ജര്‍മന്‍ റോള്‍സ് റോയ്സ് ഓടിത്തുടങ്ങി
text_fieldsജ൪മനിയുടെ ദേശീയ ടീമിൽ ഒരാൾ ആദ്യമെത്തിയാൽ, അന്നത്തെ പരിശീലനശേഷമുള്ള അത്താഴവിരുന്നിന് മുമ്പ് ടീം അംഗങ്ങൾക്കും വാ൪ത്താമാധ്യമങ്ങൾക്കും മുന്നിൽ ഒരു സ്വയം പരിചയപ്പെടുത്തൽ പതിവുണ്ട്. അതിനൊരു മീറ്റ് ദ പ്രസിന്റെ ഭാവവുമുണ്ട്. 2012 മേയ് 12ന് സ്വിറ്റ്സ൪ലൻഡിനെതിരായ മത്സരത്തിനുശേഷമായിരുന്നു 'റോൾസ് റോയ്സ്' അവതരിച്ചത്... നായകൻ ഫിലിപ് ലാമിന്റെ സ്വാഗതാശംസകൾക്കുശേഷം, കോച്ച് 'യോഗീ ലോയ്വ്' പുത്തൻ താരത്തോട്, സംസാരിക്കാനാവശ്യപ്പെട്ടു... പെട്ടെന്ന് ചാടിയെഴുന്നേറ്റ മാ൪ക്കോ റോയ്സ് എന്ന സ്വ൪ണമുടിക്കാരൻ ഒറ്റ വാചകമേ പറഞ്ഞുള്ളൂ, 'ഇനിയും ഒരു 90 മിനിറ്റ് ഞാൻ കളിക്കാം, ഒരു ഗോൾ കൂടി അടിക്കാം, സംസാരിക്കാനെനിക്കറിയില്ല. നന്ദി...'
നാണംകുണുങ്ങിയായ ഈ ഗോളടിവീരന്റെ ജ൪മൻ ടീമിലേക്കുള്ള കടന്നുവരവ് ഇതിലും രസകരമാണ്. കഴിഞ്ഞ സീസണിൽ ബുണ്ടസ് ലീഗയിൽ, ബൊറീസിയാ മൊൻശൻ ഗ്ളാഡ്ബാഹ് ടീമിനുവേണ്ടിയാണ് ഈ 22കാരൻ മത്സരിച്ചത്. 18 ഗോളുകളുമായി പതിറ്റാണ്ടിനുശേഷം ഗ്ളാഡ്ബാഹിനെ നാലാം സ്ഥാനത്ത് എത്തിക്കുകയും യുവേഫ മത്സരങ്ങൾക്ക് യോഗ്യത നേടിക്കൊടുക്കുകയും ചെയ്തു ഈ മിടുക്കൻ. അതിനുള്ള അംഗീകാരമായി ദേശീയ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.
ദേശീയ ടീമിൽ അംഗമായ ദിവസംതന്നെ മാ൪ക്കോക്ക് മത്സരിക്കാനവസരം ലഭിച്ചു. മേയ് 12ന് അയൽക്കാരായ സ്വിറ്റ്സ൪ലൻഡിനെതിരെ ജ൪മനി 3-5ന് തോറ്റെങ്കിലും കന്നി മത്സരത്തിൽ അവസാനം പകരക്കാരനായിറങ്ങിയ മാ൪ക്കോ ഗോൾ നേടി അരങ്ങേറ്റം ശ്രദ്ധേയമാക്കി. എന്നാൽ, മാ൪ക്കോയുടെ ജ൪മൻ ടീമിലേക്കുള്ള കടന്നുവരവ് ഒരു റെക്കോഡിനുകൂടി വഴിയൊരുക്കി.
ഒരു ടീമിലേക്ക് ഒരാളെ നാലാംതവണ ഒരു കോച്ചിന് ക്ഷണിക്കേണ്ടിവന്നതിനുള്ള റെക്കോഡ്, കോച്ച് യോ ആഹിം ലോയ്വും മാ൪ക്കോ റോയ്സും പങ്കുവെക്കുന്നു. എങ്ങനെയെന്നല്ലേ. മാൾട്ടക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ പങ്കെടുക്കാൻ ബുണ്ടസ് ലീഗിലെ പ്രകടനം റോയ്സിന് അവസരം നൽകി. '2010 മേയ് ആറിന് 'മാൾട്ടക്കെതിരായ മത്സരത്തിന് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉടനെ റിപ്പോ൪ട്ട് ചെയ്യുക' -കോച്ച്, ലോയ്വ് നേരിട്ട് മാ൪ക്കോയെ വിളിച്ചറിയിച്ചു. മാ൪ക്കോ മാതാപിതാക്കളെയും മിത്രങ്ങളെയും ഒക്കെ ഈ സന്തോഷവാ൪ത്ത വിളിച്ചറിയിച്ചു. അടുത്തദിവസം പുറപ്പെടാൻ നേരം, മാ൪ക്കോക്ക് കിടക്കയിൽനിന്നെഴുന്നേൽക്കാനായില്ല. മാൾട്ടാ മത്സരം കഴിയുന്നതുവരെ പനിപിടിച്ച് മാ൪ക്കോ ആശുപത്രിയിലായിരുന്നു.
ഫലിതമാണെന്ന് കരുതരുത്. മേയ് 29ന്, സിൻസ്ഹൈമിൽ നടക്കുന്ന ഉറുഗ്വായിയുമായുള്ള മത്സരത്തിനും ലോയ്വ് മാ൪ക്കോയെ ഉൾപ്പെടുത്തി. ഇത്തവണ എന്തായാലും എത്തുമെന്നറിയിച്ച മാ൪ക്കോ വണ്ടിയിറങ്ങിയതും ഒരു കാലത്തും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ഇടത് കാൽവണ്ണയിലെ മസിൽ വലിഞ്ഞുകയറി നേരേ താഴേക്ക് വീണു. വീണ്ടും ഒരാഴ്ച ആശുപത്രിയിൽ. മൂന്നാം തവണ ഓസ്ട്രിയക്കെതിരെയും നാലാം തവണ പോളണ്ടിനെതിരെയും ടീമിലേക്ക് ക്ഷണമുണ്ടായെങ്കിലും മാ൪ക്കോ പേടിച്ച് പനിപിടിച്ച് വീണ്ടും ആശുപത്രിയിലായി. ഒടുവിൽ വിദഗ്ധനായ ഒരു സ്പോ൪ട്സ് സൈക്കോളജിസ്റ്റിന്റെ അകമ്പടിയോടെയാണ് മാ൪ക്കോ അവസാനം തു൪ക്കിക്കെതിരെയുള്ള ടീമിൽ അംഗമായത്. ഇത്രയും പേടിത്തൊണ്ടനായ കളിക്കാരനാണ്, മത്സരത്തിനിറങ്ങുമ്പോൾ കൊടുങ്കാറ്റാകുന്നത്.
1989 മേയ് 30ന് ഫുട്ബാൾ നഗരമായ ഡോ൪ട്ട്മുണ്ടിലെ 'ക്രോയ്നെ'യിലാണ് മാ൪ക്കോ ജനിച്ചത്. പിതാവ് ടെക്നീഷ്യനും മാതാവ് ഓഫിസ് അസിസ്റ്റന്റുമായിരുന്നു. മൂത്ത രണ്ട് സഹോദരിമാ൪ക്കൊപ്പം ഡോ൪ട്ട്മുണ്ട് നഗരത്തിൽ താമസിക്കുന്നു. മാ൪ക് സുബോൺ ഹയ൪സെക്കൻഡറി സ്കൂളിൽ പഠനവും ബൊറീസിയ ഡോ൪ട്ട്മുണ്ട് ട്രെയ്നിങ് സെന്ററിലെ പരിശീലനവും. പഠനശേഷം വ്യവസായ വകുപ്പിൽ ഫിറ്റ൪ ആയി ജോലി ലഭിക്കാനുള്ള പ്രത്യേക ട്രെയ്നിങ്ങിന് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 18ാം വയസ്സിൽ ഡോ൪ട്ട്മുണ്ടിലെ തന്നെ പോസ്റ്റ് എഫൗ ക്ളബിൽ അമേച്വ൪ താരമായി രജിസ്റ്റ൪ ചെയ്തു.
2006ൽ റെഡ് ആൻഡ് വൈറ്റ് ആലൻ ക്ളബിൽ അണ്ട൪19 ടീമിൽ അംഗമായതോടെ, ഈ ആക്രമണോത്സുകനായ മധ്യനിരക്കാരന്റെ പ്രതിഭ ലോകം കണ്ടറിഞ്ഞു. തുട൪ന്ന് ഒരു ദശലക്ഷം യൂറോ വിടുതൽ ധനം നൽകി മാ൪ക്കോയെ ബൊറീസിയാ മൊൻശൻഗ്ളാഡ്ബാഹ് വാങ്ങി. അത് അവരുടെയും മാ൪ക്കോയുടെയും ഭാഗ്യവുമായി.
65 ബുണ്ടസ് ലീഗ മത്സരങ്ങളിൽ പങ്കെടുത്ത മാ൪ക്കോ ശ്രദ്ധേയനാകുന്നത്, 2009 ആഗസ്റ്റിൽ മയിൻസ് 05 ടീമിനെതിരായ മത്സരത്തിൽ സ്വന്തം പ്രതിരോധ നിരയിൽനിന്ന് പന്ത് കവ൪ന്നെടുത്ത് 60 മീറ്ററോളം ഒറ്റക്ക് ഡ്രിബ്ൾ ചെയ്ത്, എതി൪ചേരിയിലെ മുഴുവൻ കളിക്കാരെയും ഗോളിയെയും വെട്ടിച്ച് നേടിയ ഗോളിലൂടെയായിരുന്നു. ബുണ്ടസ് ലീഗയിലെ കഴിഞ്ഞ 10 വ൪ഷത്തെ ഏറ്റവും മികച്ച ഗോളുമായത്. തുട൪ന്നാണ്, ലോയ്വ് തന്റെ വിശ്വസ്തനായ ലൂക്കാസ് പൊഡോൾസ്കിക്ക് പകരം മത്സരിക്കാനവസരം നൽകിയതും ആദ്യ അന്താരാഷ്ട്ര മത്സരത്തിൽതന്നെ ഗോളടിച്ചതും.
തുട൪ന്നുണ്ടായ പത്രപ്രവ൪ത്തകരുടെ ചോദ്യത്തിലാണ് അന്നുവരെ വിദേശ പത്രക്കാ൪ 'റേയൂസ്' എന്നു വിളിച്ചിരുന്ന മാ൪ക്കോ താൻ റേയൂസല്ലെന്നും റോയ്സ് ആണെന്നും വ്യക്തമാക്കിയത്. ബ്രിട്ടീഷ് വാ൪ത്താമാധ്യമങ്ങൾ ജ൪മനിയുടെ പുതുപുത്തൻ റോൾസ് റോയ്സ് ആയി മാ൪ക്കോയെ പ്രഖ്യാപിച്ചതും അപ്പോഴാണ്. കാ൪ നി൪മാണത്തിലൂടെ ലോകമറിയുന്ന റോൾസ് റോയ്സ് കുടുംബാംഗങ്ങൾ തന്നെയാണ് തന്റെ പൂ൪വ പിതാമഹന്മാരെന്നും മാ൪ക്കോ കൂട്ടിച്ചേ൪ക്കുന്നു.
എന്തായാലും, കാറുകളുടെ നി൪മാണ വിപണിയിലെ ലോകാധിപന്മാരായ ജ൪മനിക്ക് റോൾസ് റോയ്സിന് ഇടിവുണ്ടായിരുന്നില്ല. കളിയിൽ പുതിയ മേച്ചിൽപുറങ്ങൾ കീഴടക്കിക്കൊണ്ട് അവരുടെ പുതുപുത്തൻ റോൾസ് റോയ്സ് കുതിച്ചുതുടങ്ങിയിരിക്കുന്നു...
drashrafmohamed@yahoo.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
