Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഷൂട്ടൗട്ടില്‍...

ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിന് ‘ഹാര്‍ട്ട് ബീറ്റ്’; അവസാന നാലില്‍ അസൂറികള്‍

text_fields
bookmark_border
ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിന് ‘ഹാര്‍ട്ട് ബീറ്റ്’; അവസാന നാലില്‍ അസൂറികള്‍
cancel

ഒരു ക്ളാസിക് മത്സരത്തിൽനിന്ന് പ്രതീക്ഷിച്ചതൊക്കെ -സൗന്ദര്യവും സംഭ്രമവും ഉദ്വേഗവും ആഹ്ളാദവും നിരാശയും -അതുപടി ലഭിച്ച മത്സരമായിരുന്നു 14ാമത് യൂറോകപ്പിലെ അവസാന ക്വാ൪ട്ട൪ ഫൈനൽ. പരമ്പരാഗത വൈരികളായ ഇറ്റലിയും ഇംഗ്ളണ്ടും തമ്മിലുള്ള 23ാമത്തെ മത്സരമായിരുന്നു അത്. ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഷൂട്ടൗട്ടിൻെറ നൂൽപാലത്തിൽ 4-2ന് അസൂറികൾ പത്താം വിജയമാഘോഷിച്ചു. ഏഴു വിജയവുമായി ഇംഗ്ളണ്ട് കാത്തിരിക്കുന്നു.

തുടക്കം ഒപ്പത്തിനൊപ്പം
മുപ്പതാം സെക്കൻഡിൽ മാറിയോ ബാലോറ്റെല്ലിയുടെ ഒരു ലോങ്റെയ്ഞ്ച൪ മാഞ്ചസ്റ്റ൪ സിറ്റിയിൽ സഹതാരമായ ഇംഗ്ളണ്ട് ഗോളി ജോ ഹാ൪ട്ടിനെ വിരട്ടിക്കൊണ്ടാണ് നാലാം ക്വാ൪ട്ട൪ തുടങ്ങിയത്. മൂന്നാം മിനിറ്റിൽ, മധ്യനിരയിൽ നിന്നെത്തിയ ഡാനിയേലോ ഡി റോസിയുടെ 25 വാര അകലെ നിന്നുള്ള തക൪പ്പൻ വോളി ഹാ൪ട്ടിനെ കീഴടക്കിയെങ്കിലും അലൂമിനിയം പോസ്റ്റിനെ പിടിച്ചുകുലുക്കി ഗതിമാറി. തൊട്ടടുത്ത നിമിഷം അതേ ശൗര്യത്തോടെ മുൻനിരയിൽനിന്ന് പന്തുമായെത്തിയ ഇംഗ്ളീഷ് രക്ഷാഭടൻ ഗ്ളെൻ ജോൺസൺ ഷേക് ഹാൻഡ് അകലത്തിൽനിന്ന് തൊടുത്തുവിട്ട തന്ത്രപരമായ ഷോട്ട് തൻെറ പരിചയവും മനസ്സാന്നിധ്യവും ഉപയോഗപ്പെടുത്തി ഇറ്റാലിയൻ നായകൻ ഗിയാൻലൂയിജി ബഫൺ ഇടംകൈകൊണ്ട് കോരിയെടുത്ത് അപകടമൊഴിവാക്കി.
‘ബാക് ടു ട്രെഡിഷൻ’ എന്ന മുദ്രാവാക്യവുമായി 4-4-2 പരമ്പരാഗത ശൈലിയായിരുന്നു റോയ് ഹോഡ്സൺ ക്ളാസിക് മത്സരത്തിന് ഇംഗ്ളീഷ് ടീമിനെ അണിനിരത്തിയത്. ഹാ൪ട്ടിന് പിന്തുണയുമായി ജോൺസണും മുൻനായകൻ ജോൺടെറിയും ജോലിയോൺ ലസ്കോട്ടും ആഷ്ലികോളും പിൻനിരകാത്തു. പരിചയസമ്പന്നനായ ടെറി അപാരഫോമിലായിരുന്നു. ബാലോടെല്ല്ളിയെ നിയന്ത്രിക്കാനുള്ള ചുമതല സിറ്റിയിലെ മറ്റൊരു സഹതാരം ലസ്കോട്ടിനായിരുന്നു. ഇരുവരുടെയും സൗഹൃദ മത്സരം തീപാറുന്നതുമായി.
ഇംഗ്ളണ്ട് മധ്യനിരയിൽ മികവ് കാട്ടിയത് മിൽന൪-പാ൪ക്ക൪ സഖ്യത്തിൻെറ തന്ത്രപരമായ നീക്കങ്ങളായിരുന്നു. കോളിനും നായകൻ സ്റ്റീഫൻ ജെറാഡിനും ഇവ൪ അവസരം തുറന്നുകൊടുത്തുകൊണ്ടിരുന്നു. എന്നാൽ, ഇംഗ്ളണ്ട് മുന്നേറ്റനിരയിൽ റൂണിയും വെൽബെക്കും പ്രതീക്ഷിച്ചപോലെ മുന്നേറിയതുമില്ല. ഇറ്റാലിയൻ നിരയിൽ പരുക്കേറ്റ ചീല്ലിനിക്ക് പകരം ലിയനാ൪ഡോ ബോനൂച്ചിക്കായിരുന്നു പ്രതിരോധ നിരയുടെ പൂ൪ണ ചുമതല. ‘വലകാക്കുന്ന ഭൂത’മെന്ന വിശേഷണമുള്ള ബഫണിനൊപ്പം ഇഗ്നേഷ്യോ അബാറ്റെ, ആൻദ്രേ ബ൪സാഗ്ലി, ബോനൂച്ചി, ഫെഡറിക്കോ ബൽസരേറ്റി എന്നിവ൪ കോട്ടകെട്ടി.
ഇരുഗോൾമുഖത്തേക്കും പന്ത് കയറിയിറങ്ങിയ ജീവസ്സുറ്റ മത്സരത്തിൽ മിൽനറും പാ൪ക്കറും കൂടി നടത്തിയ മുന്നേറ്റങ്ങൾ ഫലിക്കാതായപ്പോൾ റൂണിക്കും വെൽബെക്കിനും ലോങ്റെയ്ഞ്ചറുകൾ പരീക്ഷിക്കേണ്ടിവന്നു. ഇംഗ്ളണ്ടിൻെറ മുന്നേറ്റങ്ങളൊക്കെ അവസാനിച്ചത് ഇറ്റലി ഗോൾപോസ്റ്റിൻെറ ഇടത് പാ൪ശ്വത്തിലായിരുന്നു. അവിടെനിന്ന് പായിക്കുന്ന ഷോട്ടുകൾ തടുക്കാൻ ബഫൺ ആയാസപ്പെടുമെന്ന വിശ്വാസത്തിലായിരുന്നിത്. എന്നാൽ, ബനൂച്ചിയും ബൽസരേറ്റിയും സമ൪ഥമായി ഈ തന്ത്രത്തിന് തടയിട്ടു.
ഇടത്,വലതുവശം മാറി മറിഞ്ഞ് ആക്രമിച്ച ബാലോടെല്ലി ചുഴലിക്കാറ്റായി മാറിയെങ്കിലും ഗോൾമാത്രം അകന്നു. ഇറ്റാലിയൻ പ്രതിരോധനിരയിൽ ബ൪സാഗ്ലിയുമായി ചേ൪ന്ന് പന്തുകൾ സ്വീകരിച്ച് മോൺടോലിവിയോക്കും കസാനോക്കും പാസ്നൽകി ഗോളടിപ്പിക്കാനും ബാലോടെല്ലി ശ്രമിച്ചു.

കളംഭരിച്ച് ഇറ്റലി
രണ്ടാം പകുതിയിൽ ഇറ്റാലിയൻ മധ്യനിര കളംഭരിച്ചു. ഓരോ നീക്കത്തിനും ക്ളാസിക് ടച്ച് നൽകി പി൪ലോ, മ൪ച്ചീസിയോ, മോൺടോലിവിയോ ത്രയം കൊണ്ടെത്തിച്ച ക്രോസുകൾ തുട൪ച്ചയായി കോ൪ണ൪ വഴങ്ങിയാണ് ലസ്കോട്ടും ടെറിയും ഇംഗ്ളണ്ടിനെ രക്ഷിച്ചത്.
ഇംഗ്ളണ്ട് പൂ൪ണമായും പ്രതിരോധ തന്ത്രങ്ങളിലേക്ക് ഉൾവലിയുന്ന കാഴ്ചയായിരുന്നു ഇടവേളക്കുശേഷം. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡി റോസി, മൊണ്ടോലിവിയോ, ബാലോടെല്ലി എന്നിവ൪ ഗോളിനടുത്തെത്തിയെങ്കിലും വല കുലുങ്ങിയില്ല. ഒരു മണിക്കൂറിനുശേഷം റോയ് ഹഡ്സൺവെൽബെക്കിന് പകരം ആൻഡി കരോളിനെയും മിൽന൪ക്ക് പകരം തിയോ വാൽക്കോട്ടിനെയും രംഗത്തിറക്കി. വൈകിയ വേളയിൽ ഇരുവ൪ക്കും കാര്യമായിട്ടൊന്നും ചെയ്യാനായില്ല. സ്കോ൪ ബോ൪ഡിൽ ചലനങ്ങളുണ്ടാകാതെ പോയതോടെ അധിക സമയത്തേക്ക് കളിനീണ്ടു. എക്സ്ട്രാ ടൈമിലും ഗോൾവലകളും നിശ്ചലമായതോടെ ടൈബ്രേക്ക൪ അനിവാര്യമായി.

വിധി ഷൂട്ടൗട്ടിലേക്ക്
സിറ്റി താരങ്ങളുടെ ഏറ്റുമുട്ടലായി ആദ്യ കിക്ക്. വലകാത്തത് ഹാ൪ട്ട്. കിക്കെടുത്തത് ബാലോടെല്ലി. ഗോളുകളുടെ തോഴനായ ബാലോടെല്ലി അനായാസം ഇറ്റലിയെ മുന്നിലെത്തിച്ചു. ഇറ്റലിക്കുവേണ്ടി അവരുടെ പരിചയസമ്പന്നനായ പി൪ലോ സാങ്കേതികമികവുറ്റ ചിപ്പ് ഷോട്ടിലൂടെ പന്ത് സ്പിൻ ചെയ്ത് വലയിലെത്തിച്ചത്, ആവേശകരമായി. ടൈബ്രേക്കറിൻെറ നെഞ്ചിടിപ്പിൽ റൂണിക്കും ജെറാഡിനും മാത്രമേ ബഫണിനെ മറികടക്കാനായുള്ളൂ. ആഷ്ലി യങ്ങിൻെറ ഷോട്ട്പോസ്റ്റിൽ തട്ടിമടങ്ങിയപ്പോൾ ആഷ്ലി കോളിൻെറ ഷോട്ട് കൈകളിലൊതുക്കി ബഫൺ സെമിയിലേക്കുള്ള വഴി ഭദ്രമാക്കി. ഇറ്റലിക്കുവേണ്ടി നൊചേറീനോയും ദിയാമൻറിയും സ്കോ൪ ചെയ്തപ്പോൾ മോൺടോലിവിയോയുടെ കിക്ക് പുറത്തേക്ക് പോയി.
ഇംഗ്ളീഷുകാ൪ക്ക് എന്നും പെനാൽറ്റി ഷൂട്ടൗട്ട് ദുരന്താനുഭവമാണ്. 90ലെ ലോകകപ്പ് സെമിയിലേതുപോലെ അവ൪ക്ക് അതാവ൪ത്തിക്കേണ്ടിവന്നു. സമ്മ൪ദങ്ങളുടെ തോഴന്മാരാണ് തങ്ങളെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു അസൂറികൾ. വാതുവെപ്പ് വിവാദങ്ങളെ തുട൪ന്ന് ഇത്തവണ യൂറോകപ്പിൽനിന്ന് മാറ്റിനി൪ത്തപ്പെടുമോ എന്ന് സംശയിക്കത്തക്കവിധമുള്ള അനിശ്ചിതത്ത്വങ്ങൾക്ക് നടുവിൽ ബൂട്ടുകെട്ടിയാണ് ഒരു സമ്മ൪ദവും പ്രശ്നമാക്കാതെ നീലപ്പട കളിക്കുന്നത്. കപ്പുമായി റോമിലെത്തിയാൽ കേസും കോടതിയുമൊക്കെ പഴങ്കഥയാകുമെന്ന തിരിച്ചറിവ് ആരോപണങ്ങളുടെ നിഴലിൽ നിൽക്കുന്ന ബഫണിനും കസാനോക്കുമൊക്കെ പ്രചോദനം പകരുന്നുണ്ടാകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story