മുംബൈ ഭീകരാക്രമണം: 40 ഇന്ത്യക്കാരെങ്കിലും സഹായിച്ചതായി പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിൽ കുറഞ്ഞത് നാൽപത് ഇന്ത്യൻ പൗരന്മാരെങ്കിലും പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരമെന്ന് പാക്കിസ്താൻ. മുംബൈ ആക്രമണകാരികളെ നിയന്ത്രിച്ചത് കറാച്ചിയിലെ കൺട്രോൾ റൂമിൽ വെച്ചാണെന്ന്, അറസ്റ്റിലായ സബിഉദ്ദീൻ അൻസാരി എന്ന അബൂ ജിൻഡാലിൻെറ വെളിപ്പെടുത്തലിൻെറ സാഹചര്യത്തിലാണ് പാകിസ്താൻെറ വാദം. സൗദി അറേബ്യൻ അധികൃത൪ പുറത്താക്കിയ അബൂ ജിൻഡാലിനെ ദൽഹിയിൽവെച്ച് ഇന്ത്യൻ അധികൃത൪ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ പാകിസ്താൻ പാസ്പോ൪ട്ടുമായാണ് യാത്ര ചെയ്തതെന്ന് ഇന്ത്യൻ പൊലീസ് വെളിപ്പെടുത്തുകയുമുണ്ടായി. മുംബൈ ആക്രമണത്തിൽ പങ്കെടുത്ത പത്ത് ഭീകരരെ നിയന്ത്രിച്ച കറാച്ചിയിലെ കൺട്രോൾ റൂമിൽ താനുമുണ്ടായിരുന്നുവെന്ന് ജിൻഡാൽ കുറ്റസമ്മത മൊഴിയിൽ പറഞ്ഞതായി അഭ്യന്തര മന്ത്രി പി. ചിദംബരം നേരത്തേ വെളിപ്പെടുത്തിയിരുന്നു.
ജൂലൈ നാലിന് ദൽഹിയിൽ ആരംഭിക്കുന്ന ദ്വിദിന ഇന്ത്യ-പാക് വിദേശ കാര്യ സെക്രട്ടറിമാരുടെ യോഗത്തിൽ ജിൻഡാലിൻെറ അറസ്റ്റുമായി ബന്ധപ്പെട്ട പൂ൪ണവിവരം ലഭ്യമാക്കാൻ ആവശ്യപ്പെടുമെന്ന് പാക് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. ജിൻഡാലിൻെറ അറസ്റ്റും തുട൪ന്നുണ്ടായ അവകാശവാദങ്ങളും മുഖ്യ ച൪ച്ചാവിഷയമാകുമെന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച ഒരു വിവരവും ഇന്ത്യ കൈമാറിയിട്ടില്ലെന്നും പാക് അധികൃത൪ പറഞ്ഞു. ഇന്ത്യക്കാരുടെ സഹായമില്ലാതെ മുംബൈ ആക്രമണം സാധ്യമാകില്ലെന്ന നിലപാടിലാണ് പാകിസ്താൻ. മുംബൈ ആക്രമണത്തെ കുറിച്ച പൂ൪ണ വിവരങ്ങൾ ലഭ്യമാക്കാൻ ഇന്ത്യ വിമുഖത കാട്ടുകയാണ്. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കാൻ പാകിസ്താൻ ജുഡീഷ്യൽ കമീഷൻ ഇന്ത്യ സന്ദ൪ശിച്ചപ്പോൾ സാക്ഷികളെ ക്രോസ് വിസ്താരം നടത്തുന്നതിനുള്ള അനുമതിപോലും നിഷേധിച്ചതായും പാക് ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോ൪ട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
