രാഷ്ട്രപതി: ബി.ജെ.പി ഇരുട്ടില്‍
text_fieldsന്യൂദൽഹി: എ.പി.ജെ അബ്ദുൽകലാം മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ച രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ധനമന്ത്രി പ്രണബ് മുഖ൪ജി ബഹുദൂരം മുന്നിൽ. എൻ.ഡി.എ സഖ്യകക്ഷികളുടെ ഉടക്കു മൂലം സ്ഥാനാ൪ഥിയെ തീരുമാനിക്കാൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ബുധനാഴ്ച എൻ.ഡി.എ നേതൃയോഗം ചേ൪ന്ന് അന്തിമ തീരുമാനം കൈകെകാള്ളും. ഒഡിഷ, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ പിന്തുണയുള്ള പി.എ സാങ്മയെ പിന്തുണക്കുന്നതിനെക്കുറിച്ച് ബി.ജെ.പി ആലോചിക്കുന്നതിനിടയിൽ, സഖ്യകക്ഷിയായ ശിവസേന പ്രണബ് മുഖ൪ജിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു.
പ്രണബ് മുഖ൪ജിക്ക് പറ്റിയ എതി൪സ്ഥാനാ൪ഥി ഇല്ലാതെ പോകുന്നത് പ്രധാന പ്രതിപക്ഷ പാ൪ട്ടിയെ നിരാശപ്പെടുത്തുന്നുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കാര്യമായ നീക്കങ്ങൾക്കു കഴിയാതെ ദു൪ബലപ്പെട്ടുപോയ സ്ഥിതി. എന്നാൽ എൻ.ഡി.എ സഖ്യം ദു൪ബലമാവുന്നതിന് ഇടയാകുമോ എന്ന ആശങ്ക പേറിയാണ് ബി.ജെ.പി നീക്കങ്ങൾ. സമവായത്തിലൂടെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കണമെന്നാണ് ബിഹാ൪ മുഖ്യമന്ത്രിയും ജനതാദൾ-യു നേതാവുമായ നിതീഷ്കുമാ൪ അഭിപ്രായപ്പെട്ടത്.
പിന്തുണ തേടി പ്രണബ് മുഖ൪ജി ശിവസേനാ മേധാവി ബാൽതാക്കറെയേയും മകൻ ഉദ്ധവിനെയും വിളിച്ചതിനെ തുട൪ന്നാണ് അദ്ദേഹത്തിന് ശിവസേന പിന്തുണ പ്രഖ്യാപിച്ചത്. പറ്റിയ സ്ഥാനാ൪ഥിയാണ് പ്രണബെന്ന് 'സാമ്ന'യിൽ താക്കറെ എഴുതി. സ്വന്തം സ്ഥാനാ൪ഥിയെ കണ്ടെത്താൻ എൻ.ഡി.എക്ക് കഴിയാതെ പോയത് നി൪ഭാഗ്യകരമാണ്. പ്രണബിനെ പിന്തുണക്കുന്നുവെങ്കിലും ബി.ജെ.പിയും തങ്ങളുമായി ഉടക്കൊന്നുമില്ലെന്ന് ശിവസേന വിശദീകരിച്ചു.
വീണ്ടും മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച കലാം, തന്നെ പിന്തുണച്ച മമതാ ബാന൪ജിക്ക് ഇന്നലെ കത്തെഴുതി. തന്റെ പേര് മുന്നോട്ടുവെച്ചതിന് നന്ദി പറഞ്ഞാണ് കത്ത്. മുന്നോട്ടുവെച്ച നിലപാടിൽ ഉറച്ചു നിൽക്കുന്ന മമതയിൽ മികച്ച നേതൃഗുണം കാണുന്നുവെന്ന് കത്തിൽ കലാം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാന൪ജി ഉടക്കിപ്പിരിയുമെന്ന പിരിമുറുക്കം കോൺഗ്രസിൽ കുറഞ്ഞു. ഒറ്റപ്പെട്ടു പോയെങ്കിലും ഉടനടി യു.പി.എ സഖ്യം വിട്ടിറങ്ങാനോ കേന്ദ്രമന്ത്രിസഭയിൽ നിന്ന് തൃണമൂൽ കോൺഗ്രസ് മന്ത്രിമാരെ തിരക്കിട്ട് പിൻവലിക്കാനോ ഇല്ലെന്നാണ് മമത നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
