എന്‍.എസ്.എസ് പരിധി ലംഘിക്കരുത്
text_fieldsഞാൻ നായ൪ സമുദായോന്നതിക്കായി നിരന്തരം ആലോചിക്കുകയും പരിശ്രമിക്കുകയും ചെയ്യും. അങ്ങനെയുള്ള ശ്രമങ്ങളിൽ ഇതര സമുദായക്കാ൪ക്ക് ക്ഷോഭകരമായി ഒരു പ്രവൃത്തിയും ചെയ്യുന്നതല്ല. ഈ സംഘോദ്ദേശ്യങ്ങളെ മുൻനി൪ത്തിയും ഉദ്ദേശ്യസാധ്യത്തിനു വേണ്ട ന്യായമായ കരുതലോടുകൂടിയും ജീവിച്ചുകൊള്ളാം. സത്യം, സത്യം, സത്യം. -1914 ഒക്ടോബ൪ 31ന് മന്നത്ത് പത്മഭനാഭൻെറ (1878-1970) നേതൃത്വത്തിൽ രൂപവത്കരിക്കപ്പെട്ട നായ൪ സ൪വീസ് സൊസൈറ്റിയുടെ (എൻ.എസ്.എസ്) ഔദ്യാഗിക പ്രതിജ്ഞാ വാചകമാണിത്. നായ൪ സമുദായത്തിൻെറ ശോചനീയമായ പൊതു അവസ്ഥയാണ് എൻ.എസ്.എസ് രൂപവത്കരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് മന്നം പറയുന്നുണ്ട്. അദ്ദേഹത്തിൻെറ തന്നെ വാക്കുകളിൽ പറഞ്ഞാൽ, ‘കേസുകെട്ട്, താലികെട്ട്, കുതിരകെട്ട്, വെടിക്കെട്ട് എന്നീ നാലുകെട്ടുകൾ സമുദായത്തെ നശിപ്പിച്ചുകൊണ്ടിരിക്കെയാണ് അവ൪ക്കിടയിൽ നവോത്ഥാനത്തിൻെറ സന്ദേശവും സാമ്പത്തിക, വിദ്യാഭ്യാസ പ്രവ൪ത്തനങ്ങളുടെ പ്രാധാന്യവും പറഞ്ഞുകൊണ്ട് എൻ.എസ്.എസ് രംഗത്തുവരുന്നത്.
ലളിതമായി പറഞ്ഞാൽ നായ൪ സമുദായത്തിൻെറ സ൪വതോന്മുഖമായ അഭിവൃദ്ധിയാണ് എൻ.എസ്.എസിൻെറ ലക്ഷ്യം. ഒരു ജനാധിപത്യ സമൂഹത്തിൽ വിവിധ സമുദായങ്ങൾ അവരവരുടെ പുരോഗതി ലക്ഷ്യമാക്കി സംഘടിച്ചു പ്രവ൪ത്തിക്കുന്നതിനെ ആരും എതി൪ക്കുമെന്ന് തോന്നുന്നില്ല. ഇതര സമുദായങ്ങളുമായി സംഘ൪ഷത്തിലാവാത്ത കാലത്തോളം മൊത്തം സമൂഹത്തിൻെറയും രാഷ്ട്രത്തിൻെറയും മുന്നേറ്റത്തിൽ അത് ഗുണപരമായ സംഭാവനകൾ നൽകുമെന്നതാണ് യാഥാ൪ഥ്യം. നായ൪ സമുദായോദ്ധാരണം എന്ന രൂപവത്കരണ ലക്ഷ്യത്തിൽ എൻ.എസ്.എസ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നതും സത്യമാണ്. ഇന്ന് കേരളത്തിൻെറ വിദ്യാഭ്യാസ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം ഏറ്റവും മേൽക്കൈയുള്ള സമുദായമാണിത്. ഉദ്യോഗ, തൊഴിൽ രംഗങ്ങളിലും സംസ്ഥാന, കേന്ദ്ര ഭരണങ്ങളിലും രാഷ്ട്രീയ നേതൃത്വത്തിലുമെല്ലാം ജനസംഖ്യാനുപാതത്തിലും എത്രയോ അധികമാണ് നായ൪ സമുദായത്തിൻെറ പ്രാതിനിധ്യം. ചുരുക്കത്തിൽ, ഒരു സമുദായമെന്ന നിലക്ക് കേരളത്തിലെ മുന്നാക്ക, അധീശ വിഭാഗമാണവ൪. നായ൪ സമുദായം ഇത്തരമൊരു പുരോഗതിയിലേക്ക് എത്തിപ്പെട്ടതിൽ ആരും അസൂയപ്പെടുകയോ അവരോട് കലഹിക്കുകയോ ചെയ്യേണ്ട കാര്യമില്ല. എന്നാൽ, അടുത്ത കാലത്തായി എൻ.എസ്.എസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങൾ, സ്വസമുദായത്തിൻെറ പുരോഗതി എന്നതിലുപരി മറ്റ് സമുദായങ്ങളുടെ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുക എന്നതായി മാറിയിരിക്കുന്നുവെന്ന് ഖേദപൂ൪വം പറയേണ്ടതുണ്ട്. ‘ഇതര സമുദായങ്ങൾക്ക് ക്ഷോഭകരമായ ഒന്നും ചെയ്യുന്നതല്ല’ എന്ന തങ്ങളുടെ തന്നെ പ്രതിജ്ഞാ വാചകം എൻ.എസ്.എസ് മറന്നതുപോലെ തോന്നുന്നു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായ൪ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകൾ സമുദായങ്ങളും സംഘടനകളും തമ്മിൽ പാലിക്കേണ്ട മര്യാദകളുടെ സീമകളെ ലംഘിക്കുന്നതാണ്. മുസ്്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നൽകുന്നതുമായി ബന്ധപ്പെട്ടാണ് എൻ.എസ്.എസും സുകുമാരൻ നായരും ഏറ്റവും രൂക്ഷമായി രംഗത്തിറങ്ങിയത്. അദ്ദേഹത്തിൻെറ വാക്കുകളും ശരീരഭാഷയും വിദ്വേഷം പേറുന്നതായിരുന്നു. നായ൪ സമുദായത്തിന് ജനസംഖ്യാനുപാതത്തിലുമധികം മന്ത്രി സ്ഥാനങ്ങൾ ഉണ്ടായിരിക്കെയാണ് ലീഗിന് അഞ്ചാം സ്ഥാനം നൽകുന്നത് സമുദായ സന്തുലിതത്വം തക൪ക്കുമെന്ന വാദവുമായി അദ്ദേഹം രംഗത്തുവന്നത്. ഈ വാദമുയ൪ത്തി എന്നു മ ാത്രമല്ല, കേരളത്തിൻെറ സാമൂഹിക അന്തരീക്ഷത്തെ കലുഷമാക്കിക്കൊണ്ട് വിപുലമായ പ്രചാരണങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു എൻ.എസ്.എസ്. ന്യൂനപക്ഷങ്ങൾ അസന്തുലിതമായി സ്ഥാനങ്ങൾ നേടുന്നുവെന്നായിരുന്നു അദ്ദേഹമന്ന് വാദിച്ചിരുന്നത്. എന്നാൽ, രാജ്യസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ കോൺഗ്രസിൻെറ രണ്ട് സീറ്റുകളും ഒരു പ്രത്യേക സമുദായക്കാ൪ക്ക് നൽകിയപ്പോൾ സുകുമാരൻ നായ൪ പ്രത്യേകിച്ചൊന്നും പറഞ്ഞതുമില്ല. അപ്പോൾ വെറും ന്യൂനപക്ഷമല്ല, മുസ്്ലിം ന്യൂനപക്ഷമാണ് എൻ.എസ്.എസിൻെറ പ്രശ്നമെന്ന് സംശയിക്കേണ്ടിവരുന്നു. മുസ്്ലിം സമുദായത്തിലുണ്ടാകുന്ന രാഷ്ട്രീയവും സാമൂഹികവുമായ ഉണ൪വുകളെ ഭയക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പ്രവണത -ഇസ്്ലാമോഫോബിയ- ഇന്നൊരു സാ൪വദേശീയ യാഥാ൪ഥ്യമാണ്. നായ൪ സമുദായത്തിന് എന്തെങ്കിലും ലഭിക്കാത്തതല്ല, അവ൪ക്ക് വേണ്ടത്ര മന്ത്രി സ്ഥാനങ്ങളോ സ്കൂളുകളോ ഇല്ലാത്തതല്ല; മുസ്്ലിം സമുദായത്തിന് ലഭിക്കുന്നുവെന്നതാണ് എൻ.എസ്.എസിൻെറ പ്രശ്നം എന്ന് വരുമോ? നരസിംഹറാവു ഗവൺമെൻറ് ഏരിയ ഇൻറൻസീവ് സ്കീമിൽ പെടുത്തി അനുവദിച്ച 35ഓളം സ്കൂളുകൾ ഔദ്യാഗികമായി എയ്ഡഡ് ആക്കുന്നതുമായി (പ്രയോഗത്തിൽ ഇപ്പോൾ തന്നെ അവ എയ്ഡഡ് ആണ്!) ബന്ധപ്പെട്ടുയ൪ന്ന വിവാദങ്ങളിലും എൻ.എസ്.എസിൻെറ ഈ സങ്കുചിത സമീപനം പ്രകടമാണ്. എയ്ഡഡ് സ്കൂളുകളുടെ എണ്ണത്തിൻെറ കാര്യത്തിൽ മറ്റേതൊരു സമുദായത്തേക്കാളും മുന്നിലാണ് എൻ.എസ്.എസ്. ന്യൂനപക്ഷങ്ങൾ സ്വയം പണം കണ്ടെത്തി സ്വാശ്രയ സ്ഥാപനങ്ങളും അൺ എയ്ഡഡ് സ്കൂളുകളും നടത്തുമ്പോൾ സ൪ക്കാ൪ ശമ്പളത്തിൽ പ്രവ൪ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളെക്കൊണ്ട് അനുഗൃഹീതമാണ് എൻ.എസ്.എസ്. ഈ പ്രശ്നത്തിൻെറ പേരിൽ ‘മുഖ്യമന്ത്രി മലപ്പുറത്തേക്ക് താമസം മാറ്റണ’മെന്നുവരെ സുകുമാരൻ നായ൪ പ്രസ്താവിച്ചു കളഞ്ഞു. വിവേകമതിയായ ഒരു നേതാവിൽനിന്ന് പ്രതീക്ഷിക്കുന്നതല്ല ഇത്തരം വാക്കുകൾ.
ഉമ്മൻചാണ്ടി സ൪ക്കാ൪ അടക്കം മാറിമാറി വന്ന ഭരണകൂടങ്ങൾ എൻ.എസ്.എസിന് ചെയ്തു കൊടുത്ത, ഭൂമി ദാനങ്ങളടക്കമുള്ള വൻ ആനുകൂല്യങ്ങൾ ഇവിടെ ആരും അറിയാഞ്ഞിട്ടല്ല. പക്ഷേ, മാന്യതയും സാമൂഹിക സഹവ൪ത്തിത്വം നിലനിൽക്കണമെന്ന ആഗ്രഹവും നിമിത്തം ആരും അത് വിവാദമാക്കാത്തതാണ്. ഈ മാന്യത ദൗ൪ബല്യമായി എൻ.എസ്.എസ് നേതൃത്വം കരുതുന്നത് നല്ലതല്ല. ഇതര സമുദായങ്ങളുമായി ഏറ്റുമുട്ടൽ സൃഷ്ടിക്കുന്ന തരത്തിലുള്ള സുകുമാരൻ നായരുടെയും എൻ.എസ്.എസിൻെറയും സമീപനങ്ങൾ നമ്മുടെ സമൂഹത്തിന് മൊത്തത്തിൽ ദോഷകരമായി ഭവിക്കും. അതിനാൽ എല്ലാവരും ചില പരിധികൾ പാലിക്കാൻ ബാധ്യസ്ഥരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
