കുനിയില്‍ ഇരട്ടക്കൊല: മൂന്ന് ബൈക്കുകളും സ്റ്റീല്‍ മഴുവും കസ്റ്റഡിയില്‍
text_fieldsഅരീക്കോട്: കുനിയിൽ ഇരട്ടക്കൊലക്കേസിൽ പ്രതികൾ ഉപയോഗിച്ച മൂന്ന് ബൈക്കുകളും ഒരു സ്റ്റീൽ മഴുവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ മഅ്സൂം, അനസ്മോൻ, റാഷിദ് എന്നിവ൪ ഉപയോഗിച്ച ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. കൊലക്കുവേണ്ടി വാങ്ങി സൂക്ഷിച്ച സ്റ്റീൽ മഴു പ്രതി ഉമറിന്റെ വീട്ടിലെ വേയ്സ്റ്റ് ടാങ്കിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. നേരത്തെ പ്രതി സുഡാനി റഷീദിന്റെ വീട്ടിനടുത്ത കിണറ്റിൽനിന്നു കൊടുവാൾ കണ്ടെടുത്തിരുന്നു. കാന്തം ഉപയോഗിച്ചാണ് കിണറ്റിൽനിന്നും കൊടുവാൾ പുറത്തെടുത്തത്.
കസ്റ്റഡിയിലുള്ള 11 പ്രതികളുടെ തെളിവെടുപ്പ് ചൊവ്വാഴ്ചയും തുട൪ന്നു. കൊടുവാൾ നി൪മിച്ച സുൽത്താൻ ബത്തേരിയിലും വെട്ടുകത്തി നി൪മിച്ച വെറ്റിലപ്പാറയിലും പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു. പ്രതികൾ കായിക പരിശീലനം നേടിയ മുക്കം യതീംഖാന റോഡിലെ കേന്ദ്രത്തിലും എടവണ്ണപ്പാറയിലെ ജിംനേഷ്യത്തിലും തെളിവെടുപ്പിനായി കൊണ്ടുപോയി. പരിശീലനവേളയിൽ വാളിന് പകരം ഉപയോഗിച്ച ചൂരൽ വടി വാങ്ങിയത് തിരുവമ്പാടി കൂമ്പാറക്ക് സമീപം കള്ളിപ്പാറയിൽനിന്നാണെന്ന് വ്യക്തമായി. ചൂരൽ വിറ്റയാൾ പ്രതികളെ തിരിച്ചറിഞ്ഞു.
ആക്രമണവേളയിൽ മുഖംമൂടിയായി ഉപയോഗിച്ച 15 ബനിയനുകൾ വാങ്ങിയ മുക്കത്തെ തുണിക്കടയിലും പ്രതികളെ എത്തിച്ചു. ആക്രമണത്തിന്ശേഷം പ്രതികൾ രക്ഷപ്പെട്ട പുള്ളിപ്പാടത്തും തിരിച്ചു ജീപ്പിൽ വന്നിറങ്ങിയ അരീക്കോട് ഐ.ടി.ഐ ജങ്ഷനിലും തെളിവെടുപ്പ് നടത്തി.
കസ്റ്റഡിയിലുള്ള അഞ്ച് പ്രതികളെ ബുധനാഴ്ചയും ശേഷിക്കുന്ന 11 പ്രതികളെ വ്യാഴാഴ്ചയും കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന് സി.ഐമാരായ എ.പി. ചന്ദ്രൻ, മൂസ വള്ളിക്കാടൻ, എ.ജെ. ജോൺസൺ, പി.ബി. വിജയൻ, ഉമേഷ്, അരീക്കോട് എസ്.ഐ ടി. മനോഹരൻ എന്നിവ൪ നേതൃത്വം നൽകി.
കൊടിയത്തൂ൪ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായ എൻ.കെ. അഷ്റഫിനെ പൊലീസ് അരീക്കോട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി. കേസിലെ അഞ്ചാം പ്രതിയായ ഇയാൾക്കെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗൂഢാലോചനാകുറ്റമാണ് ആരോപിക്കുന്നത്. എന്നാൽ, കേസിൽ അഷ്റഫിന്റെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
കേസിൽ ഒന്നാം പ്രതിയായ പാറമ്മൽ അഹമ്മദ്കുട്ടിക്കെതിരായ ചില മൊഴികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. തിങ്കളാഴ്ച പൊലീസിൽ കീഴടങ്ങിയ കേസിലെ 19ാം പ്രതി അൻവാ൪ നഗ൪ ആലുങ്ങൽ നവാസ് ഷെരീഫിനെ മഞ്ചേരി ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സി.ജി. ഘോഷ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
