തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണ്‍
text_fieldsകഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ആനക്കൂട്ടം കരിമ്പിൻ തോട്ടത്തിൽ കയറിയ പോലെയാണ് ചിട്ടിക്കമ്പനികൾ കേരളത്തിൽ മേയുന്നത്. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ പല തവണ മയക്കുവെടി വെച്ചങ്കിലും ഏറ്റില്ല. ഒടുവിൽ സുപ്രീംകോടതി വേണ്ടിവന്നു ഇവയെ തളക്കാൻ.
ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടു നിയമങ്ങളാണ് ഉണ്ടായിരുന്നത്. ഇതിൽ ആദ്യത്തേത് 1975ൽ പാസാക്കിയ കേരള ചിട്ടി ആക്ടാണ്. തട്ടിപ്പ് തടയാൻ ക൪ശന വ്യവസ്ഥകളടങ്ങിയ ഈ നിയമം മറികടക്കാനാണ് കേരളത്തിലെ കമ്പനികൾ കോയമ്പത്തൂ൪, ബംഗളൂരു, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ ഓഫിസുകൾ തുറന്ന് ചിട്ടി നടത്തിയിരുന്നത്. ചിട്ടികൾ തകരുന്നത് വ്യാപകമായപ്പോൾ 1982ൽ കേന്ദ്ര സ൪ക്കാ൪ ചിട്ടി നിയമം പാസാക്കി. ഒരേ വിഷയത്തിൽ രണ്ട് നിയമം വരുകയും അതിൽ ത൪ക്കമുണ്ടാവുകയും ചെയ്താൽ കേന്ദ്ര നിയമമായിരിക്കും നിലനിൽക്കുകയെന്ന് ഭരണഘടനയുടെ 254ാം വകുപ്പ് വിശദീകരിച്ചിട്ടുണ്ട്.
എന്നാൽ, നടപടിക്രമങ്ങളുടെ പോരായ്മ മൂലം സംസ്ഥാനത്തെ പല ചിട്ടിക്കമ്പനികളും ഏത് നിയമമനുസരിച്ചാണ് പ്രവ൪ത്തിക്കുകയെന്നതിൽ അവ്യക്തത തുട൪ന്നു. ഇത് മുതലെടുത്താണ് പല കുറിക്കമ്പനികളും ഇവിടെ നിയമവിരുദ്ധ പ്രവ൪ത്തനം നടത്തിയത്.
കേരള ചിട്ടി ആക്ട് ഭേദഗതിക്കെതിരെ ചിട്ടി ഫോ൪മാൻ അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ 2012 മേയ് എട്ടിന് പുറപ്പെടുവിച്ച വിധിയിൽ കേന്ദ്ര നിയമമാണ് ചിട്ടിക്കമ്പനികൾക്ക് ബാധകമാകുകയെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കി. ഒപ്പം കേരള നിയമസഭ പാസാക്കിയ നിയമവും 2002ലെ ഭേദഗതിയും സുപ്രീംകോടതി അസാധുവാക്കുകയും ചെയ്തു. കേന്ദ്ര-സംസ്ഥാന നിയമങ്ങൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട് എന്ന് വ്യക്തമായതിനാലാണ് കേരള ചിട്ടി ആക്ട് റദ്ദാക്കുന്നതെന്ന് സുപ്രീംകോടതി വിശദീകരിച്ചിട്ടുണ്ട്. ഈ വിധിക്ക് ഒരാഴ്ച മുമ്പ് അതായത് 2012 ഏപ്രിൽ 30ന് കേന്ദ്ര സ൪ക്കാ൪ കേരളവും ഹരിയാനയും അടങ്ങുന്ന ആറ് സംസ്ഥാനങ്ങളിൽകൂടി 1982ലെ കേന്ദ്ര ചിട്ടി നിയമം നിലവിൽ വന്നതായി പ്രഖ്യാപിച്ചു. അതോടെ, ജമ്മു-കശ്മീ൪ ഒഴികെ രാജ്യത്ത് എല്ലായിടത്തും കേന്ദ്ര ചിട്ടി ആക്ട് പ്രാബല്യത്തിൽ വന്നു.
രാജ്യത്ത് പ്രാബല്യത്തിലിരിക്കുന്ന മറ്റ് ഏതൊരു നിയമത്തിലും പറയുന്നത് എന്തായാലും ഈ നിയമത്തിനായിരിക്കും പ്രാമുഖ്യമെന്ന് കേന്ദ്ര നിയമത്തിന്റെ മൂന്നാം വകുപ്പ് വ്യക്തമാക്കുന്നു. നിയമം സംബന്ധിച്ച ത൪ക്കങ്ങൾ ഇതോടെ അവസാനിച്ചു. കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നതായി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന 30.04.2012ന് ശേഷം തുടങ്ങുന്ന ചിട്ടികൾക്കായിരിക്കും 1982ലെ കേന്ദ്ര ചിട്ടിനിയമം ബാധകമാവുകയെന്ന് സുപ്രീംകോടതി വിധിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ തീയതിയിൽ നിലവിലുള്ള ചിട്ടികൾക്ക് 1975ലെ സംസ്ഥാന നിയമമായിരിക്കും ബാധകം. പുതിയ നിയമപ്രകാരം അനുമതിവാങ്ങി രജിസ്റ്റ൪ ചെയ്യാത്ത ഒരു ചിട്ടിയും ഇനി സംസ്ഥാനത്ത് തുടങ്ങാനാവില്ല. സ൪ക്കാ൪ അനുമതി കിട്ടിയെന്നതിന്റെ രേഖകൂടി ഉൾപ്പെടുത്താതെ പുതിയ ചിട്ടിയിൽ വരിക്കാരെ ചേ൪ക്കാനാവില്ല. വരിക്കാരനും ചിട്ടി ഫോ൪മാനും തമ്മിൽ വ്യക്തമായ കരാ൪ ഉണ്ടായിരിക്കണം. ഇത് ചിട്ടി രജിസ്ട്രാറുടെ പക്കൽ ഫയൽ ചെയ്യുകയും വേണം. ഇതിൽ തവണകളുടെ എണ്ണം, ഓരോ തവണക്കും അടക്കേണ്ട തുക, തവണ മുടങ്ങിയാൽ നൽകേണ്ട പിഴ എന്നിവയടക്കം ചിട്ടിയുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തണം. ഓരോ തവണയും ചിട്ടിപിടിക്കുന്ന ആളെ നിശ്ചയിക്കുന്ന രീതി ചിട്ടി പിടിക്കുന്നയാൾ നൽകേണ്ട പരമാവധി ഡിസ്കൗണ്ട് തുക എന്നിവയും മുൻകൂ൪ പരസ്യപ്പെടുത്തേണ്ടിവരും. ഇത് 40 ശതമാനത്തിൽ കൂടാൻ പാടില്ല. ഒന്നിലേറെപേ൪ ഈ ഇളവ് സമ്മതിച്ചാൽ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തണം.
ഒരു ചിട്ടിയുടെയും കാലാവധി അഞ്ചു വ൪ഷത്തിൽ കൂടാൻ പാടില്ലെന്നും പുതിയനിയമം പറയുന്നു. എന്നാൽ, നടത്തിപ്പുകാരന്റെ വിശ്വാസ്യതയും ഈടും മറ്റുകാര്യങ്ങളും പരിഗണിച്ച് ഈ കാലാവധി 10 വ൪ഷം വരെ നീട്ടാൻ സംസ്ഥാന സ൪ക്കാറിന് അധികാരം നൽകിയിട്ടുണ്ട്. ഒരുലക്ഷം രൂപയിൽ കുറയാതെ അടച്ചുതീ൪ത്ത മൂലധനം ഉള്ളവ൪ക്കേ ഇനി ചിട്ടി നടത്താനാവൂ. ഇതിൽ കുറവ് മൂലധനമുള്ളവ൪ മൂന്നു വ൪ഷ ത്തിനകം ഇത് കണ്ടെ ത്തണം. ഈ കാലാവധി രണ്ടു വ൪ഷംകൂടി നീട്ടാൻ സംസ്ഥാന സ൪ക്കാറിന് അധികാരമുണ്ട്. ഇതിനുശേഷമേ പുതിയ ചിട്ടികൾ തുടങ്ങാ നാവൂ.
ഓരോ കമ്പനിയും റിസ൪വ് ഫണ്ട് ഉണ്ടാക്കുകയും ഓരോ വ൪ഷത്തെയും ലാഭത്തിൽനിന്ന് 10 ശതമാനത്തിൽ കുറയാത്ത തുക ഈ ഫണ്ടിൽ ഉൾപ്പെടുത്തുകയും വേണം. രജിസ്ട്രാറുടെ അനുമതിയോടെയേ ഇതിൽ നിന്ന് പണം എടുക്കാനാവൂ. ചിട്ടിക്കമ്പനികൾ പേരിനൊപ്പം ചിറ്റ് ഫണ്ട്, ചിട്ടി, കുറി എന്നിവയിൽ ഏതെങ്കിലും ഒരു വാക്ക് ചേ൪ത്തിരിക്കണം. ചിട്ടി ബിസിനസ് നടത്താത്തവ൪ ഈ വാക്കുകൾ ഉപയോഗിക്കാനും പാടില്ല. സംസ്ഥാന സ൪ക്കാറിന്റെ അനുമതിയില്ലാതെ ചിട്ടിക്കമ്പനികൾ മറ്റേതെങ്കിലും ബിസിനസുകൾ നടത്തുന്നത് പുതിയ നിയമം നിരോധിച്ചിട്ടുണ്ട്.
വ്യക്തികൾക്ക് നടത്താവുന്ന ചിട്ടിയുടെ പരിധി ഇനി 25000 രൂപയായിരിക്കും. നാലു പേ൪ ചേ൪ന്നുള്ള പങ്കു ബിസിനസിൽ ഈ പരിധി ഒരു ലക്ഷമാണ്. സഹകരണ സൊസൈറ്റിയോ കമ്പനിയോ നടത്തുന്ന ചിട്ടികളുടെ ആകത്തുക അവയുടെ മൊത്തം മൂലധനത്തിന്റെ പത്തിരട്ടിയിൽ കൂടാൻ പാടില്ല. ഫോ൪മാന് കിട്ടുന്ന കമീഷൻ, കുടിശ്ശിക, വരിക്കാരിൽനിന്ന് ഈടാക്കുന്ന പിഴ എന്നിവയൊഴികെയുള്ള പണം ചിട്ടി ബിസിനസ് നടത്താനല്ലാതെ ഉപയോഗിക്കാനാവില്ല. നിലവിൽ വക മാറ്റിയിട്ടുണ്ടെങ്കിൽ മൂന്നു വ൪ഷത്തിനകം അവ പിൻവലിക്കണം. എല്ലാ ചിട്ടിവരിക്കാരുടെയും അനുമതിയില്ലാതെ ചിട്ടി കരാറിൽ മാറ്റം വരുത്താനാവില്ല. ചിട്ടി നറുക്കും ലേലവും എവിടെ നടക്കുമെന്ന് വരിക്കാരെ മുൻകൂട്ടി അറിയിച്ചിരിക്കണം. രണ്ടു വരിക്കാരുടെയെങ്കിലും സാന്നിധ്യം ഇല്ലാതെ ഇവ നടത്താനാവില്ല. നറുക്കെടുപ്പ് സംബന്ധിച്ച വിവരങ്ങൾ മിനിറ്റ്സിൽ രേഖപ്പെടുത്തി പക൪പ്പ് രജിസ്ട്രാ൪ക്ക് നൽകണം.
പുതിയ സ്ഥലത്ത് ചിട്ടി തുടങ്ങാൻ ആ പ്രദേശത്തെ ചിട്ടി രജിസ്ട്രാറുടെ അനുമതി വാങ്ങണം. ചിട്ടിത്തുകക്ക് തുല്യമായ പണം രജിസ്ട്രാറുടെ പേരിൽ അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിനുശേഷമേ ചിട്ടി തുടങ്ങാൻ അനുവാദം ലഭിക്കൂ. ചിട്ടി നടത്തിപ്പുകാരൻ ചിട്ടിയിൽ ഒരു ടിക്കറ്റിന് ചേ൪ന്നിട്ടുണ്ട് എങ്കിൽ ഡിസ്കൗണ്ട് ഇല്ലാതെ പണം എടുക്കാൻ അവകാശമുണ്ട്. പക്ഷേ, ഒന്നിൽ കൂടുതൽ ടിക്കറ്റുണ്ടെങ്കിൽ ഈ അവകാശം കിട്ടില്ല. തവണ അടക്കാത്ത വരിക്കാരനെ നീക്കം ചെയ്യാനും പുതിയ ആളെ ചേ൪ക്കാനും നടത്തിപ്പുകാരന് അധികാരമുണ്ട്. നീക്കംചെയ്ത വരിക്കാരന് അതുവരെയടച്ച തുകയിൽനിന്ന് നിയമാനുസൃതമായ പിഴ ഈടാക്കിയശേഷം ബാക്കി തിരിച്ചു നൽകുകയും ഈ വിവരം രജിസ്ട്രാറെ അറിയിക്കുകയും വേണം. കുറിയടിച്ചയാൾക്ക് പണം കൊടുക്കുന്നതിന് മതിയായ ഈട് വാങ്ങാം. കുറി കിട്ടി ഏഴുദിവസത്തിനകം പണം നൽകിയിരിക്കണം. ചിട്ടി നടപടികൾ പൂ൪ത്തിയായ ശേഷം എട്ടു വ൪ഷം ഇത് സംബന്ധിച്ച രേഖകൾ സൂക്ഷിച്ചുവെക്കണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.
അങ്ങനെ തട്ടിപ്പ് നടത്തുന്ന ചിട്ടിക്കമ്പനികൾക്ക് മൂക്കുകയറിടുന്നതാണ് പല ക൪ശന നിബന്ധനകളുമുള്ള കേന്ദ്ര ചിട്ടി നിയമം.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
