കുര്യാക്കോസ് മാര്‍ ക്ളിമീസ് മെത്രാപ്പോലീത്തക്ക് മാനസിക വിഭ്രാന്തി -യാക്കോബായ സഭ
text_fieldsകോലഞ്ചേരി: വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ കുര്യാക്കോസ് മാ൪ ക്ളിമീസ് മെത്രാപ്പോലീത്തക്ക് മാനസിക വിഭ്രാന്തിയാണെന്ന് യാക്കോബായ സഭ. വെളിപ്പെടുത്തലിനെത്തുട൪ന്ന് ഞായറാഴ്ച ചേ൪ന്ന അടിയന്തര വ൪ക്കിങ് കമ്മിറ്റിക്കുശേഷം നടന്ന വാ൪ത്താസമ്മേളനത്തിലാണ് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാ൪ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി തമ്പു ജോ൪ജ് തുകലൻ എന്നിവ൪ ഇക്കാര്യം വ്യക്തമാക്കിയത്. ഇടുക്കി ഭദ്രാസനാധിപനായ ഇദ്ദേഹം സഭയോ ഭദ്രാസന കൗൺസിലോ അറിയാതെയാണ് കോടികളുടെ ബാധ്യത വരുത്തിവെച്ചത്. ഇക്കാര്യത്തിൽ സഭക്ക് ഉത്തരവാദിത്തമില്ല. മൂന്നുകോടി രൂപ സഭക്ക് നൽകിയെന്ന അവകാശവാദം കള്ളമാണ്. അഞ്ചുലക്ഷം രൂപ സംഭാവനയായി നൽകിയ അദ്ദേഹം രസീതും കൈപ്പറ്റിയിട്ടുണ്ട്.
വസ്തു ഇടപാടുകൾക്ക് വേണ്ടി മെത്രാപ്പോലീത്ത പലരിൽ നിന്നും പണം കടംവാങ്ങിയിട്ടുണ്ടെന്നും പറഞ്ഞ അവധിക്ക് പണം നൽകാതായതോടെ കടക്കാരുടെ ശല്യം മൂലം മാനസിക വിഭ്രാന്തി വ൪ധിച്ചതായും ഇവ൪ പറഞ്ഞു.
സഭാ പാരമ്പര്യത്തിന് നിരക്കാത്ത ചിന്തകളും ആരാധനാ രീതികളുമാണ് ഇദ്ദേഹത്തിൻേറത്. സ്ത്രീകളുമായുള്ള അമിത സമ്പ൪ക്കത്തെ പലവട്ടം വിലക്കിയിരുന്നതാണ്. അനാഥകളും വിധവകളുമായ അനേകം സ്ത്രീകളെ കബളിപ്പിച്ച് വൻതുക സമ്പാദിച്ചതായും ഇതേതുട൪ന്ന് ഇവരുടെ ജീവിതം വഴിമുട്ടിയതായും സഭാ സെക്രട്ടറി തമ്പുജോ൪ജ് തുകലൻ പറഞ്ഞു. തെറ്റ് തിരുത്താൻ തയാറായാൽ സംരക്ഷിക്കുന്നകാര്യം ആലോചിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവ, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാ൪ ഇവാനിയോസ്, കുര്യാക്കോസ് മാ൪ യൗസേബിയോസ്, സഖറിയാ മാ൪ പോളികാ൪പസ്, മാത്യൂസ് മാ൪ അന്തിമോസ് തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
