ഗോളടി വീരന്‍ ഗോമസ്
text_fieldsയുദ്ധാനന്തര ജ൪മനി പെണ്ണരശു നാടായി മാറുകയായിരുന്നു. ഹിറ്റ്ലറുടെ കൂലിപ്പട്ടാളക്കാരനായി രണ്ടാം ലോകയുദ്ധത്തിൽ പൊരുതാനിറങ്ങിയ ജ൪മൻ കൗമാരവും യൗവനവുമൊക്കെ, സഖ്യകക്ഷികളുടെ തോക്കുകൾക്കും ബോംബുകൾക്കും ഇരയായപ്പോൾ യുദ്ധാനന്തര ജ൪മനിയുടെ പുന൪സൃഷ്ടിക്ക് പുറത്തുനിന്ന് 'പുരുഷന്മാരെ' റിക്രൂട്ട് ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ഇറ്റലിക്കാരും സ്പെയിൻകാരും തു൪ക്കികളുമൊക്കെ ജ൪മൻകാരായി മാറിയത്. ഇതുപോലെ സോവിയറ്റ് ചേരിയിലായ കിഴക്കൻ ജ൪മനിയിൽ പോളണ്ട്, ഹംഗറി, റുമേനിയ, യൂഗോസ്ലാവ്യ, വിയറ്റ്നാം തുടങ്ങിയ കമ്യൂണിസ്റ്റ് ചേരിയിലുള്ളവരും ദേശീയവത്കരിക്കപ്പെട്ടു. ഇതും ഗോളടിവീരനായ മാറിയോ ഗോമസും തമ്മിൽ എന്താണ് ബന്ധമെന്നാകും. ഇങ്ങനെ ജ൪മനിയിലേക്ക് വരവേൽക്കപ്പെട്ടതായിരുന്നു മാറിയോ ഗോമസിന്റെ അപ്പൂപ്പൻ ഗ്രാസിയ ഗോമസ്. 14 വയസ്സുള്ള പുത്രൻ ആൽബ൪ട്ടോയുമായി അറുപതുകളുടെ ആദ്യമാണ് ജ൪മനിയിലെ ബാഡൻ പ്യൂട്ടൻബ൪ഗ് സംസ്ഥാനത്തിലെ റേഡ് ലിംഗനിൽ ഗ്രാസിയ വന്നെത്തിയത്. ഫാക്ടറി തൊഴിലാളിയായ ഗ്രാസിയയുടെ മകൻ സ്പാനിഷ്-ജ൪മൻ രീതിയനുസരിച്ച് കാൽപന്തുകളിയിൽ ആകൃഷ്ടനുമായി. എന്നാൽ, പിൽക്കാലത്ത് പെയ്ന്റ് കമ്പനിയുടെ ഉടമയായപ്പോൾ പാ൪ട്ടൈം വ്യവസായത്തിനൊപ്പം ഹോബി കോച്ചിങ്ങുമായി. അതിനിടയിൽ ജ൪മൻകാരിയായ മറിയ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ച് ജ൪മൻ പൗരനായി. ഗ്രാസിയയാകട്ടെ, പെൻഷനുശേഷം സ്പാനിഷ് നഗരമായ ആൻഡലൂസിയയിലേക്ക് തിരിച്ചുപോയി.
1985 ജൂലൈ പത്തിനാണ് മറിയക്കും ആൽബ൪ട്ടോക്കും 'മാറിയോ' എന്ന ഓമന മകൻ പിറന്നത്. പിതാവിന്റെ കൈ പിടിച്ച് കളിക്കളത്തിലെത്തിയ കുഞ്ഞു മാറിയോയുടെ ആദ്യ ഗുരുവും പിതാവുതന്നെയായിരുന്നു. തുട൪ന്ന് മാറിയോയെ ഫുട്ബാളും ഫുട്ബാളിനെ മാറിയോയും കണ്ടെത്തി കീഴ്പ്പെടുത്തി.
ഇരട്ട ദേശീയ പൗരത്വമുള്ളയാളാണ് മാറിയോ ഗോമസ്. പകുതി ജ൪മൻകാരനും പിതാവിന്റെ ജന്മദേശമായ സ്പെയിനിലെ പൗരത്വവും. നി൪ണായക ഘട്ടത്തിലെ തീരുമാനം മാറിയിരുന്നെങ്കിൽ ഈ യൂറോകപ്പിൽ മാറിയോ സ്പെയിനിന്റെ കുപ്പായമണിഞ്ഞേനേ.
18ാം വയസ്സിൽ മാറിയോക്ക് ആദ്യമായി യൂറോപ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരമുണ്ടായപ്പോൾ പിതാവ് നി൪ദേശിച്ചത് സ്പാനിഷ് കുപ്പായം സ്വീകരിക്കാനായിരുന്നു. അപ്പൂപ്പന്റെ നേതൃത്വത്തിൽ അതിനുള്ള ശ്രമവും അംഗീകാരവും ലഭിച്ചുകഴിഞ്ഞശേഷമാണ് മാറിയോ ജ൪മനിയിൽ തുടരാനും ജ൪മൻ ദേശീയ ടീമിൽ അംഗമാകാനും തീരുമാനിച്ചത്.
സ്റ്റുട്ട്ഗാ൪ട്ടിലെ ഫ്റീഡ്റിഷ് കോട്ടാ സ്കൂളിൽ പഠനത്തോടൊപ്പം കളിയിലും കേമനായ മാറിയോ ജ൪മൻ സ്കൂൾ ടീമിലൂടെയാണ് സാ൪വദേശീയ മത്സരങ്ങളിൽ മാറ്റുരക്കാനുള്ള അവസരമുണ്ടാക്കിയത്. പത്താംതരം പാസായതോടെ സ്കൂൾ അധികൃത൪തന്നെ ഫുട്ബാൾ സ്പെഷലൈസേഷനുള്ള ഉൺലിംഗൻ പബ്ലിക് സ്കൂളിലേക്ക് നിയോഗിച്ചു. അവിടെനിന്ന് ഏറ്റവും ഉയ൪ന്ന മാ൪ക്കോടെ മെട്രിക്കുലേഷൻ പാസായ ഗോമസ് പിന്നെ തിരിഞ്ഞുനോക്കിയില്ല. 17ാം വയസ്സിൽതന്നെ എസ്.ഫൗ ഉൺലിംഗൻ ക്ളബിൽ പ്രഫഷനലായി രജിസ്റ്റ൪ ചെയതു. ജ൪മൻ ബുണ്ടസ് ലീഗയിലെ ഏറ്റവും താഴ്ന്ന പടവായ ഈ ഗ്രൂപ്പിൽ, മാറിയോയുടെ സ്കോറിങ് ബൂട്ടുകളുടെ മികവ് അറിഞ്ഞതും അന്നുമുതലാണ്. പെനാൽറ്റി മേഖലയിൽ കറങ്ങിനടന്ന മാറിയോ സകലരെയും വിസ്മയിപ്പിച്ച് പ്രഥമ മത്സരത്തിൽ, തനിക്ക് സീനിയ൪ പ്രഫഷനലാകാൻ അവസരമൊരുക്കിയ സ്റ്റുട്ട്ഗാ൪ട്ട് ടീമിനെതിരെ 79ാം മിനിറ്റിൽ ആദ്യ ഗോളടിച്ചു. തുട൪ന്ന് സ്റ്റുട്ട്ഗാ൪ട്ടിലും ബയറൺ മ്യൂണിക്കിലുമായി ഗോളുകളുമായി നിരന്തര സമ്പ൪ക്കം പുല൪ത്തി.
ജ൪മനിയുടെ അണ്ട൪ 15 ടീമിലായിരുന്നു ആദ്യ സാ൪വദേശീയ മത്സരം. തുട൪ന്ന് അണ്ട൪ 17, 18, 20, 21 ഗ്രൂപ്പുകളിലൊക്കെ മാറിയോ ജ൪മനിയുടെ ഗോളടിവീരനായി.
2007 ഫെബ്രുവരി ഏഴിന് ഡ്യൂസൽഡോ൪ഫിൽ സ്വിറ്റ്സ൪ലൻഡിനെ നേരിട്ട ജ൪മൻ ടീമിൽ ബൂട്ടുകെട്ടി രാജ്യാന്തര സീനിയ൪ കരിയറിന് അരങ്ങേറ്റം കുറിച്ചു. അന്ന് വിസ്മയിപ്പിക്കുന്ന ഒരു ഗോളുമായി തക൪പ്പൻ തുടക്കമിട്ടെങ്കിലും മീറോസ്ലോവ്യ കേ്ളാസെയുടെ നിഴലായി, അവസരം കാത്തുകഴിയേണ്ടിവന്നു.
ഒടുവിൽ കഴിഞ്ഞ ഒമ്പതാം തീയതി പോ൪ചുഗലിനെതിരെ മത്സരിക്കാനുള്ള ജ൪മൻ ടീം യോആഹിം ലോയ്വ് പ്രഖ്യാപിച്ചപ്പോൾ, മുന്നേറ്റ നിരയുടെ നായകനായത് ഗോമസായിരുന്നു. പോ൪ചുഗലിനെതിരെ തന്റെ ആദ്യ അംഗീകൃത മത്സരത്തിൽ വിജയഗോൾ കുറിച്ച് കോച്ചിന്റെ വിശ്വാസം കാത്തു. അടുത്തദിവസം പരമ്പരാഗത വൈരികളായ ഹോളണ്ടിനെതിരെ രണ്ടുതവണ വലകുലുക്കി സ്കോറിങ് മികവിന് അടിവരയിട്ടു. ഇനി പിതൃഭൂമിയായ സ്പെയിനിനെതിരെ 'മാതൃഭൂമിയായ ജ൪മനിക്ക്' വേണ്ടി ഗോളുകളടിച്ചുകൂട്ടി ദൗത്യം വിജയകരമായി അവസാനിപ്പിക്കണമെന്നാണ് ജ൪മൻ-സ്പാനിഷ് വംശജനായ ഗോമസിന്റെ മോഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
