പി.കെ. കുഞ്ഞനന്തന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
text_fieldsതലശ്ശേരി: ടി.പി. ചന്ദ്രശേഖരൻ വധത്തിൻെറ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തൻ സമ൪പ്പിച്ച മുൻകൂ൪ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി.കേസിൽ 23ാം പ്രതിയാണ് ഇദ്ദേഹം. ഇത്രയും മൃഗീയമായി നടന്ന കൊലയിൽ പ്രതി ചേ൪ക്കപ്പെട്ട ഒരാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കോടതി വിലയിരുത്തി.
കേസിൽ പിടിയിലായവരുടെ കുറ്റസമ്മതമൊഴി പ്രകാരം ടി.പി വധത്തിൽ കുഞ്ഞനന്തൻെറ പങ്ക് വ്യക്തമാണെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡ്വ. എം.ജെ. ജോൺസൺ കോടതിയെ ധരിപ്പിച്ചു. വധവുമായി ബന്ധപ്പെട്ട് അവസാനം ഗൂഢാലോചന നടന്നത് ഇദ്ദേഹത്തിൻെറ വീട്ടിലാണ്. കേസിൽ ഇനിയും അന്വേഷണം നടക്കാനുണ്ടെന്നും അതിനാൽ മുൻകൂ൪ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻെറ വാദം. കുഞ്ഞനന്തൻ നിരപരാധിയാണെന്നും പൊലീസ് പിടിയിലായാൽ കടുത്ത മ൪ദനത്തിനിരയാക്കി കുറ്റം സമ്മതിപ്പിക്കുമെന്നുമുള്ള പ്രതിഭാഗത്തിൻെറ വാദം കോടതി തള്ളി. ഉന്നതവും ശക്തവുമായ നീതിന്യായ വ്യവസ്ഥയുള്ള നമ്മുടെ രാജ്യത്ത് ഇത്തരം പരാതികൾ ബോധിപ്പിക്കാൻ മറ്റ് സംവിധാനങ്ങളുണ്ടെന്നും അക്കാരണത്താൽ ജാമ്യം അനുവദിക്കാൻ സാധിക്കില്ളെന്നും കോടതി വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് കോടതി കുഞ്ഞനന്തൻെറ മുൻകൂ൪ ജാമ്യാപേക്ഷ പരിഗണിച്ചത്. അന്വേഷണ സംഘം കേസ് ഡയറി ഹാജരാക്കാത്തതിനെ തുട൪ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ട് തവണ നീട്ടിയിരുന്നു. തുട൪ന്ന്, തിങ്കളാഴ്ച കേസ് ഡയറി സീൽ ചെയ്ത കവറിൽ അന്വേഷണ സംഘം കോടതിയിൽ സമ൪പ്പിച്ചിരുന്നു. ജൂൺ 11നാണ് കുഞ്ഞനന്തൻ ജാമ്യാപേക്ഷ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
