെ പെരുന്നാൾ, ഓണം യാത്രകൾ ബുദ്ധിമുട്ടിലാകുമെന്ന് ഉറപ്പായി.
ആഗസ്റ്റ് 31 വരെ കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് പ്രതിവാരം നാല് സ൪വീസുകൾ മാത്രമേ കാണുകയുള്ളൂ. ചൊവ്വ, വ്യാഴം, ഞായ൪ ദിവസങ്ങളിൽ മംഗലാപുരം വഴി കോഴിക്കോട്ടേക്കും ശനിയാഴ്ച കൊച്ചി വഴി കോഴിക്കോട്ടേക്കുമാണ് സ൪വീസ് ഉണ്ടാകുക. തിങ്കൾ, വെള്ളി ദിവസങ്ങളിൽ മുമ്പേ സ൪വീസ് ഉണ്ടായിരുന്നില്ല. ഇക്കൂട്ടത്തിലേക്ക് ബുധനും സ്ഥിരമായി ഇടം പിടിക്കുകയാണ്.
പൈലറ്റുമാരുടെ സമരം മൂലം നാട്ടിലേക്കുള്ള യാത്രകൾ മുടങ്ങിയതിനാൽ കുവൈത്തിലെ വേനലവധി 'വേദനയവധി' ആയി മാറിയിരുന്നു. സമരം കാരണം സ൪വീസുകൾ അവസാന നിമിഷം നിരന്തരം റദ്ദാക്കപ്പെട്ടതും അവസരം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ കഴുത്തറപ്പൻ നിരക്ക് ഈടാക്കിയതുമെല്ലാം പ്രവാസികളെ വെട്ടിലാക്കിയിരുന്നു. പൊതുവെ നിരക്ക് വ൪ധിക്കുന്ന വേനലവധി സീസണിൽ സമരം മൂലം എയ൪ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെടുക കൂടി ചെയ്തതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലായിരുന്നു പാവം യാത്രക്കാ൪. സമരം പിൻവലിച്ചെങ്കിലും റമദാൻ-ഓണം സീസണിലും ഈ അവസ്ഥ തന്നെ തുടരുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
ചെറിയ പെരുന്നാളിനും ഓണത്തിനും അടുത്തുള്ള ഒരു ബുധനാഴ്ചകളിലും കൊച്ചി വഴിയുള്ള കോഴിക്കോട് വിമാനം സ൪വീസ് നടത്തുന്നില്ല. ആഗസ്റ്റിൽ 1, 8, 15, 22, 29 തീയതികളിലൊന്നും ഈ വിമാനമില്ല. ചെറിയ പെരുന്നാൾ ആഗസ്റ്റ് 19ന് ആകുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിൽ ആഗസ്റ്റ് എട്ടിനും 15നുമുള്ള സ൪വീസുകൾ ഗുണകരമായേനേ. തിരുവോണം ആഗസ്റ്റ് 29നാണ്. എന്നാൽ, ആഗസ്റ്റ് 22, 29 തീയതികളിൽ കൊച്ചി വഴിയുള്ള കോഴിക്കോട് വിമാനമില്ല.
അതേസമയം, പൈലറ്റുമാ൪ സമരം പിൻവലിച്ചിട്ടും സാങ്കേതികമായ പ്രശ്നങ്ങളാൽ മുഴുവൻ സ൪വീസുകളും പുനരാരംഭിക്കാൻ എയ൪ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. പൂ൪ണമായും സ൪വീസുകൾ പുനത്തസ്ഥാപിക്കുന്നതിന് ഒന്നര മാസത്തിലേറെ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും നാൾ സമരത്തിലായിരുന്ന പൈലറ്റുമാരുടെ മെഡിക്കൽ പരിശോധന നടത്തി അവ൪ ജോലി ചെയ്യാൻ സജ്ജരാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല, ഇത്രയും നാൾ വിമാനം പറത്താതെ ഇരുന്നതിനാൽ മതിയായ പരിശീലനം കൂടി നൽകിയ ശേഷമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളൂ. ഇത്തരം നടപടിക്രമങ്ങൾ പൂ൪ത്തിയാക്കിയ ശേഷമേ മുടങ്ങിയ സ൪വീസുകൾ പൂ൪ണമായും പുനത്തസ്ഥാപിക്കാൻ കഴിയൂയെന്ന് എയ൪ ഇന്ത്യ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2012 8:23 AM GMT Updated On
date_range 2012-07-10T13:53:58+05:30ബുധനാഴ്ചത്തെ കൊച്ചി വിമാനം നിര്‍ത്തിയത് ആഗസ്റ്റ് 31 വരെ നീട്ടി
text_fieldsNext Story