യൂനിവേഴ്സിറ്റി കോളജ് മറയാക്കി അക്രമം അനുവദിക്കില്ല -ആഭ്യന്തരമന്ത്രി
text_fieldsതിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിനെ മറയാക്കി നിയമസമാധാനം തക൪ക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. തിങ്കളാഴ്ച യൂനിവേഴ്സിറ്റി കോളജ് പരിസരത്ത് വിദ്യാ൪ഥികളെ ആക്രമിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിലെ വി. ശിവൻകുട്ടി അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലാത്തിച്ചാ൪ജിനെ ചൊല്ലി ഏറെ നേരം സഭ ബഹളത്തിൽ മുങ്ങി. ശിവൻകുട്ടി സംസാരിക്കുമ്പോൾതന്നെ ലാത്തിച്ചാ൪ജിന്റെ ചിത്രങ്ങളും വാ൪ത്തകളും പ്രസിദ്ധീകരിച്ച പത്രങ്ങൾ ഉയ൪ത്തിപ്പിടിച്ച് പ്രതിപക്ഷാംഗങ്ങൾ മുൻനിരയിലെത്തി. ഭരണപക്ഷത്തെ യുവ എം.എൽ.എമാരും ചില പത്രങ്ങൾ ഉയ൪ത്തിക്കാട്ടി.
പ്രസംഗം നീണ്ടതോടെ മറുപടി പറയാൻ മന്ത്രിയെ ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്ക൪ എൻ. ശക്തൻ ക്ഷണിച്ചുവെങ്കിലും ബഹളത്തെ തട൪ന്ന് സംസാരിക്കാൻ കഴിഞ്ഞില്ല. സ്പീക്ക൪ ജി. കാ൪ത്തികേയനെത്തിയാണ് രംഗം ശാന്തമാക്കിയത്. ശിവൻകുട്ടിക്ക് സംസാരം പൂ൪ത്തിയാക്കാൻ സമയം അനുവദിക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോ൪ട്ട് ലഭിച്ചശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ വടിവാൾ, കല്ല്, ട്യൂബ് ലൈറ്റുകൾ തുടങ്ങിയ ഉപയോഗിച്ചാണ് പൊലീസിനെ നേരിട്ടത്. മുഖംമൂടി ധരിച്ചാണ് ചില൪ പൊലീസിനെ ആക്രമിച്ചത്. പൊലീസിനെ ആക്രമിക്കുന്ന ചിത്രങ്ങളുമായാണ് മന്ത്രി എത്തിയത്. എന്നാൽ, മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുട൪ന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു ആവശ്യം. സമരം ചെയ്യുന്നവരുമായി ച൪ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ബഹളം അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
