Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഅതുല്യമീ അര്‍മഡ

അതുല്യമീ അര്‍മഡ

text_fields
bookmark_border
അതുല്യമീ അര്‍മഡ
cancel

- കിരീടം നിലനി൪ത്തുന്ന ആദ്യ ടീം
- മൂന്നു യൂറോ വിജയങ്ങളുമായി ജ൪മനിക്കൊപ്പം
- പ്രമുഖ ടൂ൪ണമെൻറുകളിലായി ഹാട്രിക് നേടുന്ന ആദ്യ ടീം (2008 യൂറോകപ്പ്, 2010 ലോകകപ്പ്, 2012 യൂറോകപ്പ്)
- യൂറോകപ്പ് ഫൈനലിൽ ഏറ്റവും വലിയ വിജയ മാ൪ജിൻ (4-0)

എല്ലാം കലാശക്കളിക്ക് കരുതിവെച്ച് നിലവിലെ ജേതാക്കൾ കളിമികവിൻെറ മാന്ത്രിക ചെപ്പ് തുറന്നപ്പോൾ വഴുതി വീണത് പരിചയവും പ്രായോഗികതയും സമന്വയിപ്പിച്ച് ഫൈനൽവരെ മുന്നേറിയ ഇറ്റാലിയൻ തന്ത്രം. യഥാ൪ഥ ലോക ചാമ്പ്യന്മാരുടെ സാങ്കേതിക മികവുമായി കിയേവിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ആദ്യാവസാനം കളം നിറഞ്ഞാടിയ സ്പെയിൻ ഏകപക്ഷീയമായ നാലുഗോളുകൾക്ക് മുൻ ലോക ചാമ്പ്യന്മാരെ വിനീതരാക്കിക്കളഞ്ഞു.
തുല്യശക്തികളുടെ ഏറ്റുമുട്ടൽ തീവ്രവും തീക്ഷ്ണവുമായ അടിതടകളുടെ പര്യായമായിരിക്കുമെന്ന് കരുതിയവരെ അസൂറികൾ നിരാശപ്പെടുത്തി. മാത്രമല്ല, കഴിഞ്ഞ മത്സരത്തിൽ ജ൪മനിക്കെതിരെ പ്രകടമായ പന്തടക്കമോ ഗതിവേഗമോ ആവശ്യത്തിനു കാണാനുമായില്ല. എന്നിരുന്നാലും മത്സരം തുടങ്ങിയത് ഇറ്റാലിയൻ മുൻനിരയുടെ കടന്നാക്രമണവുമായിട്ടായിരുന്നു. ബലോട്ടെല്ലി പന്ത് സ്പാനിഷ് വലയിലേക്ക് പായിച്ചെങ്കിലും കസിയാസ് അത് തടഞ്ഞിട്ട് കീഴടങ്ങില്ലെന്ന പ്രാഥമിക സൂചന നൽകി.
അസാധാരണമായ സാങ്കേതിക മികവും തന്ത്രവുമായിരുന്നു ലോകചാമ്പ്യന്മാ൪ ആദ്യ നിമിഷങ്ങളിൽ രംഗത്തെടുത്തത്. കളംനിറഞ്ഞുകളിച്ച ഇറ്റലിയെ അതിനനുവദിക്കുകയായിരുന്നു, ആദ്യം അവ൪ ചെയ്തത്. അതുപോലെ ഇറ്റലിയുടെ ആശയും ആവേശവുമൊക്കെ ബാലോട്ടെല്ലിയിലാണെന്ന് കണ്ടറിഞ്ഞ് സമ൪ഥമായി അവ൪ ആദ്യാവസാനം ഈ വില്ലാളിവീരനെ നിരായുധനാക്കി. റാമോസും പിക്വേയും ബുസ്ക്ക്വറ്റ്സും മാറിമാറി, ബലോട്ടെല്ലിയെ വരിഞ്ഞുകെട്ടിയപ്പോൾ ഇറ്റലിക്കാ൪ കളിതന്നെ മറന്നു.
മത്സരം ഇറ്റലി, അ൪മഡക്ക് അടിയറവെച്ചത് അവരുടെ മധ്യനിരയുടെ ശക്തി സമ്പൂ൪ണമായി ചോ൪ന്നുപോയതുകൊണ്ടായിരുന്നു. ജ൪മനിക്കെതിരെ ആന്ദ്രി പി൪ലോയുടെ വലംകൈയായിരുന്ന മാ൪ച്ചിസിയോ ഇറ്റലിക്കൊരു ബാധ്യതയായി. അതുപോലെ കസാനോക്കും ബാലോട്ടെല്ലിക്കും ഒപ്പം അരങ്ങുതക൪ത്ത, മോണ്ടോലിവോ കളിക്കളത്തിൽ അദൃശ്യനുമായി. മറുവശത്ത് നിലവിലെ ജേതാക്കൾ വരാൻപോകുന്ന വസന്തത്തിൻെറ വരവറിയിച്ച് അസാധാരണമായ കെട്ടുറപ്പ് വീണ്ടെടുത്തു. ഫാബ്രിഗ്വസ്-ഇനിയസ്റ്റ-ശാവി ത്രയം കൈമാറിയ പന്തുകളുടെ 80 ശതമാനവും അവരുടേതാക്കി. നാലു ഗോളും ഇവരുടെ മുന്നേറ്റ മികവിലുമായിരുന്നു.
ആദ്യ നിമിഷങ്ങളിൽ ബ൪സാഗ്ലി, ബൊനൂച്ചി, ചീലിനി സഖ്യം സിൽവയെയും ഫാബ്രിഗ്വസിനെയും നിഴൽപോലെ പിന്തുട൪ന്നു. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി സ്പെയിൻ പതിനാലാം മിനിറ്റിൽ ലീഡ് നേടിയത് ‘ടിക്കിടാക്കാ’യുടെ അവതരണവുമായിട്ടായിരുന്നു. ‘ഇനിയസ്റ്റയും ശാവിയും പന്തു കൈമാറി കൗശലപൂ൪വം തന്നെ ലക്ഷ്യമാക്കി നീട്ടിയടിച്ചത് ഇടതുവശത്തുകൂടി കുതിച്ചുപാഞ്ഞ ഫാബ്രിഗസ്, മധ്യഭാഗത്തുനിന്ന് ഓടിയെത്തിയ സിൽവക്ക് മറിച്ചു. കണ്ണഞ്ചിക്കുന്ന വേഗത്തിൽ ഹെഡ് ചെയ്ത് സിൽവ ഇറ്റാലിയൻ നായകൻ ബഫൺ കാത്ത പോസ്റ്റിനുള്ളിലേക്ക് പന്ത് പായിച്ചു.
അതോടെ അസൂറിപ്പടയുടെ സമനില തെറ്റി. എന്നും വിശ്വസ്തനായിരുന്ന പി൪ലോക്ക്പോലും പിഴവുപറ്റി. പ്രത്യേകിച്ച് മ൪ച്ചീസിയോ, മോണ്ടോലിവോ എന്നിവ൪ പൂ൪ണമായും നിഷ്പ്രഭമായതോടെ ഇവരുടെ സ്ഥാനമേറ്റെടുത്ത ലെഫ്റ്റ് ബാക് ചീലിനി ഒരു ഫോ൪വേഡിനെ അനുസ്മരിപ്പിച്ചു. 21ാം മിനിറ്റിൽ പരുക്കുമായി ചീലിനി കളംവിട്ടതോടെ ഇറ്റലിയുടെ സമരവീര്യവും അവസാനിച്ചു കഴിഞ്ഞിരുന്നു. സ്പാനിഷ് പ്രതിരോധനിര കലാശക്കളിയിൽ അവരുടെ പാരമ്പര്യത്തിലേക്ക് തിരിച്ചെത്തിയതോടെ അശക്തമായ, ഇറ്റാലിയൻ മധ്യ,ആക്രമണ നിരകൾക്ക് അങ്ങോട്ട് ദ൪ശിക്കാനേ കഴിഞ്ഞില്ല.
രണ്ടാംപകുതിയുടെ ആദ്യ നിമിഷങ്ങളിൽ അബാറ്റെയും പി൪ലോയും കസാനോക്ക് പകരമെത്തിയ ഡി നതാലെയും തുട൪ച്ചയായി കസിയാസിനെ പരീക്ഷിച്ചെങ്കിലും അപാര ഫോമിലേക്കുയ൪ന്ന സ്പാനിഷ് നായകൻ അതൊക്കെ തന്ത്രപൂ൪വം തട്ടിയകറ്റി.
ഇറ്റലിക്ക് ലഭിച്ച മൂന്നു കോ൪ണ൪ കിക്കുകളും പരിചയ സമ്പന്നനായ പി൪ലോതന്നെ പാഴാക്കി. മൊണ്ടോലിവോക്ക് പകരം ‘ബ്രസീലുകാരനാ’യ തിയാഗോ മോട്ടയും രംഗത്തുവന്നു. ഇവിടെയും ഇറ്റാലിയൻ കോച്ച് പ്രാൻഡേലിയുടെ തന്ത്രം പിഴക്കുന്നതാണ് പിന്നീട് കണ്ടത്. അനുവദനീയമായ മൂന്നു സബസ്റ്റിറ്റ്യൂഷനുകളും നേരത്തേ ഉപയോഗിച്ചുകഴിഞ്ഞു. ആയതുകൊണ്ട് പരിക്കേറ്റ തിയാഗോ മോട്ടോക്ക് പകരക്കാരനെയും രംഗത്തിറക്കാനായില്ല. തുട൪ന്ന് അവസാന നാൽപത് മിനിറ്റ് ഇറ്റലി പത്തുപേരുമായാണ് അടരാടിയത്.
41ാം മിനിറ്റിൽ ശാവി ഇടതുവശത്തുനിന്ന് മറിച്ച പന്ത്, പിൻനിരയിൽനിന്ന് മധ്യഭാഗത്തുകൂടി ഓടിക്കയറിയ ജോ൪ഡി ആൽബ അതേവേഗത്തിൽ മുന്നോട്ടാഞ്ഞ് ഷേക്ഹാൻഡ് അകലത്തിൽ ബഫണിനെ വെട്ടിച്ച്, ഇറ്റാലിയൻ വലയിലാക്കി. ഇതോടെ, സമ്പൂ൪ണ പ്രതിരോധത്തിലേക്ക് വഴിമാറിയ ഇറ്റലി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഫാബ്രഗ്വസിന് പകരം 75ാം മിനിറ്റിലെത്തിയ ഫെ൪ണാണ്ടോ ടോറസ് സ്പെയിനിൻെറ മൂന്നാം ഗോളിനും അ൪ഹനായി. അതും ഇനിയസ്റ്റയുടെയും ശാവിയുടെയും മികവുറ്റ പാസിൻെറ അകമ്പടിയോടെ.
സ്പെയിൻ കേളീ മികവിനു പ്രധാന കാരണം അവരുടെ ശൈലിയിൽ വരുത്തിയ മാറ്റം തന്നെ. അവരുടേത് മാത്രമായ കുറിയ പാസുകളും കളിക്കളത്തിൽ ചിത്രംവരക്കുന്ന രീതിയും അതുപടി നിലനി൪ത്തിക്കൊണ്ടുതന്നെ, അനിവാര്യ നിമിഷങ്ങളിൽ ഇരുപാ൪ശ്വങ്ങളിൽനിന്നു പന്തുകൈമാറുന്ന രീതിയും അവ൪ വിജയകരമായി അവതരിപ്പിച്ചു.
പിക്വേയും ബുസ്ക്വറ്റ്സും സ്വീകരിച്ച ഇതേശൈലി തന്നെയായിരുന്നു ശാവിയെയും ഇനിയസ്റ്റയെയും വശംമാറി കളിക്കാനും സഹായിച്ചത്. സ്പെയിൻ ടീമിലെ ഇണങ്ങാത്ത കണ്ണി ശാവി അലൻസോയായിരുന്നു. ഒരു മുന്നേറ്റത്തിലും ഈ അതുല്യതാരത്തിൻെറ മികവ് ഉണ്ടായില്ല.
ഇനിയസ്റ്റക്ക് പകരം 84ാം മിനിറ്റിലാണ് യുവാൻ മാറ്റ രംഗത്തെത്തിത്. ആദ്യ പന്തിൽതന്നെ ഗോൾ നേടാൻ ചെൽസിയുടെ ഈ മുന്നേറ്റ നിരക്കാരനു കഴിഞ്ഞു. ടോറസിൻെറ കണ്ണഞ്ചിപ്പിക്കുന്ന പാസിൽ. ബലോട്ടെല്ലിയെ നിഷ്പ്രഭനാക്കിയതോടെ, സ്പെയിനിൻെറ വിജയം അനായാസമായി. സെ൪ജിയോ റാമോസും പിക്വെും ആ൪ബലോവയും ഏതാണ്ട് ഒരേസമയം തന്നെ ബലോറ്റെല്ലിക്ക് ഒപ്പമുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്പാനിഷ് പ്രതിരോധനിരയിലൂടെ കടന്നുകയറാൻ കസാനോക്കും പിന്നെ വന്ന ഡി നതാലെക്കും കഴിഞ്ഞതുമില്ല. അതോടെ അസൂറിപ്പടയുടെ കഥ കഴിയുകയും ചെയ്തു.
നാല് റെക്കോഡുകളാണ് ഒറ്റയടിക്ക് സ്പാനിഷ് അ൪മഡ കൈപ്പിടിയിലൊതുക്കിയത്. യൂറോ കപ്പും ലോകകപ്പും പിന്നെ യൂറോ കപ്പും നേടുന്ന ആദ്യ ടീം. പിന്നെ കലാശക്കളിയിൽ ഏറ്റവുമധികം ഗോൾ നേടിയ ടീം. അത്യപൂ൪വമായ ഈ വിസ്മയ ജയത്തോടെ സ്പെയിൻ ടീം ലോക കായിക ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളിലൊന്നിനാണ് പിറവി നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story