തൊഴിലുറപ്പ് പദ്ധതിക്കുള്ള ഓംബുഡ്സ്മാന്‍ ചുമതലയേറ്റു
text_fieldsകോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നി൪വഹണത്തിലെ അഴിമതി ആരോപണങ്ങളും ചട്ടലംഘനങ്ങളും പരിശോധിച്ച് നടപടി സ്വീകരിക്കാൻ ജില്ലയിൽ നിയമിതനായ ഓംബുഡ്സ്മാൻ പി.കെ. കുഞ്ഞിരാമൻ ചുമതലയേറ്റു. രണ്ട് വ൪ഷത്തേക്കാണ് നിയമനം. തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും ഉത്തരവാദികളായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് സംസ്ഥാന -ജില്ലാ തലങ്ങളിൽ ഓംബുഡ്സ്മാൻമാരെ നിയമിച്ചത്. തൊഴിലാളികളുടെയും ജനങ്ങളുടെയും പദ്ധതിയുമായി ബന്ധപ്പെട്ടവരുടെ യും പരാതികൾ സ്വീകരിച്ച് നടപടികളെടുക്കുകയാണ് പ്രധാന ക൪ത്തവ്യം. സ്ഥലങ്ങൾ നേരിട്ട് സന്ദ൪ശിച്ച് ആരോപണങ്ങളിൽ എഫ്.ഐ.ആ൪ തയാറാക്കും. കേസുകളെക്കുറിച്ച് ഓംബുഡ്സ്മാൻ ചീഫ് സെക്രട്ടറിക്ക് മാസം തോറും നേരിട്ട് റിപ്പോ൪ട്ട് നൽകണം. വ൪ഷാവസാനം പദ്ധതി നടത്തിപ്പ് വിലയിരുത്തി വിശദമായ റിപ്പോ൪ട്ട് സ൪ക്കാരിന് നൽകണം. ഇത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് ഗ്രാമസഭയിൽ സ്വീകരിക്കുന്ന നടപടികൾ, ജോബ് കാ൪ഡ്, വേതനം, തൊഴിൽ ലഭിക്കാത്തതിനുളള നഷ്ടപരിഹാരം, പ്രവ൪ത്തന സ്ഥലങ്ങളിലെ സൗകര്യം, യന്ത്രസാമഗ്രികൾ, കരാറുകാരുടെ ഇടപെടലുകൾ, മസ്റ്ററോൾ, ഫണ്ട് വിനിയോഗം, സോഷ്യൽ ഓഡിറ്റ്, ഫയലുകൾ സൂക്ഷിക്കൽ തുടങ്ങിയവ സംബന്ധിച്ച പരാതികൾ ഓംബുഡ്സ്മാൻ സ്വീകരിക്കും. നേരിട്ടും പ്രതിനിധി മുഖേനയും പരാതി നൽകാം. ഇ-മെയിൽ വഴിയും പരാതിപ്പെടാം. വിലാസം: ombudsmanmgnregakkd@gmail.com
സാധാരണ പരാതികളിൽ 15 ദിവസത്തിനകം തീ൪പ്പുണ്ടാവണം. സമയം ആവശ്യമുളള കേസുകളിൽ തീ൪പ്പുണ്ടാക്കാനുളള കാലാവധി 45 ദിവസമാണ്. അഴിമതി, കൈക്കൂലി, ക്രമക്കേട് എന്നിവ സംബന്ധിച്ച പരാതികളിൽ തുടരന്വേഷണം വേണമെങ്കിൽ ചീഫ് സെക്രട്ടറിക്ക് റിപ്പോ൪ട്ട് നൽകാം. ദാരിദ്ര ലഘൂകരണ വിഭാഗം, സിവിൽ സ്റ്റേഷൻ -20, കോഴിക്കോട് എന്നാണ് ഓംബുഡ്സ്മാൻെറ വിലാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
