ഓട്ടോയുടെ മേല്‍ മരവും വൈദ്യുതിത്തൂണും പൊട്ടിവീണ് നവവരന്‍ മരിച്ചു
text_fieldsപാടിയോട്ടുചാൽ: ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയുടെ മുകളിൽ കൂറ്റൻ മരവും വൈദ്യുതിത്തൂണും വീണ് നവവരൻ മരിച്ചു. നവവധുവിനും ഓട്ടോ ഡ്രൈവ൪ക്കും പരിക്കേറ്റു. പുളിങ്ങോം ആറാട്ടുകടവിലെ പുതിയവീട്ടിൽ കൃഷ്ണൻ-ഓമന ദമ്പതികളുടെ മകൻ ഷൈജുവാണ് (29) ദാരുണമായി മരിച്ചത്. പരിക്കേറ്റ ഭാര്യ ആലക്കോട് അരങ്ങം സ്വദേശി കെണ്ടയംകോട് വീട്ടിൽ സൗമ്യ (25), ഓട്ടോ ഡ്രൈവ൪ ഭൂദാനത്തെ നാരായണൻ (50) എന്നിവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പുളിങ്ങോത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചെറുപുഴ പാലത്തിന് സമീപം കൂറ്റൻ മരവും വൈദ്യുതിത്തൂണും പൊട്ടിവീഴുകയായിരുന്നു. അരമണിക്കൂറോളം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവ൪ത്തനത്തിനൊടുവിലാണ് ഇവരെ പുറത്തെടുക്കാൻ കഴിഞ്ഞത്. സംഭവസ്ഥലത്തുതന്നെ ഷൈജു മരിച്ചു.
ജൂൺ 18നായിരുന്നു ഷൈജുവിന്റെയും സൗമ്യയുടെയും വിവാഹം. സൗമ്യയുടെ വീട്ടിൽ പോയി മടങ്ങവേയാണ് ദുരന്തം. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷൈല, ഷൈന എന്നിവ൪ ഷൈജുവിന്റെ സഹോദരങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
