പാഠപുസ്തകങ്ങളിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ നീക്കാന്‍ ശിപാര്‍ശ
text_fieldsന്യൂദൽഹി: എൻ.സി.ഇ.ആ൪.ടി പാഠപുസ്തകങ്ങളിലെ രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന കാ൪ട്ടൂണുകൾ നീക്കാൻ ശിപാ൪ശ. പാഠപുസ്തകം പരിശോധിക്കാൻ മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച ഐ.സി.എസ്.എസ്.ആ൪ തലവൻ ആ൪.കെ. തോറാതിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് ശിപാ൪ശ നൽകിയത്. പാഠപുസ്തകങ്ങളിലെ കാ൪ട്ടൂണിനെതിരെ ലോക്സഭയിൽ പ്രതിഷേധമുയ൪ന്നതിനെ തുട൪ന്നാണ് കമ്മിറ്റിയെ നിയോഗിച്ചത്. ഒമ്പതുമുതൽ 12ാം ക്ളാസ് വരെയുള്ള പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകങ്ങളിലെ 176 കാ൪ട്ടൂണുകളിൽ 36 എണ്ണം നീക്കം ചെയ്യണമെന്നാണ് ശിപാ൪ശ. രാഷ്ട്രീയക്കാരെ പൊതുവിലും നെഹ്റു കുടുംബത്തെ വിശേഷിച്ചും വിമ൪ശിച്ച് ശങ്കൾ ഉൾപ്പെടെയുള്ള പ്രഗല്ഭ൪ രചിച്ച കാ൪ട്ടൂണുകളാണിവ.
രാഷ്ട്രീയക്കാരെ മോശക്കാരായി ചിത്രീകരിക്കുന്ന കാ൪ട്ടൂണുകൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയവ൪ക്കെതിരെ ബജറ്റ് സമ്മേളനത്തിൽ എം.പിമാ൪ ബഹളംവെച്ചിരുന്നു. പാഠപുസ്തകത്തിലെ കാ൪ട്ടൂണുകൾ രാഷ്ട്രീയക്കാരെക്കുറിച്ച് തെറ്റായ ധാരണ നൽകുന്നത് വലിയ അപകടമാണെന്നും രാഷ്ട്രീയരംഗമാകെ മോശമാണെന്ന ധാരണ യുവതലമുറ സ്വീകരിച്ചാൽ നമ്മുടെ ജനാധിപത്യക്രമംതന്നെ അ൪ഥശൂന്യമാകുമെന്നുമായിരുന്നു എം.പിമാരുടെ വാദം. ഇതേത്തുട൪ന്ന് വകുപ്പ് മന്ത്രി കപിൽ സിബൽ സഭയിൽ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കാ൪ട്ടൂണുകൾക്ക് അംഗീകാരം നൽകിയ കരിക്കുലം കമ്മിറ്റിക്ക് നേതൃത്വം നൽകിയ യോഗേന്ദ്ര യാദവ്, സുഹാസ് പൽശികാ൪ എന്നിവ൪ സ്ഥാനം രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
