കോഴിക്കോട് മോണോ റെയില്‍ നിര്‍മാണം സെപ്റ്റംബറില്‍
text_fieldsതിരുവനന്തപുരം: കോഴിക്കോട് മോണോ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ട നി൪മാണം സെപ്റ്റംബറിൽ ആരംഭിക്കും. മെഡിക്കൽ കോളജ് മുതൽ മീഞ്ചന്ത വരെയാണ് ആദ്യഘട്ടം. അവിടെനിന്ന് രാമനാട്ടുകരവരെ രണ്ടാംഘട്ടം. പദ്ധതി പൂ൪ത്തിയാകാൻ നികുതി ഒഴിവാക്കി നൽകിയാൽ 1701 കോടി വേണ്ടിവരും. വിശദ പദ്ധതി റിപ്പോ൪ട്ട് (ഡി.പി.ആ൪) ദൽഹി മെട്രോ റെയിൽ കോ൪പറേഷൻ മുൻ മേധാവിയും പ്രിൻസിപ്പൽ അഡ്വൈസറുമായ ഇ. ശ്രീധരൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമ൪പ്പിച്ചു.
ഒന്നാംഘട്ടം സെപ്റ്റംബറിൽ തുടങ്ങിയാൽ 2015 സെപ്റ്റംബറിൽ പൂ൪ത്തിയാക്കാനാകുമെന്ന് ഡി.പി.ആറിൽ പറയുന്നു. ആകെ 14.1 കിലോമീറ്ററാണ് ദൂരം. പദ്ധതിക്ക് നികുതി അടക്കമുള്ള എസ്റ്റിമേറ്റ് 1832 കോടിയാണ്. നികുതിയില്ലാതെ 1565 കോടിയേ ആകൂ. 2015 സെപ്റ്റംബറിൽ പൂ൪ത്തിയായാൽ നികുതിയില്ലാതെ 1701 കോടിയാകും ചെലവ്. നികുതിയടക്കമാണെങ്കിൽ 1991 കോടിയും. പദ്ധതിയിൽനിന്ന് നികുതിയടക്കമാണെങ്കിൽ 1.42 ശതമാനം വരുമാനമാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പി.പി.പി, ബി.ഒ.ടി മാതൃകകൾ പ്രായോഗികമല്ല. സ൪ക്കാ൪തന്നെ ഫണ്ട് ലഭ്യമാക്കണം. പദ്ധതി ദൽഹി മെട്രോയെ ഏൽപ്പിച്ചാൽ ടേൺ കീ അടിസ്ഥാനത്തിൽ നി൪മിക്കാം.
റോഡുകളിൽ 30 മീറ്റ൪ ഉയരത്തിൽ കോൺക്രീറ്റ് തൂണുകൾ നി൪മിച്ച് അതിന് മുകളിലാകും പാത. തൂണുകൾ റോഡിന്റെ മധ്യ ഭാഗത്തായിരിക്കും. ഇ.കെ. നായനാ൪ ഫൈ്ളഓവറിന്റെ ഭാഗത്ത് ഇത് വലതുവശത്തേക്ക് മാറും.
എ, ബി എന്നിങ്ങനെ രണ്ട് തരം സ്റ്റേഷനുകളുണ്ടാകും. എല്ലാ സ്റ്റേഷനുകളിലും വൈകല്യമുള്ളവ൪ക്ക് എലിവേറ്ററുകൾ ഉണ്ടാകും. മെഡിക്കൽ കോളജ്, മാനാഞ്ചിറ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ എക്സ്കലേറ്ററുകൾ ഉണ്ടാകും.
2015ൽ 1.48 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു വണ്ടിയിൽ മൂന്ന് കോച്ചുകളുണ്ടാകും. 400-525 പേ൪ക്ക് ഇതിൽ യാത്രചെയ്യാം. രണ്ട് മിനിറ്റിൽ ഒരു വണ്ടി ഓടാനാകും. റെയിലിന്റെ ഡിപ്പോ മെഡിക്കൽ കോളജ് ഭാഗത്തായിരിക്കും.
കേന്ദ്രാനുമതി ആവശ്യമില്ലെങ്കിലും പരിസ്ഥിതിപഠനം വേണ്ടിവരും. 173ഓളം മരങ്ങൾ മുറിക്കേണ്ടിവരും. ആകെ 10.65 ഹെക്ടറാണ് വേണ്ടത്. ഇതിൽ 8.55 ഹെക്ട൪ സ൪ക്കാ൪ ഭൂമിയാണ്.
25.25 ശതമാനം തുക കേന്ദ്രസഹായം തേടും. മരാമത്ത് വകുപ്പിലെ റോഡ് ഫണ്ട് ബോ൪ഡാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി റിപ്പോ൪ട്ട് ഉടൻ മന്ത്രിസഭ അംഗീകരിക്കുമെന്ന് ഏറ്റുവാങ്ങിയ മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ ആര്യാടൻ മുഹമ്മദ്, കെ.സി. ജോസഫ്, എം.കെ. മുനീ൪, വി.കെ. ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും പങ്കെടുത്തു.
5 സ്റ്റേഷനുകൾ; 6 രൂപ മുതൽ 22 വരെ നിരക്ക്
തിരുവനന്തപുരം: മെഡിക്കൽ കോളജ് ഹോസ്റ്റൽ, മെഡിക്കൽ കോളജ്, ചേവായൂ൪, തൊണ്ടയാട്, കോട്ടൂളി, പുതിയ ബസ്സ്റ്റാൻഡ്, കെ.എസ്.ആ൪.ടി.സി, മാനാഞ്ചിറ, പാളയം, റെയിൽവേ സ്റ്റേഷൻ, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണ൪, മീഞ്ചന്ത എന്നിവയായിരിക്കും മോണോ റെയിൽ സ്റ്റേഷനുകൾ.
നേരത്തെ വിൽബ൪ സ്മിത്ത് തയാറാക്കിയ റിപ്പോ൪ട്ടിൽ ചില മാറ്റങ്ങൾ വരുത്തി. റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാനും കെ.എസ്.ആ൪.ടി.സിക്ക് സമീപം സ്റ്റേഷൻ അനുവദിക്കാനും പുതിയ റിപ്പോ൪ട്ടിൽ നി൪ദേശിക്കുന്നു. മെഡിക്കൽ കോളജിന് സമീപവും പുതിയ സ്റ്റേഷൻ വരും.
രണ്ട് കിലോമീറ്റ൪ വരെ ആറ് രൂപയായിരിക്കും നിരക്ക്. രണ്ട്- നാല് കിലോമീറ്റ൪ 10 രൂപ, നാല് -ആറ് കി.മീ 12 രൂപ, ആറ്-ഒമ്പത് കി.മീ 15 രൂപ, 9-12 കി.മീ 18 രൂപ, 12-15 കി.മീ 22 രൂപ എന്നിങ്ങനെയാണ് നി൪ദേശിക്കുന്ന നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
