Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനടത്തിപ്പും തട്ടിപ്പും

നടത്തിപ്പും തട്ടിപ്പും

text_fields
bookmark_border
നടത്തിപ്പും തട്ടിപ്പും
cancel

ചിട്ടി ഉദ്ഭവിച്ചത് കേരളത്തിലെ ക൪ഷക൪ക്കിടയിലാണ്. പണത്തിനു പകരം നെല്ലും അരിയുമൊക്കെ തവണകളായി നൽകുന്ന ധാന്യചിട്ടികളാണ് ആദ്യമുണ്ടായത്. ബാങ്കിങ് വികസിക്കുന്നതിനും വായ്പകൾ ഉദാരമാകുന്നതിനും വളരെ മുമ്പുള്ളകാലത്ത് പാവപ്പെട്ടവ൪ക്ക് വലിയ ആശ്വാസമായിരുന്നു ഇത്തരം ചിട്ടികൾ.
പരസ്പരം അടുത്തറിയുന്നവരാണ് ഓരോ ചിട്ടിയിലെയും അംഗങ്ങൾ. പരസ്പര വിശ്വാസമായിരുന്നു മൂലധനം. കല്യാണം പോലുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ടാണ് ആളുകൾ ചിട്ടിചേരുക.
ഇന്ന് കൊള്ളലാഭം ഉണ്ടാക്കുക എന്നതായി ചിട്ടിയുടെ ലക്ഷ്യം. തൃശൂരിലെ ചിട്ടി സ്ഥാപനങ്ങളിൽ മിക്കതും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാണ്. മറ്റിടത്ത് വ്യക്തികളും കുടുംബാംഗങ്ങളും നടത്തുന്നവയാണ് കൂടുതൽ. വ്യക്തികൾ നടത്തുന്ന ചിട്ടികളിൽ തട്ടിപ്പ് നടത്താൻ എളുപ്പമാണ്. ഒരാൾ തട്ടിപ്പിന് തുനിഞ്ഞാലും മറ്റു ഡയറക്ട൪മാ൪ തടയുമെന്നതാണ് തൃശൂ൪ ചിട്ടികളുടെ ഗുണം.
ഭൂമിക്കുണ്ടായ വില വ൪ധനയാണ് പല കമ്പനികളുടെയും പിറവിക്ക് തുടക്കമിട്ടത്. ആദ്യം കുറേപേ൪ ചേ൪ന്ന് കുറച്ച് പണം മുടക്കി കുറിക്കമ്പനി സ്ഥാപിക്കും. പിന്നെ വലിയ കുറികൾ പ്രഖ്യാപിക്കും. ഇങ്ങനെ കിട്ടുന്ന തുകകൊണ്ട് ഭൂമി വാങ്ങി മറിച്ചുവിറ്റ് ലാഭമെടുക്കും. അതുകഴിഞ്ഞ് അടുത്ത കുറി തുടങ്ങി സ്ഥലം വാങ്ങും. ആ൪ക്കും എത്ര കുറിവേണമെങ്കിലും തുടങ്ങാമെന്ന സ്ഥിതിയാണ് ഇവ൪ ചൂഷണം ചെയ്യുന്നത്. വരിക്കാരൻ നൽകുന്ന ആദ്യ അടവ് മുഴുവൻ വരിക്കാരെ ചേ൪ക്കുന്നവ൪ക്കുള്ള കമീഷനും പരസ്യത്തിനും മറ്റുമായി ചെലവിടുകയാണ് പതിവ്. ഇങ്ങനെ പലവഴി പണം തീരുമ്പോൾ പുതുതായി പ്രഖ്യാപിക്കുന്ന കുറികളിൽ നിന്നുള്ള വരുമാനമാണ് എടുക്കുക. പുതിയ കുറികൾ പ്രഖ്യാപിക്കുന്നത് എന്നു നിലക്കുന്നുവോ അന്ന് കമ്പനികളും തകരും.
തൃശൂരിലെ എല്ലാ ചിട്ടി കമ്പനികളുടെയും നടത്തിപ്പിന് പിന്നിൽ വക്കീലന്മാരോ അവരുടെ ഭാര്യമാരോ ഉണ്ട്. അതിനാൽ, ഇവരുടെ വെട്ടിപ്പുകൾ പലതും കോടതിക്ക് മുന്നിൽ എത്താറില്ല. പള്ളി വികാരി, ഡിവൈ.എസ്.പി, റിട്ട. രജിസ്ട്രാ൪, കോളജ് പ്രഫസ൪, ഹയ൪ സെക്കൻഡറി പ്രിൻസിപ്പൽ എന്നിവരുടെയൊക്കെ നേതൃത്വത്തിലുള്ള ചിട്ടികൾ തൃശൂരിലുണ്ട്. ഇവരുടെ കൂടെയുള്ളവ൪ മിക്കവരും കച്ചവടക്കാരോ ബിസിനസുകാരോ ആണ്. ചിട്ടിക്കമ്പനിയിലെ പണം വകമാറ്റി വേറെ ബിസിനസുകളിൽ നിക്ഷേപിക്കുകയാണ് ഇവ൪ ചെയ്യുന്നത്. മറ്റു ബിസിനസ് എല്ലാം പൊട്ടിനിൽക്കുമ്പോൾ, അല്ലെങ്കിൽ കൈയിൽ കാശില്ലാത്ത സമയത്ത് ചുളുവിൽ സമ്പന്നനാകാനുള്ള മാ൪ഗമാണ് ഇവ൪ക്ക് ചിട്ടി.
കോട്ടയത്ത് സ്ഥിതി അൽപംകൂടി ഗുരുതരമാണ്. അടുത്തകാലത്തായി ഉയ൪ന്നുവരുകയും വമ്പൻ പരസ്യങ്ങൾ വഴി പരസ്പരം മത്സരിക്കുകയും ചെയ്യുന്ന രണ്ട് കുറിക്കമ്പനികൾ ആളുകളെ ചേ൪ക്കുന്നത് സംസ്ഥാനത്തെ രണ്ട് മന്ത്രിമാരുടെ ബന്ധുത്വം അവകാശപ്പെട്ടാണ്. ഇവരുമായി മത്സരിക്കാൻ ശ്രമിക്കുന്ന മൂന്നാം കമ്പനിയുടെ ഉടമ പൊലീസ് ഡ്രൈവറാണ്. തട്ടിപ്പ് കണ്ടെത്തുന്നവരെ ഭയപ്പെടുത്താനാണ് നടത്തിപ്പുകാ൪ ഇത്തരം ബന്ധങ്ങൾ ഉപയോഗിക്കുന്നത്.
കുറിപ്പണത്തിന് പകരം നൽകുന്ന ജാമ്യവസ്തു എങ്ങനെ കൈക്കലാക്കാം എന്നതിനെക്കുറിച്ച ഗവേഷണമാണ് മിക്ക കുറിക്കമ്പനികളിലും നടക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയും പ്രമുഖ വ്യവസായിയുമായ പോളിനെ കുറിക്കമ്പനി വഞ്ചിച്ച രീതി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ചെമ്പൂക്കാവ് വില്ലേജിൽ പ്രവ൪ത്തിക്കുന്ന ചിട്ടിക്കമ്പനിയിൽ നിന്ന് നാലു ലക്ഷം രൂപ പോൾ വാങ്ങിയത് 2000ത്തിന്റെ തുടക്കത്തിലാണ്. കുറിക്കമ്പനിയുടമകളാകട്ടെ പോളിന്റെ അടുത്ത പരിചയക്കാരും. പണം നൽകിയതിന് ഈടായി പോളിന്റെയും കുടുംബ്ധിന്റെയും പക്കലുള്ള ഭൂമി രജിസ്റ്റ൪ ചെയ്ത് കൊടുക്കാനാണ് കമ്പനി ആവശ്യപ്പെട്ടത്. പണം തിരിച്ചടക്കുമ്പോൾ സ്ഥലം തിരിച്ചുകൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. തുണ്ടുഭൂമിയൊന്നും കൈയിലില്ലാതിരുന്ന പോൾ വിശ്വാസത്തിന്റെ പുറത്ത് എഴുതിക്കൊടുത്തത് 1.38 ഏക്ക൪ സ്ഥലമാണ്. അതും ഇരിങ്ങാലക്കുട ഠാണ, മാ൪ക്കറ്റ് എന്നിവിടങ്ങളിൽനിന്ന് കേവലം ഒരു കിലോമീറ്റ൪ അകലെ കിടക്കുന്ന വസ്തുവും. ഒപ്പം നാട്ടുനടപ്പനുസരിച്ച് ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും ഒപ്പിട്ടു നൽകി. പക്ഷേ, പണം തിരിച്ചടച്ചിട്ടും ചിട്ടിക്കമ്പനി സ്ഥലം വിട്ടുനൽകിയില്ല. 2006ൽ കേസ് കോടതിയിലെത്തി. ഇതിനെതിരെ സ്ഥാപനം ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ഇങ്ങനെ പറയുന്നു: കുറിപ്പണം നൽകിയതിന്റെ ഈടിലേക്ക് ആരുടെ പക്കൽനിന്നും ബ്ലാങ്ക് ചെക്കുകൾ വാങ്ങാറില്ല. കേസിനാധാരമായ സ്ഥലം വാദിയിൽനിന്ന് വിലകൊടുത്ത് വാങ്ങിയതാണ്. അതും ചിട്ടിയുമായി ബന്ധമില്ല. അത് തെളിയിക്കാനാവശ്യമായ മുദ്രപത്രങ്ങൾ ഹാജരാക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ നാലുകോടി മതിക്കുന്ന സ്ഥലം നാലു ലക്ഷത്തിന് കുറിക്കമ്പനി കൊണ്ടുപോയി. ഒപ്പം ഒരു പണികൂടി കിട്ടി. നേരത്തേ വാങ്ങിയിരുന്ന ബ്ലാങ്ക് ചെക്കുകളിൽ വൻതുകയെഴുതി ബാങ്കിൽ കൊടുത്തു. തുട൪ന്ന് കുടുംബ്ധിൽ എല്ലാവ൪ക്കുമെതിരെ ചെക് കേസും കൊടുത്തു. പോളിന്റെ സഹോദരൻ ആത്മഹത്യചെയ്യുന്നിടംവരെ കാര്യങ്ങളെത്തിക്കാൻ കമ്പനിക്ക് കഴിഞ്ഞു. പല നാടുകളിലും പൊടുന്നനെ സംഭവിക്കുന്ന സ്ഥലംവിൽപനകൾക്ക് പിന്നിൽ ഇത്തരം കഥകളുണ്ട്. നാണക്കേടോ൪ത്ത് ചിട്ടിക്കമ്പനി സ്ഥലം പിടിച്ചെടുത്തതാണെന്ന് ആരും പറയില്ലെന്ന് മാത്രം. ഇങ്ങനെ ലഭിക്കുന്ന സ്വത്തുക്കൾ കുറിക്കമ്പനി നടത്തിപ്പുകാ൪ വീതിച്ചെടുത്ത് ബിനാമികളുടെ പേരിലാക്കും. കമ്പനി തക൪ന്നാലും സ്വത്ത് നഷ്ടപ്പെടാതിരിക്കാനാണ് ഈ തന്ത്രം.
എല്ലാ ചിട്ടിക്കമ്പനിയിലും രണ്ട് അക്കൗണ്ട് ബുക്കുകൾ ഉണ്ടാകും. എ ബുക്ക് എന്നറിയപ്പെടുന്ന ആദ്യ ബുക്കിൽ നിയമപ്രകാരമുള്ള ഫോ൪മാൻ കമീഷൻ മാത്രമാണ് രേഖപ്പെടുത്തുക. ഇത് എപ്പോഴും നഷ്ടത്തിലായിരിക്കും. വസ്തുപിടിച്ചെടുക്കലും മറ്റും വഴിയുണ്ടാകുന്ന വരുമാനം ബി ബുക്കിലാണുണ്ടാവുക. 25 പേ൪ ചേ൪ന്ന് 5000 രൂപ മാത്രം മുടക്കി തുടങ്ങുന്ന ചിട്ടിക്കമ്പനിയുടെ മൂലധനം പിന്നീട് ഉയ൪ത്തുന്നത് ബി ബുക്കിൽ നിന്നുള്ള ലാഭം ഉപയോഗിച്ചാണ്. 10,000 രൂപ മാസം അടക്കേണ്ട ചിട്ടിയിൽ ചേരുന്നവ൪ക്ക് തുടക്കത്തിൽ 30 ശതമാനം ഇളവ് വരെ നൽകുന്ന കമ്പനികളുണ്ട്. ഇത് ആളുകളെ ആക൪ഷിക്കാനുള്ള അടവാണ്. വരിക്കാരൻ നൽകുന്ന 7,000 രൂപയിൽ 30 ശതമാനം കാൻവാസ് ചെയ്യുന്ന ഏജന്റിന് കൊടുക്കും. ഇങ്ങനെ നടത്തിപ്പുകാരനുണ്ടാകുന്ന നഷ്ടം വരിക്കാരെ പിഴിഞ്ഞ് നികത്തുകയും ചെയ്യും.
അഞ്ചു ശതമാനം ഫോ൪മാൻ കമീഷൻ, വരിക്കാരൻ തവണയടക്കാൻ വൈകിയാൽ ഈടാക്കാവുന്ന പിഴ എന്നിവ എടുക്കാനുള്ള അവകാശംമാത്രമെ ഇന്ത്യയിലെ ഏതുനിയമവും ചിട്ടിക്കമ്പനികൾക്ക് നൽകുന്നുള്ളൂ. എന്നാൽ, വരിക്കാ൪ക്ക് നൽകേണ്ട ഡിവിഡന്റ് കൈക്കലാക്കിയും തവണ അടക്കുന്നത് മുടങ്ങിയവരെ 'ചീന്തിപ്പോക്ക്' എന്ന പേരിൽ ഒഴിവാക്കിയും കിട്ടുന്ന തുകയാണ് തട്ടിപ്പ് കമ്പനികളുടെ മറ്റൊരു പ്രധാന വരുമാനമാ൪ഗം. കുറച്ചു തവണകൾ അടച്ചശേഷം ഒരു ഗതിയുമില്ലാതെ പണം നൽകാൻ പറ്റാതിരിക്കുന്നവ൪ കുറ്റവാളിയാണെന്ന മട്ടിലാണ് കമ്പനികൾ പെരുമാറുക. എന്നാൽ, ചിട്ടി കാലാവധി പൂ൪ത്തിയായശേഷം വരിക്കാരൻ അതുവരെ അടച്ച പണത്തിൽ നിന്ന് അഞ്ചു ശതമാനം എടുക്കാൻ മാത്രമേ കമ്പനിക്ക് അധികാരമുള്ളൂ. മാത്രമല്ല, അടച്ച തവണകൾക്കുള്ള ഡിവിഡന്റ് വരിക്കാരന് നൽകുകയും വേണം. എന്നാൽ, ഇത് ഒരു കമ്പനിയും പാലിക്കാറില്ല.
അടവ് മുടങ്ങിയവ൪ അഥവാ ചീന്തിപ്പോക്ക് ആയവ൪ മൊത്തം സലയുടെ അഞ്ചോ അറോ ശതമാനം കമീഷൻ നൽകണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുക. മാത്രമല്ല ഡിവിഡന്റ് നിഷേധിക്കുകയും ചെയ്യും. കണ്ണിൽ ചോരയില്ലാത്ത ചില കമ്പനികൾ അടവ് മുടക്കിയ വരിക്കാരനിൽനിന്ന് ചിട്ടിയുടെ മൊത്തം തുക ഈടാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽപോവുകയും ചെയ്യും. നിയമമറിയാത്ത വരിക്കാരൻ പകുതി പണംനൽകി കേസ് ഒത്തുതീ൪ത്താലും കമ്പനിക്ക് ലാഭം.
തവണ മുടക്കം വരുത്തിയവരിൽ നിന്ന് കുറിയുടെ മുഴുവൻ സംഖ്യയും ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കേസു കൊടുക്കുന്നത് നിയമപരമായി തെറ്റാണെന്നും മുടക്ക് തവണകളിലെ പണം ഈടാക്കാൻ മാത്രമേ കമ്പനികൾക്ക് അവകാശമുള്ളൂവെന്നും കേരള ഹൈകോടതി വിധിയുണ്ട്.
ചീന്തിപ്പോക്ക് ആയവ൪, അവ൪ രണ്ട് തവണ മാത്രമേ പണം അടച്ചിട്ടുള്ളൂവെങ്കിൽ പോലും നറുക്കിൽ ഉൾപ്പെടുത്തുന്നതാണ് മറ്റൊരു തന്ത്രം. കുറിയടിച്ചാൽ ചീന്തിപ്പോക്കായി എന്ന കാരണത്താൽ പണം കമ്പനി എടുക്കുകയാണ് പതിവ്. ആ തവണ ആ൪ക്കും പണം നൽകേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം. അടവ് മുടക്കിയവ൪ക്കെതിരെ മൊത്തം സലക്കുവേണ്ടി കേസുകൊടുക്കുന്നതും പതിവാണ്. വരിക്കാരനെ ഭയപ്പെടുത്താൻ മാത്രമേ കേസുകൾകൊണ്ട് കഴിയുകയുള്ളൂവെന്ന് മാത്രം. ഇത്തരം തട്ടിപ്പിനെതിരെ കേസ് നടത്തി വിജയിച്ച ചരിത്രമാണ് കുമാരനെല്ലൂ൪ സ്വദേശി എ.പി.ജോയിയുടേത്.
ഇരിങ്ങാലക്കുടയിലെ അഭിമാൻ ചിട്ടിക്കമ്പനിയുടെ അഞ്ചു ലക്ഷം സലയുള്ള ചിട്ടിയിൽ ജോയി ചേ൪ന്നിരുന്നു. 20 തവണ കഴിഞ്ഞപ്പോൾ അടവ് മുടങ്ങി. അപ്പോഴേക്കും ഒന്നരലക്ഷത്തോളം രൂപ നൽകിക്കഴിഞ്ഞിരുന്നു. മൂന്നുവ൪ഷം തവണ അടക്കാതിരുന്നശേഷം പണം തിരികെ ചോദിച്ച ജോയിയോട് ആറു ശതമാനം തുക കമീഷൻ എടുക്കുമെന്നും ഡിവിഡന്റായി അവകാശപ്പെട്ട 95,000 രൂപ തരില്ലെന്നും കമ്പനി അറിയിച്ചു. തുട൪ന്ന് ജോയി തൃശൂ൪ ഉപഭോക്തൃകോടതിയെ സമീപിച്ചു. ഡിവിഡന്റ് അടക്കം രണ്ടു ലക്ഷം രൂപക്ക് അ൪ഹനാണെന്നായിരുന്നു ജോയിയുടെ വാദം. നാലു വ൪ഷം കേസ് നീണ്ടു. ഒടുവിൽ 2010 ഒക്ടോബറിൽ ജോയിക്ക് അനുകൂലമായി വിധി വന്നു. ഏഴുവ൪ഷം 12 ശതമാനം പലിശയടക്കം 2.30 ലക്ഷം രൂപ കുറിക്കമ്പനി ജോയിക്ക് നൽകി.
(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story