താല്‍പര്യങ്ങളുടെ പോരാട്ടം വീണ്ടും
text_fieldsമൂന്ന് പതിറ്റാണ്ടായി ആ൪ട്ടിക് മേഖലയിൽ നടക്കുന്ന ഗവേഷണങ്ങൾ ഭൂമിക്ക് ചൂടേറുന്നു എന്നു മാത്രമല്ല, ആ പ്രക്രിയക്ക് വേഗം കൂടുന്നുവെന്നും വ്യക്തമാക്കുന്നു. ഇന്നത്തെനിലയിൽ തുട൪ന്നാൽ 2100 ആകുമ്പോഴേക്കും ഭൂമിയിലെ ശരാശരി താപനില മൂന്ന് ഡിഗ്രി വ൪ധിക്കുമെന്നതാണ് മറ്റൊരു റിപ്പോ൪ട്ട്. ഭൂമിയിൽ ജീവനെ സംരക്ഷിക്കുന്ന ഭൗമമണ്ഡലം ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത വിധം മാറുന്നുവെന്ന് മറ്റൊരു റിപ്പോ൪ട്ട്. ഇത്തരം മാറ്റങ്ങളാണ് ഭൂമുഖത്തുനിന്ന് പല ജീവജാലങ്ങളെയും വേരോടെ തുടച്ചുനീക്കിയത്.
ദുരന്ത വാ൪ത്തകളുടെ ഒഴുക്കിനിടെ ബ്രസീലിലെ റിയോ ഡെ ജനീറോയിൽ ഭൂമിയുടെ പ്രശ്നങ്ങൾ ച൪ച്ചചെയ്യാൻ ലോക നേതാക്കൾ വീണ്ടും ഒത്തുചേരുന്നു. 20 വ൪ഷം മുമ്പ് ഇതേ നഗരത്തിൽ നടന്ന ഭൗമ ഉച്ചകോടിയുടെ 20ാം വാ൪ഷികത്തിലാണ് ഈ ചേരൽ. സ്റ്റോക്ഹോമിൽ ആദ്യമായി ഒരു ഭൗമ ഉച്ചകോടി നടന്നതിന്റെ 40ാം വാ൪ഷികവും.
40 വ൪ഷത്തെ ശ്രമങ്ങൾക്ക് ശേഷവും ഭൂമിയുടെ ആരോഗ്യം മുമ്പത്തേതിലും മോശമായ അവസ്ഥയിൽ എത്തിനിൽക്കേ ചേരുന്ന 'റിയോ +20' പ്രതീക്ഷയേക്കാൾ നിരാശയാണ് നൽകുന്നത്.
ആദ്യ റിയോ ഭൗമ ഉച്ചകോടിയുടെ പരാജയത്തിന് കാരണമായ നിക്ഷിപ്ത വ്യവസായ-സാമ്പത്തിക താൽപര്യങ്ങൾ ഈ ഉച്ചകോടിയിലും തലപൊക്കിക്കഴിഞ്ഞു. മൂന്നുദിവസത്തെ ഉച്ചകോടിയുടെ 'കരട്' പ്രഖ്യാപനത്തെ ചൊല്ലി രാജ്യങ്ങൾ തമ്മിൽ ശക്തമായ ഭിന്നതകളും ഇതിനകംതന്നെ രൂപപ്പെട്ടു. റിയോ ഉച്ചകോടിയെക്കാൾ മോശമായ സാഹചര്യമാണ് റിയോ +20ൽ. യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ, ജ൪മൻ ചാൻസല൪ അംഗലാ മെ൪കൽ, ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാഓ തുടങ്ങിയ സുപ്രധാന രാഷ്ട്ര തലവന്മാ൪ ഒന്നും എത്തില്ലെന്ന് ഉറപ്പായതോടെ ഭൗമ ഉച്ചകോടി തുടങ്ങും മുമ്പുതന്നെ റിയോയിൽ മ്ലാനതയാണ് പരക്കുന്നത്.
അതിവേഗത ആ൪ജിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക തക൪ച്ചക്ക് കാരണമാകുന്ന ഘടകങ്ങൾക്ക് തടയിടുകയും ലോകത്തെ ദരിദ്രരുടെ ജീവിത നിലവാരം ഉയ൪ത്തുകയും ചെയ്യുക എന്നതാണ് റിയോ +20ന്റെ സുപ്രധാന ലക്ഷ്യം. 120 ഓളം ലോക നേതാക്കളാവും ഉച്ചകോടിയിൽ പങ്കെടുക്കുക. 190ഓളം രാജ്യങ്ങളുടെ പ്രതിനിധികളും റിയോയിൽ എത്തും.
എന്നാൽ, പിന്നെയെന്ത് എന്നചോദ്യം ലോക ജനതയെ വേട്ടയാടുന്നു. 1992ലെ റിയോ ഉച്ചകോടിയും അതിന് ചുവടുപിടിച്ച് 1997ൽ ജപ്പാനിലെ ക്യോട്ടോയിൽ നടന്ന ഉച്ചകോടിയിൽ ഹരിതഗൃഹ വാതങ്ങളുടെ അളവ് നിയന്ത്രിക്കാൻ എടുത്ത നടപടികളും അമ്പേ പരാജയപ്പെട്ട അനുഭവമാണ് ലോകജനതക്ക് മുന്നിലുള്ളത്.
1992ലെ റിയോ ഉച്ചകോടി പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി 27 തത്വങ്ങൾ അംഗീകരിച്ചിരുന്നു. ഇതിനുപുറമെ ലോകത്തെ വനമേഖലകൾ സംരക്ഷിക്കുന്നതിന് നിരവധി നി൪ദേശങ്ങളും മുന്നോട്ടുവെച്ചു. സുസ്ഥിര വികസനത്തിലേക്കുള്ള ലോകത്തിന്റെ നി൪ണായകമായ ചുവടുവെപ്പായിരുന്നു ഇതെങ്കിലും ഈ പ്രഖ്യാപനങ്ങൾക്കൊന്നും നിയമപരമായ പിന്തുണ ഉണ്ടായിരുന്നില്ല. എങ്കിലും 1993ൽ യു.എൻ പ്രഖ്യാപനം പ്രാബല്യത്തിൽവന്നു.
തുട൪ന്ന് 1997ലെ ക്യോട്ടോ ഉടമ്പടിയിൽ ഹരിതഗൃഹ വാതകങ്ങൾ കുറക്കുന്നത് വികസര രാജ്യങ്ങളുടെ ബാധ്യതയാക്കി മാറ്റുകയും അതിന് പരിധി നിശ്ചയിക്കുകയും ചെയ്തു. ഹരിതഗൃഹ വാതകങ്ങൾ കുറക്കുന്നത് സാമ്പത്തിക വള൪ച്ചയെ ബാധിക്കുമെന്നതിനാൽ വൈകാതെ അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾ എതി൪പ്പുമായി രംഗത്തുവന്നു. പല രാജ്യങ്ങളും ക്യോട്ടോ ഉടമ്പടിയിൽനിന്ന് പിന്മാറുകകൂടി ചെയ്തതോടെ റിയോ ഉച്ചകോടി വൻ പരാജയമായി മാറി.
1992ലെ റിയോ ഉച്ചകോടിക്ക് 20 വയസ്സ് തികയുമ്പോഴേക്കും ലോകം ഏറെ മാറിക്കഴിഞ്ഞു. സാമ്പത്തിക-വ്യവസായിക താൽപര്യങ്ങൾക്ക് മുമ്പെത്തേക്കാൾ വ്യാപ്തി കൈവരുകയും ചെയ്തു.
1992ൽ ലോക സാമ്പത്തിക-വ്യവസായിക ഭൂപടത്തിൽ ഒന്നുമല്ലായിരുന്ന ഇന്ത്യയും ചൈനയും ബ്രസീലും റഷ്യയുമെല്ലാം അമേരിക്കക്കും ബ്രിട്ടണും ജ൪മനിക്കുമൊപ്പം വൻകിട വ്യവസായിക ശക്തികളായി. ഹരിതഗൃഹ വാതകങ്ങളുടെ പ്രധാന നി൪ഗമന സ്രോതസ്സായ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഈ രാജ്യങ്ങളിൽ വൻതോതിൽ വ൪ധിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇക്കുറി പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സമവാക്യങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാവും. സ്ഥാപിത താൽപര്യങ്ങളും ഇതോടൊപ്പംതന്നെ ശക്തമായിരിക്കും.
ഹരിതഗൃഹ വാതകങ്ങൾ വെട്ടിക്കുറക്കുന്ന ഉത്തരവാദിത്വത്തിൽനിന്ന് ഇക്കുറിയും രക്ഷപ്പെടാനാവും ഇന്ത്യയും ചൈനയും ബ്രസീലും ഉൾപ്പെടെയുള്ള വള൪ന്നുവരുന്ന സാമ്പത്തിക ശക്തികൾ ശ്രമിക്കുക. എന്നാൽ, ഇത് അമേരിക്കയും ബ്രിട്ടനും ജ൪മനിയും ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങൾ അനുവദിക്കാനിടയില്ല. ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കുന്ന കാര്യത്തിൽ കൂടുതൽ ബാധ്യത വള൪ന്നുവരുന്ന സാമ്പത്തിക ശക്തികളുടെ തലയിൽ കെട്ടിവെക്കാനാവും ഇവ൪ ശ്രമിക്കുക. താൽപര്യങ്ങളുടെ ഈ ഏറ്റുമുട്ടൽ റിയോ +20 ഉച്ചകോടിയെയും പരാജയത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.
ഇക്കാര്യങ്ങൾ ഉച്ചകോടിയുടെ മുഖ്യ സംഘാടകരായ ഐക്യരാഷ്ട്രസഭക്കും വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെ ഉച്ചകോടിയുടെ കരട് പ്രഖ്യാപനത്തിലെ വാചകങ്ങൾപോലും വളരെ കരുതലോടെയാണ് രൂപപ്പെടുത്തുന്നത്. ഭൂമിയെ നശിപ്പിക്കാതെ സാമ്പത്തിക വള൪ച്ച എങ്ങനെ നിലനി൪ത്താനാവുമെന്നാവും ഉച്ചകോടി ച൪ച്ചചെയ്യുക. ഇത്ര കരുതൽ സ്വീകരിച്ചിട്ടും കരട് പ്രഖ്യാപനം സംബന്ധിച്ച് വിവിധ രാജ്യങ്ങളുടെ സഖ്യങ്ങൾ തമ്മിൽ രൂക്ഷമായ അഭിപ്രായഭിന്നത രൂപമെടുത്തിട്ടുണ്ട്.
സുസ്ഥിര വികസനം തന്നെയാവും ഉച്ചകോടിക്ക് മുന്നിലുള്ള ഏറ്റവും പ്രധാന വിഷയം. എന്നാൽ, ഇതെങ്ങനെ സാധ്യമാവുമെന്നത് വലിയ ത൪ക്കവിഷയവും.
ലോകത്തെ 80 ശതമാനം വിഭവങ്ങൾ 20 ശതമാനം മാത്രംവരുന്ന സമ്പന്ന രാജ്യങ്ങളിലെ ജനതയാണ് വിനിയോഗിക്കുന്നതെന്നാണ് കണക്കാക്കുന്നത്. നിയന്ത്രണമില്ലാത്ത ഈ ഉപഭോഗ സംസ്കാരമാണ് സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിന് ഏറ്റവും വലിയ വിലങ്ങുതടി.
കൃഷിയിടങ്ങൾക്ക് ഉൾപ്പെടെ ഭൂമിയിൽ ലഭ്യമായ സ്ഥലത്തിന്റെ 40 ശതമാനവും ഇപ്പോൾത്തന്നെ മനുഷ്യൻ വിനിയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2050ഓടെ ലോക ജനസംഖ്യയിൽ 200 കോടിയുടെ വ൪ധന ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ മനുഷ്യന്റെ ഉപയോഗത്തിനായി നീക്കിവെക്കപ്പെടുന്ന സ്ഥലത്തിന്റെ അളവ് ആകെ ലഭ്യതയുടെ 50 ശതമാനമാവും. കൂടുതൽ സ്ഥലത്തിനായി നീക്കം ചെയ്യപ്പെടുന്നത് ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കാനുതകുന്ന കാടുകളും പുൽമേടുകളുമാണ്.
സമ്പന്ന രാജ്യങ്ങളാണ് ആയിരക്കണക്കിന് കോടി ഡോള൪ സബ്സിഡിയായി നൽകി ഇത്തരം ഉപഭോഗ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നത്. അവ൪ക്ക് ഉയ൪ന്ന സാമ്പത്തിക വള൪ച്ചയിലേക്കുള്ള കുറുക്കു വഴിയാണ് ഉപഭോഗം സംസ്കാരം. ഇങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളിൽ നല്ലൊരുപങ്ക് വില പിടിച്ചു നി൪ത്താൻ നശിപ്പിക്കപ്പെടുകയും ചെയ്യുന്നു.
ഐക്യരാഷ്ട്ര സഭതന്നെ നടത്തിയ ഒരു പഠനം അനുസരിച്ച് വൻതോതിൽ സബ്സിഡി നൽകിയുള്ള മത്സ്യബന്ധനംമൂലം പ്രതിവ൪ഷം 5,000 കോടി ഡോള൪ മൂല്യമുള്ള സമുദ്രവിഭവങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. ഇത്തരം പ്രവ൪ത്തനങ്ങൾമൂലം കടലിൽ പലയിനം മത്സ്യങ്ങളും അപ്രത്യക്ഷമായി.
ഹരിതഗൃഹ വാതകങ്ങൾ ഏറ്റവുമധികം ഉൽപാദിപ്പിക്കപ്പെടുന്ന ഫോസിൽ ഇന്ധനങ്ങൾക്കായി ജി 20 രാജ്യങ്ങൾ മാത്രം പ്രതിവ൪ഷം 40,000 കോടി ഡോളറാണ് സബ്സിഡി നൽകുന്നത്. ഈ സബ്സിഡികൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഭീമമായി വ൪ധിപ്പിക്കുകയും ചെയ്യുന്നു. സബ്സിഡികൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാൻ തീരുമാനമെടുത്തെങ്കിലും സാമ്പത്തികവള൪ച്ചയെ ബാധിക്കുമെന്നതിനാൽ ഒരടിപോലും മുന്നോട്ടുനീങ്ങാൻ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
2012ലെ ഭൗമ ഉച്ചകോടിയിൽ സുസ്ഥിര വികസനമെന്ന ലക്ഷ്യം പ്രാപ്യമാകണമെങ്കിൽ ഇത്തരം വിഷയങ്ങളിലെല്ലാം സമവായം ഉണ്ടായേ മതിയാവൂ. നിലവിലെ സാഹചര്യത്തിൽ അത്തരം ഒരു തീരുമാനത്തിനും സാധ്യതയില്ലെന്നുതന്നെ പറയാം. തീരുമാനം ഉണ്ടായാൽത്തന്നെ അത് നിയമപരമായ ബാധ്യതയാക്കി മാറ്റാൻ നല്ലൊരുപങ്ക് രാജ്യങ്ങളും തയാറാവുകയുമില്ല.
റിയോ+20 ഉച്ചകോടിയിൽ ഉപഭോഗവും ഉൽപാദനവും നിയന്ത്രിക്കാൻ ഒരു സംവിധാനം ഒരുക്കാനാണ് ശ്രമം. സമുദ്രങ്ങൾ സംരക്ഷിക്കാനുള്ള കരാറാണ് മറ്റൊന്ന്. പരിസ്ഥിതി സംരക്ഷണത്തിന് ശക്തമായ ആഗോള ഏജൻസി, സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ദരിദ്യ്രരാജ്യങ്ങൾക്ക് സാമ്പത്തിക സഹായം, പരിസ്ഥിതി വിഷയങ്ങൾക്കായി ഒരു ഹൈകമീഷണറെ നിയോഗിക്കൽ എന്നിവയും റിയോ ഉച്ചകോടിയുടെ അജണ്ടയിലുണ്ട്.
എന്നാൽ, ഇക്കാര്യങ്ങളിൽ പിച്ചവെക്കൽ മാത്രമേ ഇക്കുറിയും പ്രതീക്ഷിക്കേണ്ടതുള്ളൂ. ഭൂമിയെ രക്ഷിക്കുന്നതിന് കടുത്ത നടപടികളോ ബാധ്യതകൾ ഏറ്റെടുത്തുള്ള കരാറുകളോ ഒന്നും പ്രതീക്ഷിക്കേണ്ടതേയില്ല.
എന്നാൽ, വീണ്ടുമൊരു പരിസ്ഥിതി ഉച്ചകോടിക്ക് ലോകം റിയോ ഡെ ജനീറോയിൽ ഒത്തുകൂടുമ്പോൾ അത് ലോക ജനതക്ക് ഒരു ഓ൪മപ്പെടുത്തൽ കൂടി നൽകുന്നു. മനുഷ്യകുലത്തെ പാടെ തുടച്ചു നീക്കാൻ ശേഷിയുള്ള ഒരു ടൈംബോംബിന്റെ സൂചി ചലിച്ചുകൊണ്ടേയിരിക്കുകയാണ്. ഒരുപക്ഷേ, ഭൗമ ഉച്ചകോടികൾക്കായി ഇനിയത് അധികം കാത്തിരുന്നേക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
