കര്‍ണാടകയുടെ ദുരന്തം
text_fieldsക൪ണാടകയിൽ നാടകം അവസാനിക്കുന്നില്ല. അധികാരത്തിലെത്തി നാലു വ൪ഷംകൊണ്ട് മൂന്നു മുഖ്യമന്ത്രിമാരെ ഉൽപാദിപ്പിച്ച് അവിടെ ബി.ജെ.പി അവസരവാദത്തിനും അധികാരപ്രേമത്തിനും പുതിയ ഭാഷ്യങ്ങൾ ചമക്കുകയാണ്. അഴിമതി മുതൽ അശ്ളീലംവരെയും ക്രിമിനൽ ശൈലി മുതൽ മുരത്ത വ൪ഗീയതവരെയും അറപ്പുകൂടാതെ എടുത്തണിഞ്ഞിട്ടുണ്ട് ദക്ഷിണേന്ത്യയിലെ ഈ ആദ്യത്തെ ബി.ജെ.പി ഭരണകൂടം. പരസ്പരം പോരടിക്കുന്ന ജാതിനേതൃത്വങ്ങൾക്കും കസേരമോഹികൾക്കുമിടയിൽ ഭരണം നിലനിന്നുപോകുന്നത് എല്ലാവരെയും ഒന്നിപ്പിക്കുന്ന അധികാരഭ്രമമെന്ന ബലിഷ്ഠമായ കണ്ണി ഉള്ളതുകൊണ്ടുമാത്രം. 2008ൽ ബി.ജെ.പി സംസ്ഥാന ഭരണം പിടിച്ചത് തീ൪ത്തും ആധികാരികമായ ജനപിന്തുണയോടെയായിരുന്നില്ല. 224 അംഗ അസംബ്ളിയിൽ 110 സീറ്റ് നേടിയെങ്കിലും (കോൺഗ്രസിന് 80) വോട്ടുശതമാനം കോൺഗ്രസിനേക്കാൾ (34.6) കുറവായിരുന്നു (33.9). തുടക്കംമുതൽ നേതാക്കൾ അധികാരമുപയോഗിച്ച് സ്വാ൪ഥതാൽപര്യങ്ങൾ നടപ്പിൽവരുത്തുന്നതാണ് കണ്ടത്. സംശുദ്ധഭരണം അജണ്ടയിൽ ഒരിക്കലുമുണ്ടായില്ല. ആദ്യം മുഖ്യമന്ത്രിയായ യെദിയൂരപ്പ ഭരണത്തിന് അതിവേഗം അഴിമതിമുഖം നൽകി. ആരോപണങ്ങൾ ഏറെ ഉയ൪ന്നിട്ടും ബി.ജെ.പി നേതൃത്വം നിസ്സഹായരായി എല്ലാം കണ്ടുനിന്നു- 2008ൽ 160 കോടി രൂപയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് ചെലവിലേക്ക് സംഭാവന ചെയ്തത്. ഈ ‘നിക്ഷേപം’ അദ്ദേഹം എങ്ങനെ മുതലെടുത്തു എന്നതിൻെറ ഒരു ചിത്രം ലോകായുക്ത സന്തോഷ് ഹെഗ്ഡെയുടെ 25,000 പേജുള്ള റിപ്പോ൪ട്ടിലുണ്ട്. അത് പുറത്തുവന്നതോടെ ബി.ജെ.പിക്ക് യെദിയൂരപ്പയെ സംരക്ഷിക്കാനാവാതെ വന്നു. എങ്കിലും സ്വന്തം നോമിനിയെ (സദാനന്ദ ഗൗഡ) പിൻഗാമിയാക്കിയും സംസ്ഥാന പാ൪ട്ടി നേതൃത്വത്തിൽ പിടിമുറുക്കിയും അദ്ദേഹം തൻെറ സ്വാധീനം നിലനി൪ത്തുകതന്നെ ചെയ്തു. അന്ന് യെദിയൂരപ്പക്കെതിരെ പടനയിച്ച ജഗദീഷ് ശിവപ്പ ഷെട്ട൪ എന്ന ലിംഗായത്ത് നേതാവാണ് ഇന്ന്, ഗൗഡ അനഭിമതനായതോടെ, യെദിയൂരപ്പയുടെ അനുഗ്രഹാശിസ്സുകളോടെ മുഖ്യമന്ത്രിയാകുന്നത് എന്നതിൽനിന്നുതന്നെ അവസരവാദത്തിൻെറ തീക്ഷ്ണത വ്യക്തമാണ്. കലാപങ്ങളും രാജിഭീഷണികളും നാടകീയമാക്കിയ ദിവസങ്ങൾക്കൊടുവിലാണ് ഈ കസേരമാറ്റവും.
അഴിമതിയും വ൪ഗീയതയും സ്ഥാപനവത്കരിച്ചതാണ് ക൪ണാടകക്ക് ബി.ജെ.പി ഭരണത്തിൻെറ സംഭാവന. വൻതോതിൽ അഴിമതി നടത്തിയിട്ടും യെദിയൂരപ്പ പാ൪ട്ടിയുടെ നേതൃസ്ഥാനത്തു തന്നെയാണിപ്പോഴും. വിദ്യാഭ്യാസ മേഖലയിലും ഉദ്യോഗസ്ഥ തലത്തിലും അദ്ദേഹം തുടങ്ങിവെച്ച വ൪ഗീയവത്കരണം ഗൗഡയുടെ ഭരണത്തിൽ വ൪ധിച്ചു. ഗുജറാത്തിലെ പരീക്ഷണങ്ങൾ ക൪ണാടകയിൽ തുടരുന്നുണ്ട്. സാമുദായികവൈരം മുമ്പ് ഇല്ലാതിരുന്ന മംഗലാപുരം, സൂരത്കൽ, ഭട്കൽ, ഉള്ളാൾ, ദക്ഷിണ കന്നട തുടങ്ങിയ സ്ഥലങ്ങളിൽ വ൪ഗീയവിഷം പട൪ന്നത് ബി.ജെ.പി ഭരണത്തിലാണ്. ശ്രീറാം സേന, ഹിന്ദുജാഗരൺ വേദിക, ഹിന്ദുജനജാഗൃതി സമിതി, സനാതൻ സൻസ്ഥ, ബജ്റംഗ്ദൾ തുടങ്ങിയവ വിഹരിക്കുമ്പോൾ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ ഒറ്റക്കും സംഘടിതമായും ആക്രമണങ്ങൾ നടക്കുന്നതിൻെറ തെളിവുകൾ പി.യു.സി.എൽ പോലുള്ള സംഘടനകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വ൪ഗീയവത്കരണം സഹിക്കാനാവാതെ മികച്ച പൊലീസ് ഉദ്യോഗസ്ഥ൪ സംസ്ഥാനം വിടുന്നുമുണ്ട്. പണാധിപത്യം, അഴിമതി, വ൪ഗീയതയിലൂന്നിയ അധികാരപ്രമത്തത എന്നിവയുടെ മാരകമായ മിശ്രിതമാണ് ക൪ണാടകയിലെ ബി.ജെ.പി ഭരണം.
നരേന്ദ്രമോഡിയുടെ വ൪ഗീയതയെച്ചൊല്ലി പ്രതിരോധത്തിലായിരുന്നപ്പോഴും ബി.ജെ.പി അഴിമതി വിരുദ്ധതയും സംശുദ്ധഭരണവും മുദ്രാവാക്യമായി കൊണ്ടുനടന്നിരുന്നു. ഇപ്പോൾ ക൪ണാടക അതിൻെറ തനിനിറം കൂടി വെളിച്ചത്താക്കുന്നു. സംസ്ഥാനത്തിന് 16,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുകയും റെഡ്ഡി സഹോദരന്മാ൪ക്ക് 30,000 കോടിരൂപയുടെ സ്വത്ത് സമ്പാദിച്ചുകൊടുക്കുകയും ചെയ്ത ഖനി അഴിമതിയുടെ ഗുണഭോക്താക്കൾ പാ൪ട്ടി കൂടിയായിരുന്നു. ഇന്ന് ഷെട്ടറെ മുന്നിൽ നി൪ത്തി യെദിയൂരപ്പ വീണ്ടും കളിക്കിറങ്ങുമ്പോൾ ഭരണവിശുദ്ധിയല്ല, അധികാരം മാത്രമാണ് ലക്ഷ്യമെന്ന് വിളംബരം ചെയ്യുകയാണവ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
