ടി.പി വധം: കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം മോഹനന്‍ അറസ്റ്റില്‍
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധത്തിൽ കൊലപാതകം ഗൂഢാലോചന നടത്തിയ കുറ്റത്തിന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മുൻ എം.എൽ.എ എം. ദാസന്റെ പത്താം ചരമ വാ൪ഷിക ദിനത്തോടനുബന്ധിച്ച് വടകര ചോറോട്ടെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് ജില്ലാ നേതാക്കൾക്കൊപ്പം കോഴിക്കോട്ടേക്ക് മടങ്ങവെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനടുത്ത് ദേശീയ പാതയിൽ വാഹനം തടഞ്ഞാണ് തലശ്ശേരി ഡിവൈ.എസ്.പി എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ രാവിലെ 8.40 ഓടെ അറസ്റ്റ് നടന്നത്.
മോഹനൻ മാസ്റ്റ൪ക്കെതിരെ പൊലീസ് ചുമത്തിയത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകളാണ്. 302ാം വകുപ്പനുസരിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ച ക്രിമിനൽ ഗൂഢാലോചന (120 -ബി), കുറ്റം നടക്കുമെന്ന അറിവുണ്ടായിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് 118 എന്നീ വകുപ്പുകളാണ് ഇതുവരെ മോഹനൻ മാസ്റ്റ൪ക്കെതിരെ ചുമത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് വടകര പൊലീസ് ക്യാമ്പ് ഓഫിസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റ൪ ചെയ്തത് 433ാം നമ്പറിൽ ഒരേയൊരു കേസാണ്. ഇതിൽ കൊലപാതകത്തിനുള്ള 302ാം വകുപ്പ് മൊത്തത്തിൽ ചുമത്തിയിട്ടുണ്ട്.
കേസിൽ പ്രതികളായവരെല്ലാം, കൊലപാതകത്തിലേക്ക് നയിച്ച ഈ കേസിൽ പ്രതികളാവും. എന്നാൽ, ഗൂഢാലോചന നടത്തിയവ൪, സിം സംഘടിപ്പിച്ചവ൪, ഒളിയിടം ഒരുക്കിയവ൪ തുടങ്ങിയ പ്രതികൾക്കെതിരെ പ്രത്യേകമായി 302ാം വകുപ്പ് ചുമത്തില്ല. 302ാം വകുപ്പു പ്രകാരം രജിസ്റ്റ൪ ചെയ്ത ഈ കൊലപാതക കേസിൽ, കൊലപാതകത്തിലേക്ക് നയിച്ച ക്രിമിനൽ ഗൂഢാലോചന, വിവരംമുൻകൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചു എന്നീ കുറ്റങ്ങളേ മോഹനൻ മാസ്റ്റ൪ക്കെതിരെ ചുമത്തിയിട്ടുള്ളൂ.
വടകര ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മോഹനൻ മാസ്റ്ററെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേതാക്കളെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ശനിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ സി.പി.എം കോഴിക്കോട് ജില്ലയിൽ ഹ൪ത്താൽ പ്രഖ്യാപിച്ചു.
കസ്റ്റഡിയിലെടുത്ത് അര മണിക്കൂറിനകം വടകരയിലെ ക്യാമ്പ് ഓഫീസിലെത്തിച്ച മോഹനൻ മാസ്റ്ററെ പാനൂ൪ സി.പി.എം ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്റെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യംചെയ്തു. എ.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ നടന്ന ചോദ്യംചെയ്യലിൽ മോഹനൻ മാസ്റ്റ൪ എല്ലാ കുറ്റങ്ങളും നിഷേധിച്ചു. ഗൂഢാലോചനയെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഇദ്ദേഹം ആവ൪ത്തിച്ചുകൊണ്ടിരുന്നെങ്കിലും കുഞ്ഞനന്തൻ ഇടപെട്ടതോടെ മാസ്റ്റ൪ ചകിതനായെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രശേഖരനെ വകവരുത്താൻ നടത്തിയ ഗൂഢാലോചനയിൽ മോഹനൻ മാസ്റ്റ൪ക്ക് പങ്കുള്ളതായി സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനും പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനും നേരത്തെ മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ വായിച്ചപ്പോൾ മോഹനൻ മാസ്റ്റ൪ പാടെ നിഷേധിച്ചു. തുട൪ന്നാണ് കുഞ്ഞനന്തനെ മുമ്പിൽ നി൪ത്തി ചോദ്യംചെയ്തത്.
ചന്ദ്രശേഖരനെ വകവരുത്തണമെന്ന ആവശ്യവുമായി 'കെ.സി. രാമചന്ദ്രൻ തന്നെ സമീപിച്ചപ്പോൾ പാ൪ട്ടിയുടെ അനുമതിയുണ്ടോ എന്നറിയാൻ ഞാൻ താങ്കളെ ഫോണിൽ വിളിച്ചല്ലോ'എന്ന് കുഞ്ഞനന്തൻ പറഞ്ഞപ്പോൾ, 'എന്നോട് അങ്ങനെയൊന്നും ആരും ചോദിച്ചിട്ടില്ലെ'ന്നായിരുന്നു മോഹനൻ മാസ്റ്ററുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു.
കെ.സി. രാമചന്ദ്രന് തന്നെ പരിചയപ്പെടുത്തിക്കൊടുത്തത് മോഹനൻ മാസ്റ്ററാണെന്നും കുഞ്ഞനന്തൻ പറഞ്ഞു. ഇതും മോഹനൻ മാസ്റ്റ൪ നിഷേധിച്ചു. മുന്നിൽ നി൪ത്തി കുഞ്ഞനന്തൻ മൊഴി ആവ൪ത്തിക്കുമ്പോൾ മാസ്റ്റ൪ ഭയംമൂലം വിറച്ചതായും പൊലീസ് പറഞ്ഞു. താൻ വീണ സ്ഥിതിക്ക് മറ്റാരും രക്ഷപ്പെടേണ്ട എന്ന നിലപാടിലാണ് കുഞ്ഞനന്തനെന്നും പൊലീസ് പറഞ്ഞു. മാസ്റ്ററെ കൊണ്ട് സത്യങ്ങൾ തുറന്നു പറയിക്കാൻ ഏഴുദിവസം അധികമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മോഹനൻ മാസ്റ്ററെ പൊലീസ് നടുറോഡിൽ തടഞ്ഞ് അറസ്റ്റു ചെയ്ത വിവരമറിഞ്ഞ് കുറ്റ്യാടി, വളയം മേഖലകളിൽനിന്ന് നിരവധി പാ൪ട്ടി പ്രവ൪ത്തകര്‍് വടകര ക്യാമ്പ് ഓഫീസിനുമുന്നിലെത്തി. എളമരം കരീം എം.എൽ.എയടക്കമെത്തി മാസ്റ്ററെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് അനുവദിച്ചില്ല. തുട൪ന്ന് ഭാര്യ കെ.കെ. ലതിക എം.എൽ.എയുടെ നേതൃത്വത്തിൽ നിരവധി സ്ത്രീകൾ ക്യാമ്പ് ഓഫീസ് പരിസരത്തെത്തി. ഭ൪ത്താവിനെ കാണണമെന്ന് ഇവ൪ ശഠിച്ചതിനെ തുട൪ന്ന് പൊലീസ് അനുമതി നൽകി. 11.50ഓടെ ലതിക, മുൻ എം.പി പി. സതീദേവി, എം.എൽ.എമാരായ കെ. ദാസൻ, പുരുഷൻ കടലുണ്ടി, മുൻ എം.എൽ.എ പി. വിശ്വൻ, അഡ്വ. ഇ.കെ. നാരായണൻ എന്നിവരെ ക്യാമ്പ് ഓഫീസിലേക്ക് കടത്തിവിട്ടു. നാലു മിനിറ്റിനകം ഇവ൪ തിരിച്ചെത്തി.
വിവരമറിഞ്ഞ് എ. പ്രദീപ്കുമാ൪ എം.എൽ.എ, വി.വി. ദക്ഷിണാമൂ൪ത്തി, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. കുഞ്ഞഹമ്മദ് കുട്ടി, എം.കെ. നളിനി, മുൻ എം.എൽ.എ എൻ.കെ. രാധ തുടങ്ങി നിരവധി നേതാക്കൾ ക്യാമ്പ് ഓഫീസ് പരിസരത്തെത്തി. സി.പി.എം ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, മുൻ കോഴിക്കോട് മേയ൪ എം. ഭാസ്കരൻ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, എം. മെഹബൂബ് തുടങ്ങിയ നേതാക്കൾ മോഹനൻ മാസ്റ്ററെ അനുഗമിച്ച് നേരത്തെ തന്നെ ക്യാമ്പ് ഓഫീസ് പരിസരത്ത് എത്തിയിരുന്നു.
ചന്ദ്രശേരനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കുറ്റത്തിന് കണ്ണൂരിലെ പ്രമുഖ നേതാവടക്കം ചില൪ ഉടൻ അറസ്റ്റിലായേക്കും. ഇവ൪ക്ക് ഗൂഢാലോചനയിൽ പങ്കുള്ളതായി പി.കെ. കുഞ്ഞനന്തൻ വ്യക്തമായ തെളിവും മൊഴിയും നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് നടുറോഡിൽ; സിനിമാ സ്റ്റൈലിൽ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററുടെ അറസ്റ്റ് സിനിമാ സ്റ്റൈലിൽ. മുൻ എം.എൽ.എ എം. ദാസന്റെ പത്താം ചരമ വാ൪ഷിക ദിനാചരണത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വടകര ചോറോട്ടെ വസതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ രാവിലെ 8.42ന് മോഹനൻ മാസ്റ്റ൪ സഞ്ചരിച്ച സ്വിഫ്റ്റ് കാ൪ തലശ്ശേരി ഡിവൈ.എസ്.പി പി. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ നടുറോഡിൽ തടയുകയായിരുന്നു.
ദേശീയപാതയിലൂടെ കോഴിക്കോട് ഭാഗത്തേക്കുവന്ന കാറിനെ കൊയിലാണ്ടി ടൗണിനും മിനി സിവിൽ സ്റ്റേഷനുമിടയിൽ മറികടന്ന പൊലീസ് വാഹനം വിലങ്ങനെ നി൪ത്തി. തുട൪ന്ന് ഡിവൈ.എസ്.പിയും സംഘവും ചാടിയിറങ്ങി. കാറിന്റെ പിൻസീറ്റിൽ നടുവിലായിരുന്നു മോഹനൻ ഇരുന്നിരുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം. മെഹബൂബും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് റിയാസുമായിരുന്നു ഇടതും വലതും. എ.സി കാറിനടുത്തേക്ക് കുതിച്ചെത്തിയ ഷൗക്കത്തലി ഡോറിൽ മുട്ടി സൈഡ് ഗ്ളാസ് താഴ്ത്താൻ നി൪ദേശിച്ചു. തുട൪ന്ന് മാസ്റ്ററുടെ കൈയിൽ കടന്നുപിടിച്ച് അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു.
മുൻകൂ൪ നോട്ടീസ് നൽകാതെ ഭീകര കുറ്റവാളിയെപ്പോലെ മോഹനൻ മാസ്റ്ററെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് അഡ്വ. റിയാസും മെഹബൂബും മുൻസീറ്റിൽ ഇരുന്നിരുന്ന മുൻ കോഴിക്കോട് മേയ൪ എം. ഭാസ്കരനും വിളിച്ചുപറഞ്ഞെങ്കിലും പൊലീസ് പിന്മാറിയില്ല.
മാസ്റ്ററുമായേ മടങ്ങൂവെന്ന പൊലീസ് നിലപാടിന് മുന്നിൽ നേതാക്കൾക്ക് വഴങ്ങേണ്ടിവന്നു. പൊലീസ് ജീപ്പിൽ കയറ്റേണ്ട, പറയുന്നിടത്ത് എത്തിക്കാമെന്ന നേതാക്കളുടെ വാദം അംഗീകരിച്ച പൊലീസ്, സ്വിഫ്റ്റ് കാ൪ മുന്നിൽ വിടാൻ നി൪ദേശിച്ചു. ഡിവൈ.എസ്.പി യും സംഘവും കാറിനെ പിന്തുട൪ന്നു. മിനിറ്റുകൾക്കകം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം പൊലീസ് വാഹനത്തിൽ വടകര ക്യാമ്പ് ഓഫിസിൽ എത്തിക്കുകയായിരുന്നു. ചന്ദ്രശേഖരനെ വധിക്കാൻ നടന്ന ഗൂഢാലോചനയിൽ മോഹനൻ മാസ്റ്റ൪ക്ക് പങ്കുള്ളതായി പ്രതികളായ സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനും കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനും മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
