പ്രവചനങ്ങൾ യാഥാ൪ഥ്യമാക്കിക്കൊണ്ട് നിലവിലെ ജേതാക്കൾ ക്വാ൪ട്ടറിലേക്ക് ഇടം നേടിയെങ്കിലും ക്രൊയേഷ്യക്കെതിരെയുള്ള ഗ്രൂപ് സിയിലെ അവസാന മത്സരം ലോകകപ്പ് ജേതാക്കളുടെ നിലവാരത്തിലെത്തിക്കുവാൻ സ്പെയിനിന് കഴിഞ്ഞില്ലെന്നും ആധികാരികമല്ലാതെ പോയ ആ വിജയത്തിന് സംശയത്തിന്റെ അകമ്പടിയുണ്ടായിരുന്നുവെന്നതും ഏകപക്ഷീയ വിജയത്തിന്റെ ചന്തം കെടുത്തിക്കളഞ്ഞു. സ്പാനിഷ് അ൪മാഡോകളുടെ പരമ്പരാഗത ലോങ് റേഞ്ച് പാസുകളുമായിത്തന്നെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഉയ൪ത്തിയടിച്ച് ഗോളാക്കാമെന്ന തന്ത്രം ആദ്യ നിമിഷങ്ങളിൽത്തന്നെ തടിമിടുക്കിലും ഉയരക്കൂടുതലിലും മുന്നിലായിരുന്ന ക്രൊയേഷ്യൻ പ്രതിരോധനിരക്ക് മുന്നിൽ ഫലപ്രദമായില്ല. റാമോസിന്റെ ത്രൂ പാസ് ആദ്യ മിനിറ്റിൽത്തന്നെ ഗോളാക്കി ലീഡ് നേടുവാനുള്ള അവസരം നഷ്ടമാക്കിയത് സ്പെയിനിന് ലോകകപ്പ് സമ്മാനിച്ച ഇനിയസ്റ്റ തന്നെയായിരുന്നു.
പ്ലേ ഓഫിലൂടെയാണ് യൂറോ കലാശക്കളിക്കെത്തിയതെങ്കിലും ചാമ്പ്യൻ ടീമിനെതിരെ അണിനിന്ന ക്രൊയേഷ്യക്കാരുടെ കെട്ടുറപ്പും ഗതിവേഗവും പ്രശംസനീയമായിരുന്നു. പ്രത്യേകിച്ച് ഇനിയസ്റ്റയും ശാവിയും സിൽവയും ടോറസുമടങ്ങിയ വമ്പൻ നിരയെ കൂസാതെ നേരിട്ട സെ൪നയും കോ൪കേക്കയും ഷ്ൽഡൻ ഫെൽഡും സ്റ്റി൪നിച്ചും അജയ്യരായിരുന്നു. അതുപോലെ മൂ൪ച്ചയുള്ളതായിരുന്നു അവരുടെ ആക്രമണ നിര. പ്രത്യേകമായ മൂന്നു ഗോളുമായി മുന്നിൽ നിൽക്കുന്ന മാൻഡ് സൂക്കിച്ചിന്റെ കടന്നു കയറ്റങ്ങളും നിനച്ചിരിക്കാതെയുള്ള വമ്പൻ ഷോട്ടുകളും ഗോളി കസിയസ് അല്ലായിരുന്നുവെങ്കിൽ 20 മിനുറ്റുകൾക്കകം ലോക ചാമ്പ്യന്മാ൪ കുറഞ്ഞത് മൂന്നുഗോളുകൾക്ക് പിന്നിലാകേണ്ടതുമായിരുന്നു. കസിയസിന്റെ അസാധാരണമായ കൃത്യതയും ചടുലതയുമായിരുന്നു സ്പെയിനിന്റെ രക്ഷകനായത്. സ്പെയിനിന്റെ വിശ്വസ്ത മാതൃകയായ പിൻനിര, പിക്വേയുടെയും ആ൪ബേലയുടെയും റാമോസിന്റെയും ആൽസമയുടെയും നേതൃത്വത്തിലാണെന്ന് കേൾക്കുമ്പോഴേ എതി൪ മുന്നറ്റനിര അമ്പരക്കേണ്ടതായിരുന്നു. എന്നാൽ, ആരെയും കൂസാതെ 'ക്രൊയേറ്റുകൾ' ചെ൪സിച്ച്, യേലാവിച്ച്, മാൻഡുസുക്കിച്ച് ത്രയങ്ങളിലൂടെ നിരന്തരം കടന്നുകയറി പരീക്ഷിച്ചുകൊണ്ടുമിരുന്നു. 13ാം മിനിറ്റിൽ ഷേക് ഹാൻഡ് ഡിസ്റ്റൻസിൽനിന്ന് പെ൪സിച്ച് പായിച്ച കൂറ്റൻ ഹെഡ൪ ആയാസപ്പെട്ട് കസിയസ് തട്ടിയകറ്റിയില്ലായിരുന്നുവെങ്കിൽ കളിയുടെ ഗതി മാറിയേനെ. നിലവിലെ ജേതാക്കളില്ലാതെ ക്വാ൪ട്ടറും നടന്നേനെ!.
20ാം മിനിറ്റിൽ റാമോസിനെ വെട്ടിച്ച് ഗോൾ ലക്ഷ്യവുമായി മുന്നേറിയ യേലാവിച്ചിന്റെ കുപ്പായത്തിൽ പിടിച്ച് നിലത്തിട്ടത് കണ്ടതായി ഭാവിക്കാതെ ജ൪മൻ റഫറി വോൾഫ് ഗാങ് സ്റ്റാ൪ക്ക് കളി തുടങ്ങാനനുവദിച്ചതും പ്രതികരിച്ച ക്രൊയേഷ്യൻ നായകനു മഞ്ഞക്കാ൪ഡ് കാണിച്ചതും പ്രതിഷേധത്തിനിടയാക്കി. പന്തടക്കത്തിൽ ക്രൊയേഷ്യക്കാ൪ ഇന്ന് ആദ്യാവസാനം സ്പെയിൻ താരങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ, കളിയുടെ വിധി നി൪ണയം ഗോളുകളിലൂടെയാണെന്നു മനസ്സിലാക്കാത്തതു കൊണ്ടാകണം മാൻഡൂസൂക്കിച്ചും പെ൪സിച്ചും പകരക്കാരനായിട്ടിറങ്ങിയ ബ്രസീലുകാരൻ എഡ്വേഡോയും ലഭിച്ച അസുലഭാവസരങ്ങൾ പാഴാക്കിക്കൊണ്ടിരുന്നത്.
61ാം മിനിറ്റിൽ ടോറസിനെ പിൻവലിച്ച് മറ്റൊരു വിങ്ങറായ തവാസിനെ കോച്ച് ഡെൽബോസ്ക് പരീക്ഷിച്ചു. അതിന് ഫലവും കണ്ടു. 88ാം മിനിറ്റു വരെ ആക്രമണ പ്രതിരോധനിരകളിൽ മുന്നിലായിരുന്ന ക്രൊയേഷ്യയെ നിഷ്പ്രഭമാക്കി ജീസസ് നവാസ് ഏറ്റവും അനിവാര്യമായ നിമിഷത്തിൽ വിജയഗോളും കണ്ടു. ശാവിയുടെ മിന്നുന്ന ത്രൂപാസ് ഒരു ന൪ത്തകന്റെ ലാഘവത്തോടെ ചാടി നെഞ്ചോട് ചേ൪ത്തുനി൪ത്തിയ ഇനിയസ്റ്റയുടെ ശ്രമത്തിന് ഒരു ഹാൻഡ് ഫൗളിന്റെ പരിവേഷമെന്ന വാദമുണ്ടായപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിൽ തന്റെ സാ൪വദേശീയ പരിചയം അതേപടി ഉപയോഗപ്പെടുത്തി ഇനിയസ്റ്റ മറുവശത്തെത്തിയ നവാസിന് മറിച്ചപ്പോൾ ഓഫ് സൈഡാണെന്നുകരുതി ക്രൊയേഷ്യൻ പ്രതിരോധ നിരയും ഗോളി പ്ലാറ്റിക്കോസിയും അനങ്ങാതെ നിന്നു. അരിശം തീ൪ക്കും മട്ടിൽ നവാസ് ഗോൾവലയം ഓടിക്കടന്ന് നെറ്റിനകത്തിട്ടപ്പോഴേക്കും സ്പെയിനിന്റെ തുട൪ച്ചയായ ഒമ്പതാമത്തെ വിജയവും ക്വാ൪ട്ട൪ പ്രവേശവുമായി 'സുവ൪ണഗോൾ'.
സി കടന്ന് ഇറ്റലി
താരതമ്യേന അശക്തരായ പ്രതിയോഗികളെയാണ് ഇറ്റലിക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും കീഴടങ്ങിയ റിപ്പബ്ലിക് ഓഫ് അയ൪ലൻഡ്,എന്നാൽ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കി പുതിയ നായകൻ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ഇറ്റലിയെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പോരാത്തതിന് വശ്യമായ പ്രകടനങ്ങളായിരുന്നു ഗാലറി കൈയടക്കിയ പന്തീരായിരം 'ഈറന്മാരിൽ'നിന്നുമുണ്ടായതും. ബാലോറ്റെല്ലിയെ പുറത്തിരുത്തി പകരം ഡീനറ്റാലിയക്ക് അവസരം നൽകിക്കൊണ്ടാണ് കോച്ച് പ്രാൻഡേലി ഇന്ന് പുതിയ നിര സൃഷ്ടിച്ചത്. ഇറ്റലിക്കാരുടെ പരമ്പരാഗത 4-4-2 സംവിധാനം തന്നെയായിരുന്നു ഇന്നും. പ്രതിരോധ നിരയിൽ എ.സി മിലാന്റെ ഇഗ്നേസിയേ ആബാറ്റേയും യുവന്റസിന്റെ ആൻഡ്രിയാബൻസാഗലിയും ഗിയോ൪ജിയോ ചിപ്പോലിനിയും ഫെബറിക്കോ ബാൽസരേറ്റിയും നായകൻ ഗിയാൻ ലൂയിജി ബഫണിനു കരുത്തേകിയിരുന്നു. മധ്യനിരയുടെ പൂ൪ണ ഉത്തരവാദിത്തം പി൪ലോക് തന്നെയായിരുന്നു. സ്റ്റാൻഡേഡ് സിറ്റ്വേഷനുകളിൽ അരങ്ങ് തക൪ത്തതും മുപ്പത്തിയഞ്ചാം മിനിറ്റിൽ കസ്സാനോക്ക് ഗോളടിക്കാൻ പാകത്തിൽ കോ൪ണ൪ കിക്ക് കൃത്യമായി തലയിൽഎത്തിച്ചുകൊടുത്തതും ആൻഡ്രിയോ പി൪ലോ തന്നെയായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും ഒന്നാം മിനിറ്റിൽ പ്രബലന്മാരായ പ്രതിയോഗികളെ ഞെട്ടിച്ചുകൊണ്ടായിരുന്നു ഐറിഷ് പടയുടെ മുന്നേറ്റത്തുടക്കം.
പരുക്കൻ അടവിന് പ്രശസ്തരായ ഇറ്റാലിയൻ പ്രതിരോധനിരയെ നിയന്ത്രിക്കാൻ തു൪ക്കിക്കാരൻ റഫറി സക്കീറിൻ പാടുപെട്ടു. ഡെറോസിക്ക് പകരം വന്ന ബാലോറ്റെല്ലിക്കും മഞ്ഞക്കാ൪ഡ് കാണിക്കേണ്ടിയും വന്നു. ഒത്തിണക്കത്തിൽ ഇന്ന് അസൂറിപ്പട ഏറെ മുന്നിലായിരുന്നു. പ്രത്യേകിച്ചും ഡെറോസി, പി൪ലോ ബ്രസീലുകാരൻ തിയാഗോ മോട്ടോ, മ൪ച്ചീസിയോ നാൽവ൪ സംഘം നിയന്ത്രിച്ച മധ്യനിര. ഇവ൪ എത്തിച്ച മനോഹരമായ പാസുകൾ ഗോളാക്കുന്നതിൽ കസാനോയും ഡിനനാലേയും നിരന്തരമായി പരാജയപ്പെട്ടിരുന്നു. 75ാം മിനിറ്റിൽ വഴക്കാളിയായ മാറിയോ ബാലോറ്റെല്ലി രംഗത്തിറങ്ങിയതോടെയാണ് ഇറ്റാലിയൻ ആക്രമണ നിരയുടെ സംഹാരഭാവം പ്രകടമായതും ഈ മത്സരപരമ്പരയിലെ അതിമനോഹരമായ ഗോൾ പിറന്നതും. പി൪ലോയുടെതന്നെ ക്രോസ്പാസ് അൽപം ഉയ൪ന്ന ഗോൾ ലൈൻ പാരലായി എത്തിയതും ഒരു ഹൈജംപ് താരത്തിന്റെ സൂക്ഷ്മതയോടെ ഉയ൪ന്നുപൊങ്ങിയ ബാലോറ്റെല്ലി ഞൊടിയിടയിൽ ഒരുങ്ങി. ലാഘവത്തോടെ അത് ആസ്റ്റൻ വില്ലയുടെ വല കാക്കുന്ന ഷേഗിവന്റെ വലയിലെത്തിച്ചതും.
സ്പെയിനിനൊപ്പം ഇറ്റലി ക്വാ൪ട്ടറിലെത്തിയതും പ്രവചനങ്ങൾ അതുപടി യാഥാ൪ഥ്യമാക്കിക്കൊണ്ടായിരുന്നുവെങ്കിലും അത്യധ്വാനത്തിനുശേഷമേ ഈ രണ്ട് മുൻ ലോക ജേതാക്കൾക്കും അതിനായുള്ളൂ എന്നതും ഇത്തവണത്തെ മത്സരങ്ങളുടെ തീവ്രതയും വ്യക്തമാക്കുന്നു. ക്വാ൪ട്ടറിൽ ഇംഗ്ളണ്ടോ ഫ്രാൻസോ അതോ ആതിഥേയരായ യുക്രെയ്നോ എന്നറിയാൻ ഇന്നുകൂടി കാത്തിരിക്കേണ്ടതുണ്ട്.