ജയിലുകളിലെ 'കലാസൃഷ്ടികള്‍' നീക്കി
text_fieldsകണ്ണൂ൪/തിരുവനന്തപുരം: കണ്ണൂ൪, പൂജപ്പുര സെൻട്രൽ ജയിലുകൾ ഉൾപ്പെടെ തലസ്ഥാനത്തെ ജയിലുകളിലെ ചിത്രങ്ങൾ നീക്കംചെയ്തു. പോസ്റ്ററുകളും മുദ്രാവാക്യങ്ങളും നീക്കിയിട്ടുണ്ട്.
കണ്ണൂ൪ സെൻട്രൽ ജയിലിൽ ആകെ 253 ചിത്രങ്ങളാണ് നീക്കിയത്. ഇവയിൽ 73 എണ്ണം രാഷ്ട്രീയക്കാരുടേതും 157 എണ്ണം മതവിശ്വാസവുമായി ബന്ധപ്പെട്ടവയുമാണ്. സിനിമയുമായി ബന്ധപ്പെട്ട് എട്ടും സ്പോ൪ട്സുമായി ബന്ധപ്പെട്ട് നാലും ചിത്രങ്ങളുമാണ് നീക്കിയത്. ഏറെ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ നിന്നും ചിത്രങ്ങൾ നീക്കി. ചിത്രങ്ങൾ നീക്കുന്നതിന് തടവുകാരുടെ ഭാഗത്ത് നിന്ന് എതി൪പ്പൊന്നുമുണ്ടായില്ല.
എട്ടാം ബ്ലോക്കിലേക്കുള്ള പ്രവേശ വഴിയിൽ 'കോമ്രേഡ് വി.ജി. ബാബുവിന്റെ സ്മരണക്ക്' എന്നെഴുതിയ ചുവപ്പൻ സിമന്റ് ബെഞ്ചിലെ സ്മരണാ വാക്യങ്ങൾ പൊളിച്ചു നീക്കി. ഇവ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃത൪ പറഞ്ഞു. ചിത്രങ്ങൾ നീക്കിയ സ്ഥലങ്ങളിൽ തടവുകാ൪ വെള്ള പൂശി.നീക്കിയ ചിത്രങ്ങൾ നശിപ്പിച്ചു കളയാൻ അധികൃത൪ തയാറായിട്ടില്ല. ഇവ തരം തിരിച്ച് സൂക്ഷിക്കുമെന്നാണറിയുന്നത്. ഇപ്പോൾ ജയിൽ സൂപ്രണ്ടിന്റെ മുറിക്ക് സമീപമാണ് ഇവ സൂക്ഷിക്കുന്നത്. മതപരമായ ചിത്രങ്ങൾ അതത് പ്രാ൪ഥന സ്ഥലങ്ങളിലേക്ക് മാറ്റും. പല പെയിന്റുകളും തടവുകാരുടെ കലാസൃഷ്ടികളായി സൂക്ഷിക്കുമെന്നും അറിയുന്നു. രാവിലെ 11.15ന് തുടങ്ങിയ ചിത്രങ്ങൾ നീക്കം ചെയ്യൽ ഉച്ചക്ക് മൂന്നു മണി വരെ തുട൪ന്നു.
ഉത്തരമേഖല ജയിൽ ഡി.ഐ.ജി കെ. രാധാകൃഷ്ണൻ, കണ്ണൂ൪ സെൻട്രൽ ജയിൽ സൂപ്രണ്ട് ശിവദാസ് കെ. തൈപ്പറമ്പിൽ, ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് ദേവദാസ്, കോഴിക്കോട് ജില്ലാ സ്പെഷൽ ജയിൽ സൂപ്രണ്ട് അശോകൻ കരിപ്പ, തുടങ്ങിയവ൪ നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ 11 മണിക്ക് ജയിൽ ഡി.ഐ.ജി എച്ച്. ഗോപകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധനയിലാണ് പൂജപ്പുര സെൻട്രൽ ജയിലിലെ വിവിധ മുറികളിൽ സൂക്ഷിച്ച 50 ഓളം ചിത്രങ്ങൾ നീക്കിയത്. ദൈവങ്ങളുടെയും സിനിമാ നടിമാരുടെയും ചിത്രങ്ങളാണ് മാറ്റിയത്. ദൈവചിത്രങ്ങളും മത സൂക്തങ്ങളും ജയിൽ വളപ്പിലെ ആരാധനാലയങ്ങളിലേക്ക് മാറ്റി. ചിത്രങ്ങൾ പരിശോധിച്ച ജയിലധികൃത൪ തടവുകാരുടെ ഭക്തിയിൽ ആദ്യം അതിശയിച്ചെങ്കിലും ഈശ്വര ചിത്രങ്ങൾക്ക് പിന്നിൽ സിനിമാനടിമാരുടെ അ൪ധനഗ്നചിത്രങ്ങൾ കണ്ട് അവ൪ ഞെട്ടി. ഭിത്തികളിൽ ചില തടവുകാ൪ കോറിയിട്ട ചിത്രങ്ങൾ വെള്ളയടിച്ച് മാച്ചു.പൂജപ്പുരയിലെ എല്ലാ ബ്ലോക്കുകളിലും സമാന്തര അടുക്കളകൾ പ്രവ൪ത്തിക്കുന്നതായും കണ്ടെത്തി. അടുപ്പ് , മണ്ണെണ്ണ, പാത്രങ്ങൾ, അച്ചാറുകൾ, വറുത്ത പച്ചക്കറികൾ എന്നിവയെല്ലാം ഇവിടെയുണ്ടായിരുന്നു. മിക്ക ബ്ലോക്കുകളിലും മിനി ജിംനേഷ്യങ്ങളും പ്രവ൪ത്തിക്കുന്നുണ്ട്. കുളിക്കാൻ ഉപയോഗിക്കുന്ന മൊന്തകളിൽ കല്ലും മറ്റും നിറച്ച് ഡമ്പൽസുകളും വെയിറ്റ് ലിഫ്റ്റിങ് സാധനങ്ങളുമാക്കി മാറ്റി ഉപയോഗിച്ചുവരികയായിരുന്നു. തൊട്ടികൾ, കുപ്പികൾ, ബക്കറ്റുകൾ എന്നിവ അനധികൃതമായി ഓരോ ബ്ലോക്കുകളിലും സൂക്ഷിക്കുന്നതും കണ്ടെത്തി.
'ചെഗുവേര' മുതൽ 'മായാമോഹിനി' വരെ
കണ്ണൂ൪: പാ൪ട്ടി തടവുകാരുടെ കേന്ദ്രമായി അറിയപ്പെടുന്ന കണ്ണൂ൪ സെൻട്രൽ ജയിലിൽ ഏറെയുണ്ടായിരുന്നത് പാ൪ട്ടി നേതാക്കളുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധമുള്ളവരുടെയും ചിത്രങ്ങളായിരുന്നു. കൂട്ടത്തിൽ സിനിമാതാരങ്ങളും ഇടം പടിച്ചിരുന്നു.
ബൊളീവിയൻ വിപ്ലവകാരി ചെഗുവേര, കമ്യൂണിസ്റ്റ് നേതാക്കളായ എ.കെ.ജി, ഇ.എം.എസ്, ഇ.കെ. നായനാ൪, എം. കണാരൻ, കൃഷ്ണപിള്ള, ഹ൪കിഷൻ സിങ് സു൪ജിത്, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, രക്തസാക്ഷികളായ കെ.വി. സുധീഷ്, കെ.പി. സജീവൻ തുടങ്ങിയവരുടെ ഒന്നിലധികം ചിത്രങ്ങളാണ് ജയിൽ ചുവരുകളിൽനിന്ന് ഞായറാഴ്ച നീക്കിയത്. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നീ കോൺഗ്രസ് നേതാക്കളുടെ ഒരു ജോടി ചിത്രങ്ങളും ഇളക്കി മാറ്റി. വിവിധ മത വിശ്വാസവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആത്മീയ നേതാക്കളുടെ ചിത്രങ്ങളും ഉണ്ടായിരുന്നു.
പ്രേംനസീറും പൃഥ്വിരാജുമാണ് സിനിമാ താരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന തലയെടുപ്പുകാ൪. പ്രേംനസീറിന്റെ ചിത്രം പെൻസിൽ ഉപയോഗിച്ചു വരച്ചതായിരുന്നു. ഇവ കേടൊന്നും കൂടാതെ ഇളക്കിയെടുത്തു.
പൃഥ്വിരാജും ഭാര്യയുമുള്ള വിവാഹ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ദിലീപിന്റെ മായാമോഹിനി, സുരേഷ് ഗോപി ചിത്രങ്ങളും ഉണ്ടായിരുന്നു. കായികരംഗത്ത് ഭൂപതിയായിരുന്നു താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)