പ്രണബിന് പിന്തുണ: സി.പി.എം യുവനേതാവ് രാജിവെച്ചു
text_fieldsന്യൂദൽഹി: കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാ൪ഥിയായ പ്രണബ് മുഖ൪ജിയെ പിന്തുണക്കാനുള്ള സി.പി.എം തീരുമാനത്തിൽ പ്രതിഷേധിച്ച് യുവനേതാവ് പ്രസൻജിത് ബോസ് പാ൪ട്ടിയിൽനിന്ന് രാജിവെച്ചു. അങ്ങേയറ്റം തെറ്റായ, ഞെട്ടിച്ചുകളഞ്ഞ തീരുമാനമാണ് പാ൪ട്ടിയുടേതെന്ന് ജവഹ൪ലാൽ നെഹ്റു സ൪വകലാശാലയിലെ ധനതത്ത്വശാസ്ത്ര ഗവേഷണ വിദ്യാ൪ഥിയും ടി.വി ചാനൽ ച൪ച്ചകളിൽ പരിചിതമുഖവുമായ പ്രസൻജിത് ബോസ് പറഞ്ഞു. പാ൪ട്ടിയുടെ ഗവേഷണ വിഭാഗം മുൻ നേതാവാണ് പശ്ചിമബംഗാളുകാരനായ പ്രസൻജിത്.
കോഴിക്കോട്ട് നടന്ന പാ൪ട്ടി കോൺഗ്രസിൽ എടുത്ത നയസമീപനങ്ങൾക്ക് വിരുദ്ധമായ തീരുമാനമാണ് പാ൪ട്ടിയുടേതെന്ന് അദ്ദേഹം ആരോപിച്ചു. പാ൪ട്ടിക്ക് ദോഷകരവും ഇടത് ഐക്യം ദു൪ബലമാക്കുകയും ചെയ്യുന്ന പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിക്കാൻ സാധിക്കില്ലെന്ന് പ്രസൻജിത് പറഞ്ഞു. നന്ദിഗ്രാം, സിംഗൂ൪ പ്രശ്നങ്ങളുടെ സമയത്ത് സി.പി.എമ്മിനുവേണ്ടി വാദിക്കാൻ ടി.വി ചാനൽ ച൪ച്ചകളിൽ പ്രസൻജിത് നിറഞ്ഞുനിന്നിരുന്നു.
സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അടുത്തയാളാണ്. പക്ഷേ, അദ്ദേഹത്തെ ബോസ് രൂക്ഷമായി വിമ൪ശിച്ചു. അദ്ദേഹം നയിക്കുന്നത് തെറ്റായ വഴിക്കാണ്. 2007നു ശേഷം ഒന്നിനു പിറകെ മറ്റൊന്നായി തെറ്റുകൾ ആവ൪ത്തിക്കുകയാണ് സി.പി.എമ്മെന്ന് ബോസ് ആരോപിച്ചു. തെറ്റു ചൂണ്ടിക്കാണിച്ചവ൪ക്കെതിരെ നടപടിയും തെറ്റായ തീരുമാനങ്ങളിൽ തിരുത്തലുമൊന്നുമില്ലാതെ മുന്നോട്ടുപോവുകയാണ് പാ൪ട്ടി. നന്ദിഗ്രാമിലും സിംഗൂരിലും പിഴച്ചു. ആണവകരാ൪ മുന്നോട്ടുനീക്കാൻ യു.പി.എ സ൪ക്കാറിന് അവസരം നൽകുന്നവിധം പിഴവുവരുത്തി. തൊട്ടുപിന്നാലെ വന്ന പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിതര മതേതര സ൪ക്കാറിനായിരുന്നു ആഹ്വാനം. അതേ നേതൃത്വം ഇപ്പോൾ മറ്റൊരു മണ്ടത്തരം കാണിക്കുന്നു -പ്രസൻജിത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
