Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightഒരു വിമതന്റെ കഥ;...

ഒരു വിമതന്റെ കഥ; വിജയങ്ങളുടെയും

text_fields
bookmark_border
Ozil
cancel

പതിനഞ്ചാം വയസ്സിൽ ഒരു ബാലന്റെ മനസ്സിൽ എന്തൊക്കെയാവും? ചാഞ്ചാട്ടങ്ങൾക്കും അതിമോഹങ്ങൾക്കും പ്രചോദനങ്ങൾക്ക് വശംവദനാകാനുള്ള സാധ്യതകൾക്കുമൊക്കെയാണിവിടെ സ്ഥാനം; പരിഗണന. എന്നാൽ, കൗമാരത്തിലേക്ക് കാലുകുത്തുംമുമ്പേ മെസൂത് യ്യോസീൽ എന്ന ചെക്കൻ തന്റെയും കുടുംബാംഗങ്ങളുടെയും ഭാവിതന്നെ അപകടപ്പെടുത്തിയേക്കാവുന്ന ധീരമായ ഒരു തീരുമാനം പ്രഖ്യാപിച്ചു, പ്രാവ൪ത്തികമാക്കി, മഹത്തായ മാതൃകയും കാണിച്ചു.
ജ൪മനിയിലെ റൂ൪ നദിയുടെ ചുറ്റുവട്ടത്തുള്ള ഗെൽഷൻക്്ശൻ എന്ന പ്രവിശ്യക്കൊരു പ്രത്യേക പേരുകൂടിയുണ്ട്. 'ഇസ്തംബൂൾ എന്നാണതറിയപ്പെടുന്നത്. യൂറോപ്പിൽ ഏറ്റവും അധികം തു൪ക്കികളും കു൪ദുകളും താമസിക്കുന്ന ഇടമായതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. മറ്റൊരു പ്രത്യേകതകൂടിയുണ്ട് ഈ പ്രദേശത്തിന്- കാൽപന്തുകളി ചോരയിലുള്ളവരാണ് ഇവിടത്തുകാ൪. വിഖ്യാതമായ ഷാൽക്കേ-04 ടീമും അവരുടെ അവിസ്മരണീയമായ പോരാട്ടങ്ങൾ നടക്കുന്ന മഹാദ്ഭുതമായിക്കാണുന്ന ഷാൽക്കേ അറീനയെന്ന സ്റ്റേഡിയവും ഇവിടെയാണ്.
'ഗെസ്റ്റ് ആ൪ ബൈറ്റ൪' എന്ന ജ൪മൻ സംജ്ഞയുടെ വിവ൪ത്തനം, അതിഥിയായിട്ടെത്തിയ തൊഴിലാളിയെന്നാണ്. അങ്ങനെ മെസൂതിന്റെ മൂന്നു തലമുറക്ക് മുമ്പുള്ള പിതാമഹന്മാ൪ ഗെൽഷൻ ക്ശനിലെത്തി. മെസൂതിന്റെ പിതാവ് ജനിച്ചതും ഗെൽഷൻക്ശനിൽത്തന്നെയായിരുന്നു.
ഇനിയാണ് കഥ തുടങ്ങുന്നത്. പിതാവ് കാൽപന്തുകളിക്കാരനായതുകൊണ്ട് സ്വാഭാവികമായും പുത്രനും അതേവഴി സഞ്ചരിച്ചു. തു൪ക്കികൾക്ക് ഭൂരിപക്ഷമുള്ള മേഖലയായതുകൊണ്ട് അവ൪ക്കൊപ്പമായി കളി. വെറുതെ സമയംകളയാൻ കളിച്ചുനടന്നുവെന്നു മാത്രം. ശാസ്ത്രീയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. പിതാവ് മെല്ലെ പ്രഫഷനൽ ഫുട്ബാൾ രംഗത്തെത്തി. തു൪ക്കിയിൽനിന്നുള്ള കളിക്കാരെ സംഘടിപ്പിച്ച് ചെറുകിട ടീമുകൾക്ക് കളിക്കാരെ വിതരണം ചെയ്യുന്ന പ്രഫഷനൽ മാനേജ്മെന്റ് ഗ്രൂപ്പും സംഘടിപ്പിച്ചു. മെസൂത് കളിക്കാരനാകുമെന്നോ പ്രശസ്തനാകുമെന്നോ പിതാവിനുപോലും നിശ്ചയമില്ലായിരുന്നു.
അന്ത൪മുഖനായ മെസൂത് ബാല്യത്തിലേ മറ്റൊരു ശൈലിയാണ് സ്വീകരിച്ചത്. പാരമ്പര്യ തു൪ക്കി സംസ്കാരം വിട്ട്, തനി 'സായു' ആയി ജ൪മൻ ജീവിതശൈലി. എന്നിരുന്നാലും മതപരമായ ആചാരങ്ങളിൽ അസാധാരണമായ കാ൪ക്കശ്യവും കാണിച്ചു.
ഇന്റ൪ സ്കൂൾ ഫുട്ബാൾ മത്സരത്തിൽ അവിചാരിതമായിട്ടാണ് അവസരം ലഭിച്ചത്്. കായികാധ്യാപകൻ ഒരു ദിവസം വെറുതെ ചോദിച്ചതാണ്, പന്തുകളിക്കുന്നുവോയെന്ന്. അതിനുമുമ്പ് ശാസ്ത്രീയ പരിശീലനമൊന്നും ലഭിച്ചിരുന്നില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു. സൗമ്യനും ശാന്തനും സ്നേഹസമ്പന്നനുമായിരുന്നുവെങ്കിലും മെസൂത് പഠനത്തിൽ പിന്നിലായിരുന്നു. ശരാശരിയിൽ താഴെയായതുകൊണ്ട് സ്കൂൾ അധികൃത൪തന്നെ പഠനസമയത്തിനുശേഷം പ്രത്യേക ക്ളാസുകളും നൽകിയിരുന്നു. എന്നാൽ, കിട്ടുന്ന അവസരങ്ങളിൽ കൂട്ടുകാ൪ക്കൊപ്പം പന്തുതട്ടിയിരുന്ന മെസൂതിന്റെ പന്തടക്കം കണ്ടറിഞ്ഞ അധ്യാപകനാണ് ടീമിലേക്ക് ക്ഷണിച്ചതും ആകസ്മികമായ ആ അരങ്ങേറ്റമുണ്ടായതും. മത്സരത്തിൽ മെസൂതിന്റെ ബ൪ഗ് ഫെൽഡ് സ്കൂൾ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ബിസ്മാ൪ക് സ്കൂളിനെ പരാജയപ്പെടുത്തിയപ്പോൾ മെസൂതിന്റെ വക ഗോളുകളൊന്നുമുണ്ടായില്ലെങ്കിലും അതൊരു ചരിത്രനിയോഗമായി. മൂന്നു ഗോളുകളും അന്നടിപ്പിച്ചത് മെസൂതായിരുന്നു. അതൊരു തുടക്കമായിരുന്നില്ല; മഹത്തായ ഒരു കടന്നുവരവുതന്നെയായി. അതിനുശേഷം ഇന്നുവരെ ലോകത്തിലെ വമ്പൻ ടീമുകൾക്കും ജ൪മനിയെന്ന ഫുട്ബാൾ രാജ്യത്തിനും വേണ്ട ഗോളുകളൊക്കെ അടിപ്പിക്കുന്നത് മെസൂത് എന്ന മിതഭാഷിയായി!
തുട൪ന്ന് ജ൪മനിയുടെ 'യു'-15 ടീമിലേക്ക് ക്ഷണക്കത്ത് കിട്ടിയപ്പോൾ അതൊരു മഹാകോളിളക്കത്തിന് വഴിമരുന്നിട്ടു; പിതാവടക്കം അറിയാവുന്നവരൊക്കെ ആ ക്ഷണം നിരസിക്കാനും തു൪ക്കിക്കുവേണ്ടി ബൂട്ടുകെട്ടിയാൽ സമ്പന്നനാകുമെന്നും പറഞ്ഞു. ജ൪മനിയിൽ വമ്പൻ താരങ്ങളുള്ളതുകൊണ്ടും 'നാസിപാരമ്പര്യം' പൂ൪ണമായി വിട്ടിട്ടില്ലാത്തതുകൊണ്ടും മെസൂതിന് സീനിയ൪ ടീമിൽ അംഗത്വം ലഭിക്കില്ലെന്നും പ്രചാരണമുണ്ടായി. തീരുമാനമെടുക്കേണ്ട ദിവസം പ്രവിശ്യയിലെ തു൪ക്കി സമിതി അധ്യക്ഷനടക്കം, വലിയവരൊക്കെ, യ്യോസീൽ കുടുംബ്ധിലെ അത്താഴസന്ധ്യക്കുണ്ടായി; കൊച്ചു മെസൂത് മുതി൪ന്നവ൪ക്കുപോലും പെട്ടെന്നെടുക്കാൻ കഴിയാത്ത തീരുമാനം പ്രഖ്യാപിച്ചു- ഞാൻ ജനിച്ചതും വള൪ന്നതും ഞാൻ കുടിക്കുന്ന ജലവും ശ്വസിക്കുന്ന വായുവും 'ഡോയ്ച്ലന്റിന്റേ'താണ്് (ജ൪മനിയുടേത്). ഞാൻ എന്റെ മാതൃഭൂമിക്കുവേണ്ടിയാണ് കളിക്കുക. അതൊരു അപകടകരമായ പ്രഖ്യാപനവുമായി. നൂറി ഷാഹിനും ആൾട്ടീൻ ടഫ് ഇരട്ടകളുമൊക്കെ മെസൂതിനെപ്പോലെ ജ൪മൻ വായു ശ്വസിക്കുന്നവരായിരുന്നുവെങ്കിലും കാര്യം വന്നപ്പോൾ തു൪ക്കിയിലേക്ക് കൂറുകാട്ടി. കാൽ തല്ലിയൊടിക്കുമെന്നും വീടിന് തീവെക്കുമെന്നും ഒക്കെ ഭീഷണിയുണ്ടായിട്ടും യ്യോസീൽ തീരുമാനം മാറ്റിയില്ല. യു-15, യു-18, യു-21 ടീമുകളിലൊക്കെ ജ൪മനിക്ക് പന്ത് കൈമറിയാൻ മെസൂത് യ്യോസീലുണ്ടായി. ഒടുവിൽ ജ൪മനിക്ക് ഒഴിവാക്കാൻ പറ്റാത്ത കളിക്കാരനായ മെസൂതിന്റെ മാത്രം മികവിലായിരുന്നു കഴിഞ്ഞ ലോകകപ്പിൽ ജ൪മനി അതിശക്തന്മാരായ ഇംഗ്ളണ്ടിനെയും അ൪ജന്റീനയെയും മറികടന്നത്.
രണ്ട് രാജ്യങ്ങളിലെ ജനങ്ങളുടെ പ്രാ൪ഥനയുമായാണ് മെസൂത് യ്യോസീൽ ഇന്ന് ജ൪മനിയെ സെമിയിലെത്തിക്കാൻ ഡൻസിഷിൽ ഗ്രീസിനെതിരെ ബൂട്ടുകെട്ടുന്നത്. ജ൪മൻ മധ്യനിരയുടെ പൂ൪ണ ചുമതലയും ഈ ചെറിയ മനുഷ്യനിലാണ്. അതുകൊണ്ടാണ് കോച്ച് യോ ആഹിംലോയ്വ്, 'ഇവനാണ് എന്റെ മിഡ്ഫീൽഡ് ജനറലെന്നും കഴിഞ്ഞ ലോകകപ്പിൽ ജ൪മനിയെ മുന്നിൽനിന്ന് നയിച്ച അതേ മാന്ത്രിക ഭാവവുമായി ഇത്തവണയും ജ൪മനിയെ മുന്നിൽനിന്ന് നയിക്കുമെന്നും' മെസൂതിനെ മാറോടണച്ച് വാ൪ത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story