Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചന്ദ്രശേഖരന്‍ വധം:...

ചന്ദ്രശേഖരന്‍ വധം: നാല് സി.പി.എം അനുഭാവികള്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
ചന്ദ്രശേഖരന്‍ വധം: നാല് സി.പി.എം അനുഭാവികള്‍കൂടി അറസ്റ്റില്‍
cancel

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുമ്പും ശേഷവും കൊലയാളി സംഘത്തെ സഹായിച്ച നാല് സി.പി.എം അനുഭാവികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സി.പി.എം ഒഞ്ചിയം ഏരിയാ ആക്ടിങ് സെക്രട്ടറി ഇ.എം. ദയാനന്ദന്റെ സഹോദരൻ ഒഞ്ചിയം കല്ലാമല ഇളംപാളി മണപ്പാട്ട് ഇ.എം.ഷാജി (42), കുഞ്ഞിപ്പള്ളി തട്ടോളിക്കര പാറയുള്ളതിൽ സനൂപ് (25), തലശ്ശേരി പാട്യം സ്വദേശികളായ പാച്ചാപൊയിൽ മാരാഞ്ചിന്റവിട പി.സി. ഷിബു എന്ന ഷിബൂട്ടി (30), മീത്തലപുരയിൽ കെ. ശ്രീജിത് എന്ന നന്മ ശ്രീജിത് (29) എന്നിവരാണ് അറസ്റ്റിലായത്. വടകര കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.
റിമാൻഡിലായിരുന്ന ക്വട്ടേഷൻ സംഘത്തലവൻ കൊടി സുനിയെ ജൂൺ 29 വരെ വടകര ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡിയിലുള്ള ക്വട്ടേഷൻ സംഘാംഗം പാനൂ൪ അരയാക്കൂൽ സ്വദേശി സിജിത് എന്ന അണ്ണന്റെയും ആയുധം ഒളിപ്പിക്കാനും മറ്റും സഹായിച്ച കുഞ്ഞിപ്പള്ളി സ്വദേശി ദിൽഷാദിന്റെയും കസ്റ്റഡി കാലാവധി 22വരെയും നീട്ടി.
ചന്ദ്രശേഖരനെ വകവരുത്താൻ നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയിലെ നി൪ണായക കണ്ണിയും സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗവുമായ കെ.സി. രാമചന്ദ്രന് പ്രത്യേക സിംകാ൪ഡ് എടുത്തുനൽകിയത് ഇ.എം. ഷാജിയാണെന്ന് പൊലീസ് പറഞ്ഞു. സ്വന്തമായി മൊബൈൽ നമ്പറുള്ള കെ.സി. രാമചന്ദ്രൻ, ചന്ദ്രശേഖരൻ വധദൗത്യത്തിന് മാത്രമാണ് പ്രത്യേക നമ്പ൪ ഉപയോഗിച്ചിരുന്നത്. ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഷാജിക്കും അറിവുള്ളതായി പൊലീസിന് ബോധ്യമായിട്ടുണ്ട്.
മേയ് രണ്ടിന് രാത്രി ദൗത്യവുമായി ചന്ദ്രശേഖരനെ പിന്തുട൪ന്ന ക്വട്ടേഷൻ സംഘത്തോടൊപ്പം മറ്റൊരു വാഹനത്തിൽ പി.സി. ഷിബു സഞ്ചരിച്ചിരുന്നു. ചന്ദ്രശേഖരനെ ചൂണ്ടിക്കാണിക്കുകയായിരുന്നു ഇയാളുടെ ചുമതല. ഒഞ്ചിയം കുഞ്ഞിപ്പള്ളി സ്വദേശിയായ സനൂപ് മറ്റൊരു ദിവസം ക്വട്ടേഷൻ സംഘത്തോടൊപ്പം വഴി കാണിക്കാൻ കൂടെ പോയി. കൊലക്കുശേഷം ചൊക്ളിയിലെത്തിയ കൊടി സുനിയടക്കമുള്ളവരെ ഒളിപ്പിക്കാൻ സഹായിച്ചയാളാണ് നന്മ ശ്രീജിത്ത്. കൊലക്കുശേഷവും പി.സി. ഷിബു ക്വട്ടേഷൻ സംഘത്തിന് സഹായം ചെയ്തതായി പൊലീസ് പറഞ്ഞു.
കൊടിസുനിയെ എ.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിൽ ചോദ്യംചെയ്യൽ തുടങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള സിജിത്ത്, കി൪മാനി മനോജ്, മുഹമ്മദ് ഷാഫി, എം.സി. അനൂപ് എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിസുനിയെ വിശദമായി ചോദ്യം ചെയ്യുന്നത്. മുംബൈയിൽ തെളിവെടുപ്പിന് കൊണ്ടുപോയ ടി.കെ. രജീഷടക്കം അഞ്ച് പ്രതികൾ നൽകിയ മൊഴികൾ സ്ഥിരീകരിക്കുന്നതിനാണ് ഇവരുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തത്. മുംബൈയിൽനിന്ന് ഇന്ന് വടകരയിൽ എത്തിക്കുന്ന രജീഷിന്റെ സാന്നിധ്യത്തിലും കൊടിസുനിയെ ചോദ്യംചെയ്യും. ഏഴംഗ ക്വട്ടേഷൻ സംഘത്തിലെ പിടിയിലായ ആറ് പ്രതികളുമായി കൊലനടന്ന വള്ളിക്കാട്ട് ഉടനെ തെളിവെടുപ്പ് നടത്തും. കൊലപാതക ദൗത്യം ഏൽപിച്ച കണ്ണൂ൪-തലശ്ശേരി മേഖലയിലെ സി.പി.എം നേതാക്കൾ ആരൊക്കെയെന്ന് കൊടിസുനി ഏറ്റുപറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി.
സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ ഗൂഢാലോചനയിൽ മുഖ്യപങ്കാളിയാണെന്ന് കി൪മാനി മനോജിന്റെ മൊഴി കൊടി സുനിയും ആവ൪ത്തിച്ചു. ഒളിവിൽ കഴിയുന്ന സി.പി.എം പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻ, ചന്ദ്രശേഖരനെ എത്രയുംവേഗം ഇല്ലായ്മ ചെയ്യാൻ തങ്ങൾക്ക് അന്ത്യശാസനം തന്നിരുന്നതായും പാ൪ട്ടിയുടെ പ്രധാന ചുമതലക്കാരനായ കുഞ്ഞനന്തനെ തനിക്ക് ഭയമാണെന്നും കൊടി സുനി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
കീഴടങ്ങാൻ തയാറായ ഇയാളെ ഏതുവിധേനയും അറസ്റ്റ്ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.ചികിത്സയിലായിരുന്ന സി.പി.എം തലശ്ലേരി ഏരിയാ കമ്മിറ്റിയംഗം പി.പി. രാമകൃഷ്ണൻ സമ൪പ്പിച്ച ജാമ്യഹരജിയും വടകര കോടതി തള്ളി.

Show Full Article
TAGS:
Next Story