ജ്വല്ലറി കവര്‍ച്ച: നാര്‍ക്കോ പരിശോധന ആവശ്യം കോടതി തള്ളി
text_fieldsകോലഞ്ചേരി: കിഴക്കമ്പലം കാച്ചപ്പള്ളിൽ ജ്വല്ലറി കവ൪ച്ചക്കേസിൽ അറസ്റ്റിലായ തടിയൻറവിട നസീറിനെ നാ൪ക്കോ അനാലിസിസ് പരിശോധനക്ക് വിധേയനാക്കണമെന്ന ക്രൈംബ്രാഞ്ച് ഹരജി കോടതി തള്ളി. നി൪ബന്ധിത നാ൪ക്കോ പരിശോധന പാടില്ലെന്ന 2010ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നസീറിനെ നാ൪ക്കോ പരിശോധനക്ക് വിധേയനാക്കണമെന്ന ക്രൈംബ്രാഞ്ചിൻെറ ആവശ്യം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ആ൪. ജയകൃഷ്ണൻ തള്ളിയത്.
കേസിൻെറ തുടരന്വേഷണത്തിനും കവ൪ന്ന സ്വ൪ണത്തിൻെറ കൈമാറ്റമടക്കമുള്ള നി൪ണയ വിവരങ്ങൾ ലഭിക്കുന്നതിനുമായി പ്രതിയെ നാ൪ക്കോ പരിശോധനക്ക് വിധേയമാക്കേണ്ടത് അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. എന്നാൽ,പരിശോധന പ്രതിക്ക് മാനസികവും ശാരീരികവുമായ പീഡനമാകുമെന്നും ഇത് 2010ലെ സുപ്രീംകോടതി വിധിയുടെ ലംഘനമാകുമെന്നും നസീറിനുവേണ്ടി ഹാജരായ അഭിഭാഷകൻ ബി.എ. ആളൂ൪ വാദിച്ചു.
പ്രതിഭാഗം വാദം അംഗീകരിച്ച കോടതി ക്രൈംബ്രാഞ്ചിൻെറ വാദം തള്ളുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് നസീറിനെ നാ൪ക്കോ പരിശോധനക്ക് വിധേയനാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ട൪ ബിജു കെ. സ്റ്റീഫൻ കോലഞ്ചേരി കോടതിയിൽ ഹരജി നൽകിയത്.
മഅ്ദനിക്കെതിരെ മൊഴി നൽകാൻ തടിയൻറവിട നസീറിനെ നി൪ബന്ധിച്ചു -അഭിഭാഷകൻ
കോലഞ്ചേരി: കിഴക്കമ്പലം ജ്വല്ലറി കവ൪ച്ചക്കേസിൽ മഅ്ദനിക്കെതിരെ മൊഴി നൽകാൻ തടിയൻറവിട നസീറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥ൪ നി൪ബന്ധിച്ചതായി നസീറിൻെറ അഭിഭാഷകൻ ബി.എ. ആളൂ൪.മോഷ്ടിച്ച സ്വ൪ണം മഅ്ദനിക്കാണ് കൈമാറിയതെന്ന് സമ്മതിപ്പിക്കാനാണ് ഉദ്യോഗസ്ഥ൪ ശ്രമിച്ചതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
നസീറിൻെറ നാ൪ക്കോ പരിശോധന ഹരജിയിൽ വിധിപറയുന്ന തിങ്കളാഴ്ച കോലഞ്ചേരി കോടതിയിൽ എത്തിയതായിരുന്നു ആളൂ൪. എന്നാൽ,ഉദ്യോഗസ്ഥരുടെ ആവശ്യത്തെ നസീ൪ എതി൪ത്തതോടെ നസീറിനെ നി൪ബന്ധിച്ച് ചില വെള്ളക്കടലാസുകളിൽ ഒപ്പിടുവിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ കടലാസുകൾ മഅ്ദനിക്കെതിരായ മൊഴിയായി രൂപാന്തരപ്പെട്ടാലും അദ്ഭുതപ്പെടാനില്ലെന്ന് ബി.എ. ആളൂ൪ പറഞ്ഞു.
അതേ സമയം നസീറിനെ നാ൪ക്കോ പരിശോധനക്ക് വിധേയനാക്കണമെന്ന ഹരജി തള്ളിയ കോലഞ്ചേരി കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ലെന്ന് ക്രൈംബ്രാഞ്ച്. സുപ്രീംകോടതി മാ൪ഗ നി൪ദേശം ഉള്ളതിനാലാണ് ഹരജി തള്ളിയതെന്ന് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ട൪ ബിജു കെ. സ്റ്റീഫൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
