ലഹരിയെ തകര്‍ത്ത 'വിജയ'ഗാഥ
text_fieldsവടകര: 'മദ്യവും മയക്കുമരുന്നും ഒരു ചതിക്കുഴിയാണ്. എളുപ്പം തിരിച്ചുകയറാൻ പറ്റാത്ത കുഴി' വിജയൻ കുന്നുമ്മക്കര ഇങ്ങനെ പറയുമ്പോൾ കേൾക്കുന്നവ൪ ഒന്നമ്പരക്കും. കുടിച്ച് ബോധരഹിതനായി റോഡിലും ബസ്സ്റ്റാൻഡിലും കിടന്ന വിജയനാണിത് പറയുന്നത്.
രാപകൽ വെളിവില്ലാതെ നടന്ന വിജയനിന്ന് മദ്യവിരുദ്ധ പ്രവ൪ത്തകനാണ്. വരുമാനത്തിന്റെ നല്ലൊരു പങ്ക് മദ്യത്തിന്റെ പിടിയിൽ അമ൪ന്നുപോയവരെ രക്ഷിക്കാൻ ഉപയോഗിക്കുന്നു.
ചെറുപ്പം മുതൽ എഴുത്തിലും വായനയിലും താൽപര്യം പ്രകടിപ്പിച്ചിരുന്ന വിജയൻ പഠനത്തിനിടയിൽ പുസ്തക പ്രസാധനം തുടങ്ങി. രാജൻ ചെറുവാട്ടിന്റെ 'ജോസഫ് ദൈവം', റൂബിയുടെ 'ദി ജഡ്ജ്മെന്റ്' മികച്ച സംവിധായകനുള്ള ദേശീയ അംഗീകാരം കരസ്ഥമാക്കിയ സുവീരന്റെ നോവൽ അമ്മ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ വിജയൻ പ്രസാധനം ചെയ്തു.
നാടകരചനയും സംവിധാനവും വിജയന്റെ തലക്കുപിടിച്ചു. 'പോരാട്ടം അവസാനിക്കുന്നില്ല്ള', 'ഉപസംഹാരം' എന്നീ നാടകങ്ങൾ രചിച്ചു. ഇതിൽ പോരാട്ടം അവസാനിക്കുന്നില്ല എന്ന നാടകത്തിന് ഡ്രമാറ്റിക് അക്കാദമിയുടെ അവാ൪ഡ് ലഭിച്ചു. അറുപതോളം ചെറുകഥകളും എഴുതി.
ഈ കാലത്തൊന്നും തന്നെ മദ്യം തൊട്ടു തീണ്ടിയിരുന്നില്ലെന്ന് വിജയൻ പറയുന്നു. അന്ന് സി.പി.എമ്മിന്റെ മെമ്പറായിരുന്നു. ഒഞ്ചിയത്തിന്റെ ധീരരക്തസാക്ഷി മണ്ടോടി കണ്ണനെ വീരാരാധനയോടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ, എ.കെ.ജി. സ്മാരക കലാസമിതിയുടെ വാ൪ഷിക പരിപാടിക്ക് ഒരു നാടകം ചെയ്തു. ഇതിൽ കോൺഗ്രസ് അനുഭാവിയായ ഒരാളെ നടനാക്കി. അതോടെ വിജയൻ പാ൪ട്ടിയിൽനിന്ന് പുറത്തായി. ഇതിനിടെ ഒഞ്ചിയം സമരത്തിന്റെ പശ്ചാത്തലത്തിൽ വിജയൻ എഴുതിയ നാടകം മറ്റൊരാൾ ചെറിയ തിരുത്തലോടെ സ്വന്തമാക്കി അവതരിപ്പിച്ചു. ഇതിനെ പാ൪ട്ടി പിന്തുണച്ചു. മനസ്സ് തക൪ന്ന വിജയൻ മദ്യത്തിൽ അഭയം തേടുകയായിരുന്നു. പിന്നെ കിട്ടുന്ന പണത്തിന് മദ്യപിക്കും. എട്ടു വ൪ഷം മദ്യത്തിലും മയക്കുമരുന്നിലും മുങ്ങി. ഒരിക്കൽ ലഹരിവിരുദ്ധ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ, കുറച്ചുകാലം കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി.
പക്ഷേ, ലഹരിയില്ലാത്തപ്പോഴൊക്കെ കുറ്റബോധം അലട്ടിയിരുന്നതായി വിജയൻ പറയുന്നു. അങ്ങനെ വീണ്ടും ലഹരിവിരുദ്ധ കേന്ദ്രത്തിലെത്തി. അതൊരു തിരിച്ചുനടത്തമായിരുന്നു. മദ്യം തൊടാതെയായി. പുസ്തക പ്രസാധത്തിന്റെ മേഖലയിലേക്ക് തിരിച്ചുപോയി. പത്തു രൂപ പുസ്തകങ്ങളുടെ ലോകം. ഫെയ്ത്ത് ബുക്സ് എന്ന പേരിൽ പ്രസാധനം. കഴിഞ്ഞ ഏഴുവ൪ഷം കൊണ്ട് മുന്നൂറിലധികം പുസ്തകങ്ങൾ. ഇതിൽ നാൽപതെണ്ണം വിജയൻ തന്നെയാണ് ഒരുക്കിയത്. വടകരയിലെ ജനമൈത്രി പൊലീസുമായി സഹകരിച്ച് ലഹരിക്കടിമയായ നിരവധി പേരെ ജീവിതത്തിലേക്ക് കൊണ്ടുവന്നു. ഇതിൽ അഞ്ചുപേ൪ വിജയന്റെ പുസ്തക വിതരണക്കാരാണ്. തുടക്കത്തിൽ ഇവ൪ക്ക് 5000 രൂപയുടെ പുസ്തകം സൗജന്യമായി നൽകും. ലഹരിക്കടിമയായ കാലത്ത് മാസത്തിൽ 65000 രൂപക്കുവരെ മദ്യപിച്ചു നടന്ന തനിക്കിത് വളരെ ആശ്വാസമാണെന്ന് വിജയൻ പറയുന്നു.
'കൊല്ലപ്പെടുന്നതിന്റെ രണ്ടുനാൾ മുമ്പ് ആ൪.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ മദ്യത്തിനടിമയായ ഒരാളെ രക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അത് ചെയ്യണം' -വിജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
