കുഞ്ഞനന്തനെ സഹായിച്ച എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍
text_fieldsപയ്യന്നൂ൪/ പാനൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തനെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ പ്രസിഡന്റ് സരിൻ ശശി അറസ്റ്റിൽ.
ഞായറാഴ്ച വൈകീട്ട് 5.45ഓടെ വെള്ളൂരിലെ വീട്ടിൽവെച്ചാണ് പയ്യന്നൂ൪ സി.ഐ പി.കെ. ധനഞ്ജയബാബു സരിൻ ശശിയെ അറസ്റ്റ് ചെയ്തത്. അതിനിടെ കുഞ്ഞനന്തനെ ഒളിവിൽ കഴിയാൻ സഹായിച്ച സി.പി.എം പാനൂ൪ ഏരിയാ സെക്രട്ടറി കെ.കെ.പവിത്രൻ മാസ്റ്റ൪ക്ക് വടകര ഓഫിസിൽ ഹാജരാവാൻ പൊലീസ് നോട്ടീസ് നൽകുകയും ചെയ്തു. സരിൻ വീട്ടിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെതുട൪ന്ന് പൊലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പയ്യന്നൂ൪ പൊലീസ് സ്റ്റേഷനിലെത്തിച്ച സരിൻ ശശിയെ ടി.പി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വടകരയിലേക്ക് കൊണ്ടുപോയി.
നാലുദിവസം മുമ്പ് സരിനെ തേടി പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസും പതിച്ചിരുന്നു.പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ സരിൻ ഒളിവിൽ കഴിയുകയായിരുന്നു.
ഒളിത്താവളമൊരുക്കിയെന്നാരോപിച്ച് എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ. നിഷാദിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞനന്തൻ കീഴടങ്ങിയതിനുശേഷവും അന്വേഷണസംഘം പയ്യന്നൂരിൽ ക്യാമ്പ് ചെയ്ത് വരുകയാണ്. പവിത്രൻ മാസ്റ്റ൪ക്ക് ഞായറാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ തിങ്കളാഴ്ച രാവിലെ 10ന് ഹാജരാവാമെന്നാണ് അറിയിച്ചത്. അതേസമയം പാനൂ൪ ഏരിയാ കമ്മിറ്റി ഓഫിസിലെ വാഹനത്തിന്റെ ഡ്രൈവ൪ കാരായീന്റവിട ഷാംജിത്തിനെ (30) പാനൂ൪ പൊലീസ് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. കുഞ്ഞനന്തനെ കോടതിയിൽ കീഴടങ്ങാൻ സഹായിച്ചു എന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
