Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡോ. സുബ്ബയ്യ...

ഡോ. സുബ്ബയ്യ വിരമിക്കുന്നു, ആദിവാസിഭൂമി തിരികെ നല്‍കാനാകാത്ത വേദനയോടെ

text_fields
bookmark_border
ഡോ. സുബ്ബയ്യ വിരമിക്കുന്നു, ആദിവാസിഭൂമി തിരികെ നല്‍കാനാകാത്ത വേദനയോടെ
cancel

തിരുവനന്തപുരം: 29 വ൪ഷത്തെ കേരള കേഡറിലെ സിവിൽ സ൪വീസ് ജീവിതം അവസാനിപ്പിച്ച് ഡോ. എസ്. സുബ്ബയ്യ വിരമിച്ചത് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകാൻ കഴിയാത്ത ദു:ഖം ബാക്കിയാക്കി. പട്ടികജാതി-വ൪ഗ വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും പട്ടികജാതി വിഭാഗത്തിനുവേണ്ടി സ്ഥാപിക്കുന്ന പാലക്കാട് മെഡിക്കൽ കോളജിൻെറ സ്പെഷൽ ഓഫിസറായി അദ്ദേഹം സംസ്ഥാനത്തുണ്ടാകും.
1975ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഏറ്റെടുക്കലും തിരിച്ച് നൽകലും നിയമം നടപ്പാക്കാൻ ഉത്തരവിട്ട ഏക റവന്യു ഡിവിഷനൽ ഓഫിസ൪ എന്ന നിലയിലാണ് ഡോ. എസ്. സുബ്ബയ്യ സംസ്ഥാനത്തിനകത്തും പുറത്തും ശ്രദ്ധേയനായത്. ഒറ്റപ്പാലം സബ് കലക്ടറായിരിക്കെ 1987 ആഗസ്റ്റ് 12നായിരുന്നു ചരിത്രപ്രസിദ്ധമായ ഉത്തരവിറക്കിയത്. 1975ലെ നിയമപ്രകാരം അട്ടപ്പാടി പാടവയൽ ഊരിലെ കോണൻ നൽകിയ പരാതിയിലായിരുന്നു ഉത്തരവ്. തമ്പി എന്ന ഇസ്മാഈൽ റാവുത്ത൪ കൈവശപ്പെടുത്തിയ 2.3 ഏക്ക൪ ഭൂമി വീണ്ടെടുക്കാനായിരുന്നു ഉത്തരവ്. എന്നാൽ, എതി൪കക്ഷി ഭൂമി നൽകാൻ തയാറാകാത്തതോടെയാണ് ഉത്തരവ് നടപ്പാക്കാൻ സബ് കലക്ട൪ ഡോ. സുബ്ബയ്യനും റവന്യു ഉദ്യോഗസ്ഥരും അട്ടപ്പാടി മല കയറിയത്. പക്ഷേ, കൈയേറ്റക്കാ൪ ആയുധങ്ങളുമായാണ് നേരിട്ടത്. ആദിവാസി ഭൂമികൈവശപ്പെടുത്തിയവരുടെ ചെറുത്ത് നിൽപ്പിനെ തുട൪ന്ന് സബ് കലക്ടറും സംഘവും മടങ്ങി. ഈ സംഭവത്തോടെയാണ് 1975ലെ നിയമം ‘ഫ്രീസ’റിലായത്.
അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാ൪, റവന്യു മന്ത്രി പി.എസ്.ശ്രീനിവാസൻ എന്നിവരുടെ അറിവോടെയാണ് സബ് കലക്ട൪ ഉത്തരവിറക്കിയതെന്ന് പറയുന്നു. മുഖ്യമന്ത്രി അനുകൂലമായിരുന്നെങ്കിലും റവന്യു മന്ത്രി എതിരായിരുന്നത്രെ. ഉത്തരവ് നടപ്പാക്കാനുള്ള ശ്രമം കൈയേറ്റക്കാരുടെ ചെറുത്ത് നിൽപ്പിൽ പരാജയപ്പെട്ടതോടെ സുബ്ബയ്യയെ സ്ഥലം മാറ്റാനാണ് ശ്രമം നടന്നത്. അന്നത്തെ ഒറ്റപ്പാലം എം.പി കെ.ആ൪.നാരായണൻെറ ശക്തമായ ഇടപെടലാണ് സബ് കലക്ടറുടെ കസേരയിൽ തുടരാൻ സഹായകരമായത്. 1987ലെ ഉത്തരവ് സുപ്രീം കോടതിയും ശരിവെച്ചെന്ന ചാരിതാ൪ഥ്യത്തോടെയാണ് ഇപ്പോൾ വിരമിക്കുന്നത്. 2011 ആഗസ്റ്റ് 31ലെ ജസ്റ്റിസ് മാ൪ക്കണ്ഡേയ കഡ്ജു, ജസ്റ്റിസ് പ്രസാദ് എന്നിവരുടെ വിധിയിലാണ് ഉത്തരവ് ശരിവെച്ചത്. പക്ഷേ, 87കാരനായ കോണന് ഇനിയും ഭൂമി കിട്ടിയിട്ടില്ല എന്നത് മറ്റൊരു വിരോധാഭാസം.
1975ലെ നിയമപ്രകാരം ഭൂമി ഏറ്റെടുത്ത് നൽകാൻ സംസ്ഥാനത്താകെ 8553 അപേക്ഷകളാണ് 10177 ഹെക്ട൪ ഭൂമിക്കായി ആ൪.ഡി.ഒ മാ൪ക്ക് ലഭിച്ചത്. ഇതിൽ നിയമം നടപ്പാക്കാൻ ശ്രമിച്ചത് സുബ്ബയ്യ മാത്രവും. അട്ടപ്പാടി സംഭവത്തെ തുട൪ന്ന് ആ൪.ഡി.ഒമാ൪ അപേക്ഷകളിലെ നടപടികൾ നി൪ത്തിവെച്ചു. ഇതിന് പിന്നീട് ജീവൻ വെച്ചത് വയനാടിലെ ഡോ.നല്ലതമ്പി തേര ഹൈകോടതിയൽ നൽകിയ പൊതുതാൽപര്യ ഹരജിയെ തുട൪ന്നും. ആദിവാസികളുടെ അപേക്ഷകളിൽ ആറുമാസത്തിനകം തീ൪പ്പാക്കണമെന്ന് 1993 ഒക്ടോബറിൽ ഹൈകോടതി നി൪ദേശിച്ചു.
കൂടുതൽ വകുപ്പുകളിൽ സേവനം അനുഷ്ഠിച്ച റെക്കോഡുമായാണ് തമിഴ്നാട്ടുകാരനായ ഈ വെറ്ററിനറി ഡോക്ട൪ ഐ.എ.എസിൽ നിന്ന് വിരമിക്കുന്നത്. 1983 കേഡറിൽപെട്ട ഇദ്ദേഹം വയനാട് കലക്ട൪,എക്സൈസ് കമീഷണ൪, സെസ് രജിസ്ട്രാ൪ തുടങ്ങി 26 പദവികളാണ് ഇക്കാലയളവിൽ വഹിച്ചത്. രണ്ട് തവണ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു. സ൪വീസിലായിരിക്കെ ഏത് സമയത്തും പട്ടികജാതി-വ൪ഗ വിഭാഗത്തിൽപ്പെടുന്നവ൪ക്ക് സുബ്ബയ്യയെ കാണാൻ തടസ്സങ്ങളുണ്ടായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story