മരുന്നുരംഗത്ത് മാഫിയയെന്ന് നിയമസഭാ സമിതി
text_fieldsതിരുവനന്തപുരം: മരുന്നുവിതരണ രംഗത്ത് മാഫിയാവത്കരണമെന്ന് നിയമസഭാ സമിതി. നിയമവിരുദ്ധ പ്രവ൪ത്തനങ്ങൾ തുട൪ന്നാൽ മരുന്നുവിതരണക്കാരുടെ സംഘടനയായ എ.കെ.സി.ഡി.എ പോലെയുള്ളവയുടെ രജിസ്ട്രേഷൻ റദ്ദാക്കണം. ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാൻ നിയമനി൪മാണം നടത്തണമെന്നും അനൗദ്യോഗിക ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സഭാസമിതി സ്പീക്ക൪ക്ക് റിപ്പോ൪ട്ട് നൽകി.
സ൪ക്കാറിന്റെ അലംഭാവമാണ് മാഫിയാവത്കരണത്തിന് കാരണമെന്ന് സമിതി അധ്യക്ഷൻ ടി.എൻ. പ്രതാപൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ഗുണമേന്മയില്ലാത്ത മരുന്നുകളുടെ വിതരണം അവസാനിപ്പിക്കണം. ഡോക്ട൪മാ൪ മരുന്നുകമ്പനികളുമായി ധാരണ ഉണ്ടാക്കി മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവ൪ത്തിക്കുന്നു. ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ കാര്യക്ഷമത ഇല്ലായ്മയാണ് വ്യാജമരുന്നുകൾ വ്യാപിക്കാൻ കാരണം. മരുന്നുകൾക്ക് 200 ശതമാനംവരെയാണ് വില വ൪ധിച്ചത്.
മെഡിക്കൽ സ൪വീസസ് കോ൪പറേഷന് മരുന്ന് പരിശോധിക്കാൻ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ലാബുകൾ സജ്ജമാക്കണം. സ്വകാര്യലാബുകളെ പരിശോധനക്ക് ആശ്രയിക്കുന്ന രീതി മാറണം. കോ൪പറേഷന്റെ ടെൻഡറുകൾ സുതാര്യമാകണം. മെഡിക്കൽ കോളജുകൾ അടക്കം എല്ലാ സ൪ക്കാ൪ ആശുപത്രികൾക്കും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്കും കോ൪പറേഷൻ മരുന്ന് വിതരണം നടത്തണം. കാരുണ്യ ഫാ൪മസി കൂടുതൽ വ്യാപിപ്പിക്കണം.
ആയു൪വേദ-ഹോമിയോ മരുന്നുകൾ പരിശോധിക്കാനും ലാബുകൾ ഉണ്ടാക്കണം. ആയു൪വേദ മരുന്ന് വിൽപനക്ക് ലൈസൻസ് ഏ൪പ്പെടുത്തണം. പരസ്യങ്ങളിലൂടെ പ്രലോഭിപ്പിച്ച് ആയു൪വേദ മരുന്നുകൾ എന്ന ലേബലിൽ ഉൽപന്നങ്ങൾ വിൽക്കുന്നത് തടയാൻ സമഗ്രനിയമം കൊണ്ടുവരണം. സ്വകാര്യ ആശ്രുപത്രികളിലെ ഫാ൪മസികൾകൂടി പരിശോധിക്കാൻ ഡ്രഗ് കൺട്രോള൪ക്ക് അധികാരം നൽകണം.
മരുന്ന് ഗുണനിലവാര പരിശോധനയിൽ ഒരു പ്രാവശ്യം പരാജയപ്പെട്ടാൽ ആ കമ്പനികളെ കരിമ്പട്ടികയിൽപെടുത്തണം. ലാഭത്തിന് പരിധി ഏ൪പ്പെടുത്തണമെന്നും നി൪ദേശിച്ചു.
ബാബു എം. പാലിശ്ശേരി, പി.കെ. മാധവൻ, അബ്ദുൽ റസാഖ്, അൻവ൪ സാദത്ത്, ബി.ഡി. ദേവസി തുടങ്ങിയവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
