ചരിത്രത്തിലേക്ക് ബ്ളേഡ് റണ്‍
text_fieldsജൊഹാനസ്ബ൪ഗ്: ലണ്ടൻ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ട്രാക്കിൽ നിന്ന് ചരിത്രത്തിലേക്ക് തീപ്പൊരി പട൪ത്തി കുതിക്കാൻ ദക്ഷിണാഫ്രിക്കയുടെ ‘ബ്ളേഡ് റണ്ണ൪’ ഓസ്ക൪ പിസ്റ്റോറിയസ് എത്തും. ദക്ഷിണാഫ്രിക്കയുടെ 4x400 മീറ്റ൪ റിലേ ടീമിൽ അംഗമായ പിസ്റ്റോറിയസ് ലണ്ടൻ മേളയോടെ ഒളിമ്പിക്സിൽ മത്സരിക്കുന്ന ആദ്യ വികലാംഗ സ്പ്രിൻററെന്ന ചരിത്രനേട്ടത്തിലേക്ക് അക്കൗണ്ട് തുറക്കാൻ കാത്തിരിക്കുകയാണ്. 400 മീറ്റ൪ വ്യക്തിഗത വിഭാഗത്തിൽ മാറ്റുരക്കാമെന്ന് പ്രതീക്ഷിച്ച ദക്ഷിണാഫ്രിക്കയുടെ ഓട്ടക്കാരന് സെക്കൻഡിൻെറ നേരിയ വ്യത്യാസത്തിലാണ് കഴിഞ്ഞയാഴ്ച യോഗ്യത നഷ്ടമായത്. 0.22 സെക്കൻഡ് വ്യത്യാസത്തിൽ യോഗ്യതാ മാ൪ക്ക് കടക്കാനാവാതെ പോയി. ഒളിമ്പിക്സ് ‘എ’ യോഗ്യതാ മാ൪ക്ക് മറികടന്നിരുന്നെങ്കിലും വ്യക്തിഗത വിഭാഗത്തിൽ നഷ്ടമായ ഒളിമ്പിക് ബ൪ത്തിൻെറ നിരാശ തീ൪ക്കുന്നതായി റിലേ ടീമിലെ അംഗത്വം. വെള്ളിയാഴ്ച ബെനിനിൽ നടന്ന ആഫ്രിക്കൻ ചാമ്പ്യൻഷിപ്പിൽ 45.30 സെക്കൻഡായിരുന്നു യോഗ്യതാസമയമായി നിശ്ചയിച്ചത്. എന്നാൽ, പിസ്റ്റോറിയസിന് രണ്ടാം സ്ഥാനക്കാരനായി 45.52 സെക്കൻഡിൽ ഫിനിഷ് ചെയ്യാനേ കഴിഞ്ഞുള്ളൂ.
ഒളിമ്പിക്സിനു പുറമെ വികലാംഗരുടെ പോരാട്ടവേദിയായ പാരാലിമ്പിക്സിലും പിസ്റ്റോറിയസ് മാറ്റുരക്കും.
‘എൻെറ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണിന്ന്. എല്ലാവ൪ക്കും നന്ദി. എന്നെ അത്ലറ്റാക്കിയ ദൈവത്തിനും, കുടുംബത്തിനും സുഹൃത്തുക്കൾക്കും പിന്തുണ നൽകിയവ൪ക്കും നന്ദി’ -ഒളിമ്പിക്സ് ടീമിൽ ഇടംനേടിയ വാ൪ത്ത പുറത്തുവന്നശേഷം പിസ്റ്റോറിയസ് ട്വിറ്ററിൽ കുറിച്ചു.
അത്ലറ്റിക് മത്സരങ്ങളുടെ വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തിലെ ട്രാക്കിൽ ദക്ഷിണാഫ്രിക്കയുടെ ജഴ്സിയിൽ 25കാരനായ പിസ്റ്റോറിയസ് ഓടുമ്പോൾ നൂറ്റാണ്ടിൻെറ ചരിത്രമുറങ്ങുന്ന ലോക കായിക പോരാട്ടത്തിലെ അപൂ൪വ നിമിഷങ്ങളിലൊന്നായിരിക്കും പിറക്കുന്നത്. ഏറെ നാൾ നീണ്ട നിയമയുദ്ധങ്ങൾക്കൊടുവിലാണ് കാ൪ബൺ ബ്ളേഡുമണിഞ്ഞ് മത്സരിക്കാൻ പിസ്റ്റോറിയസ് അത്ലറ്റിക് ഫെഡറേഷനിൽനിന്ന് അനുമതി നേടിയത്. 2011 ദേഗു ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി ദക്ഷിണാഫ്രിക്കക്കാരൻ ചരിത്രം സൃഷ്ടിച്ചിരുന്നു. വ്യക്തിഗത വിഭാഗത്തിൽ സെമിയിൽ പുറത്തായെങ്കിലും 4x400 മീറ്റ൪ റിലേയിൽ പിസ്റ്റോറിയസ് അടങ്ങിയ ടീം വെള്ളി നേടി. ഹീറ്റ്സിൽ ലെഗ് ഓപൺ ചെയ്ത പിസ്റ്റോറിയസ് ദേശീയ റെക്കോഡ് പ്രകടനവും ദേഗുവിൽ കാഴ്ചവെച്ചു.
2008 ബെയ്ജിങ് ഒളിമ്പിക്സിൽ ഓടാമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒളിമ്പിക്സ് നിയമാവലി തടസ്സമാവുകയായിരുന്നു. 2004 ആതൻസ് പാരാലിമ്പിക്സിൽ 200 മീറ്ററിൽ സ്വ൪ണവും 100 മീറ്ററിൽ വെങ്കലവും സ്വന്തമാക്കിയ പിസ്റ്റോറിയസ് 2008 ബെയ്ജിങ് പാരാലിമ്പിക്സിൽ 100, 200, 400 മീറ്ററുകളിൽ സ്വ൪ണം നേടിയിരുന്നു.
ജന്മനാ വൈകല്യം ബാധിച്ച പിസ്റ്റോറിയസിൻെറ കാലുകൾ പതിനൊന്ന് മാസം പ്രായമുള്ളപ്പോൾതന്നെ മുറിച്ചുമാറ്റി. സ്കൂൾ പഠനകാലത്ത് വീൽചെയറിലിരുന്ന് വാട്ട൪പോളോയും റഗ്ബിയും ടെന്നിസും കളിച്ചു പഠിച്ചാണ് കൊച്ചു പിസ്റ്റോറിയസ് വൈകല്യത്തെ തോൽപിച്ച ആത്മവിശ്വാസവുമായി രംഗത്തുവരുന്നത്. ക്ളബ് ഒളിമ്പിക് ഗുസ്തിയിലും ഇതിനിടയിൽ പങ്കെടുത്തു. 2003ൽ റഗ്ബി മത്സരത്തിനിടെ കാൽമുട്ടിനേറ്റ ഗുരുതര പരിക്ക് ഓട്ടക്കാരനിലേക്ക് വഴിതുറന്നു. പരിക്കിൽനിന്ന് മോചിതനായ പിസ്റ്റോറിയസ് ചക്രക്കസേര ഒഴിവാക്കി ബ്ളേഡും ഘടിപ്പിച്ചുള്ള ഓട്ടം തുടങ്ങിയപ്പോൾ അതിശയിപ്പിച്ചത് കായികലോകത്തെയായിരുന്നു. തിരിഞ്ഞു നോക്കാതെയുള്ള ഓട്ടം ഒടുവിൽ ഒളിമ്പിക്സ് മതിൽക്കെട്ടും തക൪ത്ത് മുന്നേറുമ്പോൾ ചരിത്രനിമിഷത്തിലേക്ക് ലോകം കാത്തിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
