ഉന്നത നേതാക്കളുടെ അനുമതി വാങ്ങിയെന്ന്കുഞ്ഞനന്തന്‍െറ മൊഴി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ എത്രയും പെട്ടെന്ന് ഇല്ലായ്മ ചെയ്യാൻ പാ൪ട്ടിയിലെ ഏതാനും ഉയ൪ന്ന നേതാക്കളിൽനിന്ന് അനുമതി വാങ്ങിയിരുന്നതായി സി.പി.എം പാനൂ൪ ഏരിയ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻെറ മൊഴി. കണ്ണൂരിലെ പ്രമുഖ നേതാവിൻേറതടക്കം ഉയ൪ന്ന നേതാക്കളുടെ പേരുകൾ ഇയാൾ പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥ൪ സൂചിപ്പിച്ചു.
ഇതിൽ ആരും പ്രതീക്ഷിക്കാത്തവ൪ വരെയുള്ളതിനാൽ കൂടുതൽ അന്വേഷണത്തിനു ശേഷമേ പേരുകൾ പുറത്തുവിടൂവെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് അന്വേഷണസംഘത്തിൻെറ തീരുമാനം. ഏതാനും ദിവസത്തിനകം നേതാക്കളുടെ അറസ്റ്റ് ഉണ്ടായേക്കും. പൊലീസ് സംശയിക്കുന്ന ചില൪ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്.
ശാസ്ത്രീയ ചോദ്യംചെയ്യലിലാണ് കുഞ്ഞനന്തൻ തെല്ലെങ്കിലും മനസ്സു തുറക്കുന്നത്. ഇയാൾ നിഗൂഢതകളുടെ കലവറയാണെന്നും പൊലീസ് പറഞ്ഞു. ആവ൪ത്തിച്ച് ചോദ്യം ചെയ്യുമ്പോൾ, ‘എന്നാൽ പിന്നെ, നിങ്ങളാട്ട് കൂട്ടിക്കോ, എല്ലാ തെളിവും കൈയിലുണ്ടല്ലോ’ എന്ന ഒരു വാചകം കുഞ്ഞനന്തൻ ആവ൪ത്തിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. തെളിവുസഹിതം കാര്യങ്ങൾ ചോദിച്ചപ്പോഴാണ് ഏതാനും നേതാക്കളുടെ പേരു പറയാൻ ഇയാൾ തയാറായത്. കുഞ്ഞനന്തനുമായി ഫോണിൽ ബന്ധപ്പെട്ടവരെ ചോദിച്ചപ്പോൾ ‘വിളിച്ചിട്ടുണ്ട്, ഫോൺ ലിസ്റ്റ് കൈയിലുണ്ടല്ലോ’ എന്ന മറുചോദ്യമാണ് കുഞ്ഞനന്തൻ ഉന്നയിക്കുന്നത്. എന്തിനാണ് രാത്രി വൈകിയും മറ്റും വിളിച്ചതെന്ന് ചോദിച്ചാൽ‘ എൻെറ അസുഖവിവരം അറിയാനായിരിക്കും’ എന്നാണ് മറുപടി.
പൊലീസ് ഇത് ഖണ്ഡിക്കാൻ ശ്രമിച്ചാൽ ‘ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ അവരോട് ചോദിച്ചോളൂ’ എന്നാണ് മറുപടി.കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻെറ നിരന്തര അഭ്യ൪ഥനപ്രകാരം ചന്ദ്രശേഖരനെ വധിക്കാനുള്ള ദൗത്യം സി.പി.എം തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണനെയാണ് ചുമതലപ്പെടുത്തിയതെന്നും ഇത് പാളിയതിനാൽ രാമചന്ദ്രൻ തന്നെ സമീപിക്കുകയാണുണ്ടായതെന്നും തെളിവ് നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞനന്തൻ പറഞ്ഞു.
ചന്ദ്രശേഖരനെ വധിക്കാൻ പാ൪ട്ടി അനുമതിയുണ്ടോയെന്ന് കണ്ണൂരിലെ പ്രമുഖ നേതാവിനോടും കണ്ണൂ൪ ജില്ലക്കാരനായ സംസ്ഥാന നേതാവിനോടും ഫോണിൽ അന്വേഷിച്ചിരുന്നതായും അനുമതി ലഭിച്ചതിനുശേഷമാണ് താൻ ഇടപെട്ടതെന്നും കുഞ്ഞനന്തൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുടെ പേരുകളും കുഞ്ഞനന്തൻ പറഞ്ഞാതായി പൊലീസ് സൂചന നൽകി.
ചന്ദ്രശേഖരനെ വധിക്കാനുള്ള ആവശ്യവുമായി കെ.സി. രാമചന്ദ്രന് തന്നെ സമീപിക്കാൻ ഭയമുണ്ടായിരുന്നു. അതിനാൽ, കോഴിക്കോട്ടെ ഒരു ജില്ലാ സെക്രട്ടേറിയറ്റംഗം മുഖേനയാണ് രാമചന്ദ്രൻ തന്നെ സമീപിച്ചതെന്ന് കുഞ്ഞനന്തൻ സമ്മതിച്ചു. കെ.സി. രാമചന്ദ്രനും നേരത്തേ ഈ വിധം മൊഴി നൽകിയിരുന്നു.
ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം രക്ഷപ്പെട്ട് ചൊക്ളിയിലെത്തിയ കൊലയാളി സംഘത്തെ എങ്ങനെയും രക്ഷപ്പെടുത്താൻ പാ൪ട്ടി നി൪ദേശമുണ്ടായിരുന്നെന്നും കുഞ്ഞനന്തൻ സമ്മതിച്ചു. വീഡിയോവിൽ ചിത്രീകരിക്കുന്ന ഇയാളുടെ മൊഴികളെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണമാരംഭിച്ചു.
കുഞ്ഞനന്തൻ പറഞ്ഞ നേതാക്കളുടെ പേരുകൾ പുറത്താകരുതെന്ന് എ.ഡി.ജി.പി വിൻസൻ എം. പോൾ അന്വേഷണ സംഘത്തിന് ക൪ശന നി൪ദേശം നൽകിയിട്ടുണ്ട്.
ഇനിയും പിടികിട്ടാനുള്ള ക്വട്ടേഷൻ സംഘാംഗം ഷിനോജ്, സഹായി കൂരപ്പൻ എന്നിവ൪ക്കായി പൊലീസ് ഊ൪ജിത അന്വേഷണം തുടരുന്നു. കുഞ്ഞനന്തനെ ഒളിപ്പിച്ച കുറ്റത്തിന് കണ്ണൂ൪ ജില്ലയിലെ ചില നേതാക്കളെ വരുംദിവസങ്ങളിൽ അറസ്റ്റ് ചെയ്യും.
പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ ക്വട്ടേഷൻ സംഘാംഗങ്ങളായ കൊടി സുനി, കി൪മാനി മനോജ്, മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് വടകര കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
