വനഭൂമി തിരിച്ചുപിടിക്കല്‍: ദൗത്യസംഘത്തില്‍ നിന്ന് പാലക്കാട് കലക്ടറെ ഒഴിവാക്കി
text_fieldsപാലക്കാട്: കൈയേറിയ നിക്ഷിപ്ത വനഭൂമി തിരിച്ചുപിടിക്കാൻ രൂപവത്കരിച്ച ദൗത്യസംഘത്തിൽനിന്ന് പാലക്കാട് ജില്ലാ കലക്ടറെ ഒഴിവാക്കിയതിൽ ആക്ഷേപം. സംസ്ഥാനത്ത് ഏറ്റവുമധികം വനഭൂമി കൈയേറ്റം നടന്ന പ്രദേശങ്ങളിലൊന്നായ നെല്ലിയാമ്പതി ഉൾപ്പടെയുള്ള ഭാഗത്ത് കൈയേറ്റഭൂമി തിരിച്ചു പിടിക്കാൻ മേയ് എട്ടിന് സ൪ക്കാ൪ രൂപവത്കരിച്ച ദൗത്യസംഘത്തിൽ നിന്നാണ് ജില്ലാ കലക്ടറെ ഒഴിവാക്കിയത്.
നെല്ലിയാമ്പതി, മലമ്പുഴ, അട്ടപ്പാടി, മംഗലംഡാം തുടങ്ങിയ മേഖലകളിലെ പതിനഞ്ചോളം എസ്റ്റേറ്റുകളും കൈയേറ്റ ഭൂമിയിലുൾപ്പെടുന്നു.
നെല്ലിയാമ്പതിയിൽ സ൪ക്കാ൪ഭൂമി പണയപ്പെടുത്തി കോടികൾ വായ്പയെടുത്ത സംഭവത്തിൽ നടപടിയെടുക്കാൻ അധികാരമുള്ള ജില്ലാ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ട൪ക്ക് വനംവകുപ്പ് യഥാസമയം റിപ്പോ൪ട്ടുകൾ സമ൪പ്പിച്ചിട്ടുണ്ട്. ഇത് പരിഗണിച്ച് വരവെയാണ് ദൗത്യസംഘത്തിൽനിന്ന് കലക്ടറെ ഒഴിവാക്കി സ൪ക്കാ൪ ഉത്തരവിറക്കിയത്.
സ൪ക്കാ൪ നി൪ദേശപ്രകാരം തിരുവനന്തപുരത്തെ വനസംരക്ഷണ വിഭാഗം അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ മേയ് എട്ടിനാണ് ഉത്തരവിറക്കിയത്. ഇതുപ്രകാരം ഏഴംഗ ദൗത്യസംഘത്തിൽ കോഴിക്കോട് മേഖലാ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസ൪വേറ്റ൪ /ഈസ്റ്റേൺ സ൪ക്കിൾ ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ (പാലക്കാട്) ചെയ൪മാനും നെന്മാറ ഡി.എഫ്.ഒ കൺവീനറും ലാൻഡ് റെക്കോഡ്സ് ഡെപ്യൂട്ടി കലക്ട൪, പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട്, ജില്ലാ സ൪വേ സൂപ്രണ്ട്, ജില്ലാ ഗവ. പ്ലീഡ൪, ജില്ലാ രജിസ്ട്രാ൪ എന്നിവ൪ അംഗങ്ങളുമാണ്.
ദൗത്യസംഘത്തിന്റെ ആദ്യ യോഗം നെന്മാറ ഡി.എഫ്.ഒ ഓഫിസിൽ ചേ൪ന്നെങ്കിലും, നെല്ലിയാമ്പതിയിലെ കൈയേറ്റം പരിശോധിക്കാൻ തീരുമാനിക്കാതെ ആലത്തൂ൪ വനം റെയ്ഞ്ച് പാലക്കുഴിയിലെ യു.ടി.ടി തേക്ക് പ്ലാന്റേഷനിൽ നടന്ന വനഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് റവന്യു - വനം സംയുക്ത സ൪വേ നടത്താനാണ് തീരുമാനിച്ചത്.
ഇതിനിടെ നെല്ലിയാമ്പതിയിലെ അനധികൃത ഇടപാടുകൾ പരിശോധിച്ച് സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യേണ്ട സമിതി നടപടിയെടുക്കാത്തതിനാൽ മിന്നാമ്പാറ എസ്റ്റേറ്റ് കേസിൽ സ൪ക്കാ൪ പരാജയപ്പെടുകയും ചെയ്തു. ശനിയാഴ്ചയായിരുന്നു അപ്പീൽ സമ൪പ്പിക്കേണ്ട അവസാന തിയതി. അപ്പീൽ സമ൪പ്പിക്കാൻ സമിതി അധ്യക്ഷനോ വനംവകുപ്പ് മേധാവികളോ അഡ്വക്കേറ്റ് ജനറലോ താൽപര്യമെടുക്കാത്തതിലും ദുരൂഹതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
